Advertisment

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഒരു സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് അവര്‍ തന്നെ തെളിയിക്കുകയാണ്. ഒരിക്കലും സഹപ്രവര്‍ത്തകരായ പെണ്‍കുട്ടികളോട് പറയരുതാത്ത രീതിയിലുള്ള വര്‍ത്തമാനമാണ് മുസ്ലിം ലീഗിന്‍റെ വിദ്യാര്‍ത്ഥിവിഭാഗമായ എം.എസ്.എഫിന്റെ നേതാക്കള്‍ പറഞ്ഞതായി പരാതി ഉയര്‍ന്നത്! മുസ്ലിം ലീഗിലും വിദ്യാര്‍ത്ഥി വിഭാഗത്തിലും സ്ത്രീകളോട് എന്താണിത്ര അവഗണന ? -മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

New Update

publive-image

Advertisment

സ്ത്രീക്കും സ്ത്രീത്വത്തിനുമെതിരെ ഒരു പാര്‍ട്ടി നിലപാടു കടുപ്പിക്കുകയാണ്. സ്ത്രീ എക്കാലത്തും അടുക്കളയുടെ മൂലയില്‍ ഒതുങ്ങിക്കഴിയേണ്ടവളാണെന്ന ചിന്താഗതി രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും പിന്തുടരുന്ന പാര്‍ട്ടി. കേരളം പോലൊരു സംസ്ഥാനത്ത് ഒരു പാര്‍ട്ടിയും ഒരു വ്യക്തിയും പരസ്യമായോ രഹസ്യമായോ കാണിക്കാത്ത സ്ത്രീവിരുദ്ധത പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്ന പാര്‍ട്ടി. അതെ. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഒരു സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് അവര്‍ തന്നെ തെളിയിക്കുകയാണ്.

ഒരിക്കലും സഹപ്രവര്‍ത്തകരായ പെണ്‍കുട്ടികളോട് പറയരുതാത്ത രീതിയിലുള്ള വര്‍ത്തമാനമാണ് മുസ്ലിം ലീഗിന്‍റെ വിദ്യാര്‍ത്ഥിവിഭാഗമായ എം.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീര്‍ മുതുപറമ്പ്, ജില്ലാ സെക്രട്ടറി പി. അബ്ദുള്‍ വഹാബ് എന്നിവര്‍ സ്വന്തം സഹപ്രവര്‍ത്തകരോടു പറഞ്ഞതായി പരാതി ഉയര്‍ന്നത്. വനിതാ നേതാക്കള്‍ ലീഗ് നേതൃത്വം മുമ്പാകെ പരാതി നല്‍കിയിട്ടും പരിഗണിക്കാതിരുന്നതിനേതുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. അതാവട്ടെ ലീഗ് നേതൃത്വത്തെ ചൊടിപ്പിക്കുയും ചെയ്തു. പ്രതികാരമായി ലീഗ് എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചിരിക്കുകയാണ്. എം.എസ്.എഫ് നേതാക്കളോട് വിശദീകരണം ചോദിക്കുകയും ചെയ്തു.

മുസ്ലിം ലീഗിലും വിദ്യാര്‍ത്ഥി വിഭാഗത്തിലും സ്ത്രീകളോട് എന്താണിത്ര അവഗണന ? മുസ്ലിം സമുദായത്തില്‍ സ്ത്രീകള്‍ക്കെതിരെ പണ്ടു മുതലേ അവഗണന നിലനില്‍ക്കുന്നുണ്ട്. അത് മുസ്ലിം ലീഗിലും തുടര്‍ന്നു. എന്നാല്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ അപേക്ഷിച്ച് പ്രവര്‍ത്തന മികവുള്ള നേതാക്കള്‍ നയിക്കുന്ന എം.എസ്.എഫില്‍ ഇതുപോലൊരു വിവാദം അസംഭവ്യമാണെന്നാണു കരുതിയിരുന്നത്. വളരെ വിശാലമായ കാഴ്ചപ്പാടും തികച്ചും ആധുനികമായ ചിന്താഗതിയും വച്ചുപുലര്‍ത്തേണ്ട വിദ്യാര്‍ത്ഥി-യുവജന നേതാക്കള്‍ക്ക് സ്വന്തം സഹപ്രവര്‍ത്തകരോട് എങ്ങനെ ഇതുപോലെ കാടന്‍ രീതിയില്‍ സംസാരിക്കാനും പെരുമാറാനും കഴിയുന്നു ?

എം.എസ്.എഫ് നേതാക്കള്‍ സഹപ്രവര്‍ത്തകരായിവനിതാ വിദ്യാര്‍ത്ഥി നേതാക്കളോട് കടുത്തതും നീചവുമായ ഭാഷയില്‍ സംസാരിച്ചത് അങ്ങേയറ്റം ഹീനമായിപ്പോയി എന്നുതന്നെയാണ് കേരള സമൂഹത്തിന്‍റെ പൊതുവായ അഭിപ്രായം. പെണ്‍കുട്ടികള്‍ സംസ്ഥാന വനിതാ കമ്മീഷനു പരാതി നല്‍കുകയും വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ അന്വേഷണം തുടങ്ങുകയും ചെയ്തു. ലീഗ് നേതൃത്വമാകട്ടെ, ഇതിന്‍റെ പേരില്‍ ഹരിതയ്ക്കെതിരായിത്തന്നെ നീങ്ങി നിലപാടു കടുപ്പിച്ച് പെണ്‍കുട്ടികളെ പ്രതിക്കൂട്ടില്‍ത്തന്നെ നിര്‍ത്തി.

ഇതൊന്നും കണ്ട് തെല്ലും കുലുങ്ങിയിട്ടില്ല ഹരിതയിലെ പെണ്‍കുട്ടികള്‍. അവര്‍ ധീരതയോടെ നിലയുറപ്പിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലൂടെ കേരളത്തിലെ, പ്രത്യേകിച്ച് മലബാര്‍ പ്രദേശത്തെ, മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസരംഗത്തു നേ‍ടിയെടുത്ത വളര്‍ച്ച വളരെ വലുതാണ്. 2001 - 2004 കാലത്ത് എ.കെ ആന്‍റണി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് മുസ്ലിം പെണ്‍കുട്ടികളുടെ ഈ മുന്നേറ്റം പ്രകടമായത്. ആ ഘട്ടത്തില്‍ കേരളത്തിലെ മെഡിക്കല്‍-എഞ്ചിനിയറിങ്ങ് പ്രവേഷന പരീക്ഷകളിലൊക്കെയും മലപ്പുറത്തെ പെണ്‍കുട്ടികള്‍ ഏറെ തിളക്കത്തോടെ മുന്നേറി.

അതുവരെ തിരുവനന്തപുരത്തും പരിസരങ്ങളിലും മാത്രം എത്തിപ്പെട്ടിരുന്ന റാങ്കുകള്‍ മലപ്പുറത്തേക്കു നീളുകയായിരുന്നു. മുസ്ലിം ലീഗിലെ നാലകത്തു സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ എഞ്ചിനീയറിങ്ങ്-മെഡിക്കല്‍ പ്രവേശന പരീക്ഷകളിലെ റാങ്കുകള്‍ മലപ്പുറത്തു ചെന്നതില്‍ ദുരൂഹതയുണ്ടെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ സംശയത്തിന്‍റെ കരിനിഴല്‍ വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അന്ന് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നിലോഫര്‍ എന്ന പെണ്‍കുട്ടി എം.ബി.ബി.എസും പോസ്റ്റ് ഗ്രാജ്വേറ്റ് പഠനവും കഴിഞ്ഞ് ഇന്ന് അബുദാബിയില്‍ മുതിര്‍ന്ന ഡോക്ടറാണ്.

അതില്‍പിന്നെ എത്രയെത്ര മുസ്ലിം പെണ്‍കുട്ടികള്‍ പഠിച്ചു മിടുക്കരായി ഉന്നത പഠനത്തിലേയ്ക്കു കടന്നു ? എത്രയെത്ര റാങ്കുകള്‍ മലബാറിലെ പെണ്‍കുട്ടികളെ തേടിയെത്തി ? ഇന്നിപ്പോള്‍ മലബാര്‍ പ്രദേശത്ത് മുസ്ലിം സമുദായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് വളരെ വളരെ മുമ്പില്‍. ബാല്യവിവാഹം തുടങ്ങി പലതരം അവഗണനകള്‍ സഹിച്ചുകൊണ്ടിരുന്ന മുസ്ലിം പെണ്‍കുട്ടികള്‍ വാശിയോടെ പഠിച്ച് വന്‍ വിജയങ്ങള്‍ നേടി മുന്നേറുകയായിരുന്നു. അവഗണനകള്‍ക്കെതിരെയൊരു യുദ്ധ പ്രഖ്യാപനമായിരുന്നു അത്. സ്വന്തം സ്വാതന്ത്ര്യത്തിനും സ്വന്തം ഉയര്‍ച്ചയ്ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടമായിരുന്നു അവര്‍ക്കു വിദ്യാഭ്യാസം.

എം.എസ്.എഫിലെ ഹരിത വിഭാഗത്തിലെ പെണ്‍കുട്ടികളും വാശിയോടെ മുന്നേറുന്നത് സ്വന്തം സ്വാതന്ത്ര്യവും അവകാശവും നിലനിര്‍ത്താന്‍ തന്നെയാണ്. ആക്ഷേപിച്ചും അധിക്ഷേപിച്ചും അവരെ തടയാനാകില്ലെന്ന് എം.എസ്.എഫിന്‍റെ ആണ്‍ നേതാക്കളോര്‍ക്കണം. ലീഗ് നേതൃത്വവും ഇതു മനസിലാക്കണം.

ഒരു സംഘടനയില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ സ്വന്തം സഹോദരിമാര്‍ തന്നെയെന്ന് ആണ്‍കുട്ടികള്‍ക്കു കണക്കാക്കാനാകാത്തത് തികച്ചും കഷ്ടം തന്നെയാണ്. സാമൂഹ്യമായും രാഷ്ട്രീയമായും അതു ഗുരുതരമായ തെറ്റുതന്നെ. നിയമപ്രകാരവും അത് തെറ്റാണ്. ലീഗ് നേതൃത്വം ഈ ആണ്‍ നേതാക്കളെ രക്ഷിച്ചാലും കേരള സമൂഹത്തിന്‍റെ മുമ്പില്‍ അവര്‍ സ്ത്രീകളെയും സ്ത്രീത്വത്തെയും അവഹേളിച്ചവരായി നില്‍ക്കുന്നു.

muslim league msf
Advertisment