ധോണിയെ കൈയ്യൊഴിഞ്ഞു ബിസിസിഐ ? പഴയ പ്രതാപമല്ലാതെ ടീമിനായി ഒന്നും ചെയ്യാനാകുന്നില്ല. വിരമിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി ഉന്നതര്‍ രംഗത്ത്

സ്പോര്‍ട്സ് ഡസ്ക്
Monday, July 15, 2019

മുംബൈ∙ ലോകകപ്പ് ക്രിക്കറ്റിൽനിന്ന് വിരമിക്കാന്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ബിസിസിഐ. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ടൂർണമെന്റ് ഉൾപ്പെടെ മുൻനിർത്തി പുതിയ ടീമിനെ വാർത്തെടുക്കാനുള്ള തയാറെടുപ്പുകളിലേക്കു കടക്കും മുൻപ് ധോണിയെ ഒഴിവാക്കാനാണ് നീക്കം.

ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങൾ ഉള്‍പ്പെടെ നിരവധി റിക്കാര്‍ഡ് നേട്ടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനെങ്കിലും നിലവില്‍ അദ്ദേഹത്തിനു മികച്ച ഫോം നിലനിര്‍ത്താന്‍ സാധിക്കുന്നില്ല എന്ന പരാതി ശക്തമാണ്.

ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിലെ പ്രധാനികൾ ഉൾപ്പെടെ ധോണിയുടെ തീരുമാനത്തിന് കാക്കുകയാണ് .

ഇന്ത്യൻ ടീമംഗമെന്ന നിലയിൽ ധോണിയുടെ കരിയർ ഏറെക്കുറെ അവസാനിച്ചുവെന്ന വിലയിരുത്തലാണ് ബിസിസിഐയ്ക്ക് ഉള്‍പ്പെടെയുള്ളത് . ലോകകപ്പിൽ ശരാശരി പ്രകടനമായിരുന്നു ധോണിയുടേതെങ്കിലും ടീമിനെ വിജയത്തിലേയ്ക്ക് നയിക്കാന്‍ ഉതകുംവിധം ഉയരാന്‍ കഴിയാതെ പോയത് വിമർശന വിധേയമായിരുന്നു. സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള താരങ്ങൾ ധോണിയെ വിമർശിക്കുന്നതിനും ലോകകപ്പ് വേദിയായി.

വിരമിക്കാൻ സമയമായി എന്നറിയിക്കുന്നതിന് ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ‘ഇതുവരെയും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കാത്തതിൽ ഞങ്ങൾക്ക് അദ്ഭുതമുണ്ട്. ഋഷഭ് പന്തിനെപ്പോലുള്ള താരങ്ങൾ അവസരം കാത്തിരിക്കുകയാണ്.

ലോകകപ്പിൽ നമ്മൾ കണ്ടതുപോലെ ധോണി ഇപ്പോൾ ആ പഴയ ബെസ്റ്റ് ഫിനിഷറല്ല. ആറ്, ഏഴ് നമ്പറുകളിലാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതെങ്കിലും ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് റൺനിരക്കുയർത്താൻ അദ്ദേഹത്തിന് ഇപ്പോൾ സാധിക്കുന്നില്ല.

ചില മൽസരങ്ങളിൽ ടീമിന്റെ സാധ്യതയെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്തു’ എന്നാണ് ബിസിസിഐ പ്രതിനിധികളെ ഉദ്ധരിച്ച് എന്ന നിലയില്‍ ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോർട്ടുകള്‍.

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ ധോണിയെ ഉൾപ്പെടുത്താനുള്ള സാധ്യതയും ബിസിസിഐ കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നു . 2020 ലോകകപ്പ് പദ്ധതികളിൽ ധോണിക്ക് ഇടമുണ്ടെന്ന് കരുതാനാകില്ല .

അതേസമയം ലോകകപ്പിനുശേഷം ടീമിൽ തുടരണമോ എന്ന കാര്യത്തിൽ ധോണിയും ടീം മാനേജ്മെന്റും തമ്മിൽ സംഭാഷണം നടന്നിട്ടുപോലുമില്ലെന്നാണ് വിവരം.

×