മുസ്ലീം ലീഗിന്റെ രാഷ്ട്രീയവും സംഘടനാ സംവിധാനവും എന്താണെന്ന്‌ മനസിലാക്കാന്‍ കെമാല്‍ പാഷയുടെ കോട്ടിന്റെ പിന്‍ബലം പോര’; മോഹങ്ങള്‍ നടക്കാതെ പോയതിന് ഇങ്ങോട്ട് കുതിരകയറരുത്‌; കെമാല്‍ പാഷയുടെ ആരോപണം തള്ളി മുസ്ലീം ലീഗ്

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, May 13, 2021

കൊച്ചി: വര്‍ഗീയ പാര്‍ട്ടിയെന്ന മുന്‍ ഹൈക്കോടതി ജഡ്ജി ബി കെമാല്‍ പാഷയുടെ ആരോപണം തള്ളി മുസ്ലീം ലീഗ്. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന പ്രസ്താവനയായി മാത്രമെ കേരളീയ സമൂഹം കാണുന്നുള്ളൂവെന്ന് ലീഗ് സംയുക്ത പ്രവ്‌സ്താവനയില്‍ പറയുന്നു.

മുസ്ലീം ലീഗിന്റെ രാഷ്ട്രീയവും സംഘടനാ സംവിധാനവും എന്താമെന്ന് മനസിലാക്കാന്‍ അദ്ദേഹത്തിന്റെ കോട്ടിന്റെ പിന്‍ബലം മാത്രം പോരെന്നും എറണാകുളം ജില്ലയില്‍ മുസ്ലീം ലീഗിന്റെ സീറ്റിംഗ് സീറ്റായ കളമശ്ശേരിയില്‍ യുഡിഎഫില്‍ ആര് മത്സരിക്കും എന്ന് തീരുമാനിക്കാനുള്ള അധികാരം ലീഗിന് മാത്രമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയം തനിക്ക് അനുകൂലമായില്ലെന്നതിന്റെ പേരില്‍ ലീഗിനെ വര്‍ഗീയ കക്ഷിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. മലയാളിയുടെ മതേതര മനസ്സിനെ വേദനിപ്പിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് കെമാല്‍ പാഷക്ക് വസ്തുതകള്‍ നിരത്തി ആരോപിക്കാന്‍ കഴിയുമോയെന്നും അവര്‍ ചോദിക്കുന്നു.

ഏഴരപതിറ്റാണ്ടിന്റെ മുസ്ലീം ലീഗ് രാഷ്ട്രീയത്തെ ഇഴകീറി പരിശോധിച്ച് വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം കെമാല്‍പാഷമാര്‍ വളര്‍ന്നിട്ടില്ല. കെമാല്‍പാഷയുടെ ചില മോഹങ്ങള്‍ നടക്കാതെ പോയതിന് മുസ്ലീം ലീഗിന്റെ മേല്‍ കുതിര കയറരുതെന്നും പ്രസ്താവനയില്‍ പറയുന്നു.

×