Advertisment

'ദ കേരള സ്റ്റോറി'യെ കണ്ണുമടച്ചാക്ഷേപിക്കുന്നവർ എന്തുകൊണ്ട് ചിത്രം കാണാൻ ശ്രമിക്കുന്നില്ല ? കോടതി ഈ ചിത്രം കണ്ടിട്ടാണ് പ്രദർശനാനുമതി നൽകിയത് എന്നത് കാണാതെ പോകരുത്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഇന്നലെ 'ദ കേരള സ്‌റ്റോറി' സിനിമ കണ്ടു.

കൊല്ലം കാർണിവൽ സിനിമാസിലാണ് കണ്ടത്. ഹൗസ് ഫുൾ ആയിരുന്നു. സിനിമ കാണാൻ ഏതാനും മുസ്‌ലിം മതസ്ഥരുമുണ്ടായിരുന്നു.

സാധാരണ സിനിമകൾ കാണുമ്പോഴുള്ള ആരാധകരുടെ കയ്യടികളോ പൊട്ടിച്ചിരികളോ കരച്ചിലുകളോ ഒന്നും തിയേറ്ററിൽ ഉണ്ടായില്ല. ഹിന്ദിയിലാണ് ചിത്രമെങ്കിലും സംഭാഷണം പലതും മലയാളത്തിലാണ്. പിന്‍ ഡ്രോപ്പ്‌ സൈലൻസായിരുന്നു സിനിമ തുടങ്ങിഅവസാനം വരെ.

ഇനി ചിത്രത്തിലേക്ക് വരാം...

ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകരർ പ്രണയ കെണിയിൽപ്പെടുത്തി മതം മാറ്റം ചെയ്‌ത്‌ സിറിയ വഴി അഫ്ഗാനിസ്ഥാനിലേക്ക് കടത്തിക്കൊണ്ടുപോയ ഫാത്തിമ എന്ന ശാലിനി ഉണ്ണികൃഷ്‍ണനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.

സിനിമയിൽ ഇസ്‌ലാം മതത്തിനെതിരായി എന്തെങ്കിലും പരാമർശങ്ങളോ വിമർശനങ്ങളോ ഏതുമില്ല. ഞാൻ അങ്ങനെയല്ല കരുതിയിരുന്നത്. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ചിത്രത്തിനെതിരേ ശക്തമായി രംഗത്തുവന്നപ്പോൾ മുസ്‌ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന എന്തെങ്കിലുമൊക്കെ ചിത്രത്തിലുണ്ടാകുമെന്ന് സ്വാഭാവികമായും കരുതിയിരുന്നു. എൻ്റെ ആ ധാരണ പൂർണ്ണമായും അസ്ഥാനത്തായി. ചിത്രത്തിൽ അത്തരത്തിലുള്ള ഒന്നുമില്ല.

ചിത്രത്തിൻറെ ടൈറ്റിലിൽ വ്യക്തമാക്കുന്നതുപോലെ കേരളത്തിൽ നടന്ന ചില സംഭവങ്ങളെ അടിസ്ഥാ നമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആ സംഭവമാണ് ഐ എസിലേക്ക് പെൺകുട്ടികളെ മതം മാറ്റി കടത്തിക്കൊണ്ടുപോയി എന്ന യാഥാർഥ്യം.

ഭീകരവാദത്തിനായി അന്യമതസ്ഥരായ പെൺകുട്ടികളെ മതം മാറ്റി സിറിയയിലെത്തിക്കുന്നതും അവിടെനിന്നും അഫ്ഗാനിസ്ഥാനിലെ ഇറാൻ ബോർഡറിനടുത്തുള്ള ഐ എസ് ക്യാമ്പുകളിൽ എത്തപ്പെട്ടശേഷം ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ അവരനുഭവിക്കുന്ന യാതനകളൂം പീഡനങ്ങളും ഒടുവിൽ ഐ എസ് പോരാളികളുടെ ലൈംഗിക അടിമകളാകാൻ അവർ വിധിക്കപ്പെടുന്നതുമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം.

നേഴ്‌സിംഗ് വിദ്യാർഥിനികളായ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെയും രണ്ടു ഹിന്ദു പെൺകുട്ടികളെയും ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. ഇവരെ ഐ എസ് ഏജന്റുമാർ പ്രണയം നടിച്ചു വലയിലാക്കി മതം മാറ്റുന്നതും രണ്ടാം പാദത്തിൽ തുടർന്നുള്ള അവരുടെ ദയനീയ ജീവിതവുമാണ് വിവരിക്കുന്നത്.

ഈ ചിത്രത്തിൽ മതപരമായ ഒരുവിധ അധിക്ഷേപവും എനിക്ക് കാണാൻ കഴിഞ്ഞില്ല. ഭീകരസംഘങ്ങൾ മെനയുന്ന ചതിയിലും കെണിയിലും പെട്ട് പെൺകുട്ടികൾ അവരുടെ വിലപ്പെട്ട ജീവിതം തകർത്തുകളയരുതെന്ന അവബോധം ഉളവാക്കുന്ന ചിത്രമായാണ് 'ദി കേരളാ സ്റ്റോറി' എനിക്ക് തോന്നിയത്. മാത്രവുമല്ല ചിത്രം കണ്ടുകൊണ്ടിരുന്ന മുസ്ലീങ്ങളായ വ്യക്തികൾ ഒരു പ്രതിഷേധവും പ്രകടിപ്പിച്ചുകണ്ടില്ല. ചിത്രത്തിൻറെ അവസാനം പീഡിതരായ പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും വീഡിയോ സന്ദേശവും ഭീകരത യ്‌ക്കെതിരേ പോരാടാനുള്ള എല്ലാവരുടെയും ദൃഢസങ്കൽപ്പവും കാണികൾ എഴുന്നേറ്റുനിന്ന് നിറകയ്യടി കളോടെയാണ് സ്വീകരിച്ചത്.

എന്തുകൊണ്ട് ഈ ചിത്രം കാണാതെ മുഖ്യമന്ത്രിയും,പ്രതിപക്ഷനേതാവും കാന്തപുരവുമെല്ലാം ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ടു ? ചിത്രത്തെ കണ്ണുമടച്ചാക്ഷേപിക്കുന്നവർ എന്തുകൊണ്ട് ചിത്രം കാണാൻ ശ്രമിക്കുന്നില്ല ? ബഹു. ഹൈക്കോടതിയും,സുപ്രീം കോടതിയും ഈ ചിത്രം കണ്ടിട്ടാണ് പ്രദർശനാനുമതി നൽ കിയത് എന്നത് കാണാതെ പോകരുത് ? കോടതിയിൽ വിശ്വാസമുണ്ടെന്ന് ഇവരൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നത് തട്ടിപ്പാണോ ? ഇത് ശുദ്ധ കാപട്യമല്ലേ ? ഇല്ലാത്ത കാര്യം ഉണ്ടെന്ന് മുൻകൂട്ടി പ്രവചിച്ച് പുകമറ സൃഷ്ടിച്ച് ജനത്തെ ഒന്നാകെ വിഡ്ഢിയാക്കുകയാണ് ഇവരൊക്കെ ചെയ്യുന്നതെന്ന് പറയാതെ വയ്യ.

തീവ്രവാദത്തിനു മതമില്ല എന്നല്ലേ എല്ലാവരും പറയുന്നത് ? ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനക്ക് ഇസ്‌ലാം മതവുമായി യാതൊരു ബന്ധവുമില്ലെന്നും അവരുടെ ചെയ്തികൾ ഇസ്ലാമികമല്ലെന്നും ഉന്നതരായ പല ഇസ്ലാമിക പണ്ഡിതരും വ്യക്തമാക്കിയിട്ടുള്ളതാണ്. അവർ നടത്തുന്ന അമാനവീയ കൃത്യങ്ങൾ അപലപിച്ചി ട്ടുമുണ്ട്. സമൂഹത്തിലെ ഒരു ചെറുവിഭാഗം ഇവരോട് അനുഭവം പ്രകടിപ്പിക്കുന്നവരാകാം. അതുകൊണ്ടല്ലേ ഇവർക്ക് ഫണ്ടിംഗ് ലഭിക്കുന്നത് ?

ഹിന്ദുക്കളുമായോ ക്രിസ്ത്യാനികളുമായോ ബന്ധപ്പെട്ട ഏതു വിഷയം ആരുയർത്തിയാലും അതുടനേ സംഘ പരിവാർ അജണ്ട, അല്ലെങ്കിൽ ക്രിസങ്കി കുപ്രചരണം എന്ന തരത്തിൽ കണ്ണടച്ചുള്ള അധിക്ഷേപമാണ് നാനാ ഭാഗത്തുനിന്നും നടക്കുന്നത്. സംസ്ഥാനഭരണകൂടവും ഇതുതന്നെയാണ് ചെയ്യുന്നത് ? ദി കേരള സ്റ്റോറി വിഷയത്തിൽ ഈ പ്രചാരണം ശുദ്ധ അസംബന്ധമാണ്. സമൂഹത്തിന് തീർത്തും അപകടകരമായ തീവ്രവാദത്തിനെതിരായാണ് ഈ ചിത്രം നിലകൊള്ളുന്നത്. ലൗ ജിഹാദ് ,റോമിയോ ജിഹാദ് എന്നുള്ള പ്ര യോഗങ്ങൾ പോലും ചിത്രത്തിലില്ല. ആദ്യം ഈ ചിത്രം കാണുക, എന്നിട്ട് വിമർശിച്ചാൽ നമുക്ക് മനസ്സിലാകും.

ഞാനും ഒരന്യമതസ്ഥയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. 41 കൊല്ലമായി ഒരു ബുദ്ധിമുട്ടുമില്ല. മക്കളും കൊച്ചുമക്കളുമായി ജീവിക്കുന്നു..എന്നെപ്പോലെതന്നെ എൻ്റെ നാട്ടിൽ ഹിന്ദു, ക്രിസ്ത്യൻ- മുസ്‌ലിം മത ങ്ങളിൽനിന്നും ആണും പെണ്ണുമായി അന്യമത സ്ഥരായ ആളുകളെ വിവാഹം കഴിച്ചവർ പലരുണ്ട്. അവർക്കൊന്നും ജീവിതത്തിൽ പറയത്തക്ക ഒരു ബുദ്ധിമുട്ടുമുള്ളതായി ഞാൻ കണ്ടിട്ടില്ല.

മതം മാറി വിവാഹം കഴിക്കുന്നത് നമ്മുടെ നാട്ടിൽ പുത്തരിയല്ല. പ്രായപൂർത്തിയായ ആണിനും പെണ്ണിനും അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യവും സംരക്ഷണവും നമ്മുടെ ഭരണഘടന നൽകുന്നുമുണ്ട്. പരസ്പ്പരം ഇഷ്ട പ്പെട്ടവർ ഒന്നിച്ചുജീവിക്കട്ടെ. ഇടുങ്ങിയ ചിന്തകൾ നമ്മെ വിട്ടകലട്ടെ.

എന്നാൽ പ്രണയം നടിച്ചു കെണിയിൽപ്പെടുത്തി മതം മാറ്റി, വിവാഹം കഴിച്ച് ഭീകരപ്രവർത്തനത്തിനു ചാവേറുകളോ ലൈംഗിക അടിമകളോ ആകാൻ പരമസാധുക്കളായ നമ്മുടെ പെൺകുട്ടികളെ ബലിയാടുകളാക്കുന്നത് നഖശിഖാന്തം എതിർക്കപ്പെടേണ്ടതുതന്നെയാണ്. ആ വിഷയം ആധാരമാക്കി നിർമ്മിക്കപ്പെട്ട സിനിമയെ എതിർക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമെന്നല്ലേ വിശ്വസിക്കനാകൂ ? ഇതാണാവസ്ഥയെങ്കിൽ ഭാവിയിൽ കേരളം ഒരു ഇസ്ലാമിക തീവ്രവാദ സംസ്ഥാനമായി മാറുമെന്ന വി എസി ന്റെ പ്രസ്താവനയും ഈ സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്.

അഫഗാനിസ്ഥാനിലെ ജയിലുകളിൽ ഇപ്പോഴും മലയാളത്തിലുയർന്നുകേൾക്കുന്ന ഉള്ളുരുകും തേങ്ങലുകൾ മലയാളി മനസ്സുകളിലെ എക്കലത്തെയും നൊമ്പരം തന്നെയാണ്.

-പ്രകാശ് നായര്‍ മേലില

Advertisment