ഉഡായിപ്പ് ഓണ്‍ലൈന്‍ ചാനലുകള്‍ തനിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കുന്നു; ആരോപണവുമായി മുകേഷ്

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, March 22, 2021

കൊല്ലം: മറ്റ് മണ്ഡലങ്ങളിലുള്ളവര്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നെന്ന ആരോപണവുമായി കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മുകേഷ്. മത്സ്യത്തൊഴിലാളികളായ രണ്ട് വനിതകളെക്കുറിച്ചാണ് മുകേഷിന്റെ ആരോപണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഇവരിലൊരു വനിത യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയ്ക്ക് നേരത്തെ സീറ്റ് നിഷേധിച്ചെന്ന വാര്‍ത്തകളെത്തുടര്‍ന്ന് ഡിസിസി ഓഫീസില്‍ പ്രതിഷേധവുമായെത്തിയിരുന്നു. ബിന്ദുകൃഷ്ണയ്ക്ക് പിന്തുണയര്‍പ്പിക്കുന്നതിനൊപ്പം സിറ്റിംഗ് എംഎല്‍എയായ മുകേഷിനെ മണ്ഡലത്തില്‍ കാണാനില്ലെന്ന വിമര്‍ശനവും ഇവര്‍ ഉയര്‍ത്തിയിരുന്നു.

ജസീന്ത ചവറ എന്ന ഈ വനിത ചവറ മണ്ഡലത്തിലെ വോട്ടറാണെന്നും ഇവരുടെ ഒപ്പം ഉണ്ടായിരുന്ന വനിത ഇവരുടെ സഹോദരി ആണെന്നും മുകേഷ് പറയുന്നു. ഇരുവരെയും ഉപയോഗിച്ച് ഉഡായിപ്പ് ഓണ്‍ലൈന്‍ ചാനലുകള്‍ തനിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കുകയാണെന്നും മുകേഷ് ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

എന്നാല്‍ വിമര്‍ശനം ഉന്നയിക്കുന്നവരെ ഭൂമിശസ്ത്ര സാങ്കേതികകള്‍ പറഞ്ഞ് കുറ്റപ്പെടുത്തുന്നതിന് പകരം അവരുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് എംഎല്‍എ മറുപടി പറയേണ്ടതെന്ന് കോണ്‍ഗ്രസിന്റെ മറുപടി. എതിരഭിപ്രായം പറയുന്ന സ്ത്രീകളെ ഇടതുപക്ഷം വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

×