”മാന്യമായ ഭാഷയിൽ രാഷ്ട്രീയവും അല്ലാത്തതുമായ വിഷയങ്ങളിൽ അഭിപ്രായം പറയുക എന്നതിനപ്പുറം പ്രകോപനപരമായതോ ആരെയെങ്കിലും വ്രണപ്പെടുത്തുന്നതോ ആയ ഒന്നും ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല. രാഷ്ട്രീയ വിമർശനങ്ങൾക്ക് പോലും ഒരു മിതത്വം പാലിച്ച് തന്നെയാണ് പോസ്റ്റുകൾ ഇടുന്നത്. ഈ പേജ് വഴി അടുത്തകാലത്ത് വിമർശനപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പോസ്റ്റ് ഇട്ടിട്ടുള്ളത് കേന്ദ്രസർക്കാരിൻ്റെ കോവിഡ് നിയന്ത്രണത്തിലെ പാളിച്ചകളെക്കുറിച്ചാണ്. അതിൽ ആരുടെ “കമ്യൂണിറ്റി സ്റ്റാൻഡേർഡ്“ ആണ് ലംഘിക്കപ്പെട്ടതെന്നറിയില്ല!” -തന്റെ ഫേസ്ബുക്ക് പേജ് വിലക്കിയതായി മുല്ലക്കര രത്‌നാകരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, June 10, 2021

തിരുവനന്തപുരം: തന്റെ വെരിഫൈഡ് ഫേസ്ബുക്ക് പേജ് ഫേസ്ബുക്ക് വിലക്കിയതായി മുന്‍മന്ത്രിയും സിപിഐ നേതാവുമായ മുല്ലക്കര രത്‌നാകരന്‍. കമ്മ്യൂണിറ്റി സ്റ്റാര്‍ഡേര്‍ഡ് ലംഘിച്ചു എന്ന കാരണത്താലാണ് വിലക്കിയതെന്ന് പറയുമ്പോഴും ഫേസ്ബുക്ക് പേജിന്റെ പേജ് ക്വാളിറ്റി എന്ന വിഭാഗത്തില്‍ അത് കാണുന്നില്ലെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്…

കഴിഞ്ഞ വർഷം ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് തൊട്ടുമുൻപായി ഹൃദയസംബന്ധിയായ അസുഖത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നു. അങ്ങനെയൊരു ലോക്ക്ഡൗൺ കാലത്താണ് സമൂഹമാധ്യമം എന്നതിൻ്റെ സാധ്യതയെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നത്. ഫെയ്സ്ബുക്കിൽ ഒരു പേജ് (https://www.facebook.com/mullakkaracpi ) ആരംഭിക്കുകയും കഴിഞ്ഞ ഒരു വർഷമായി അതിലൂടെ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്.

മാന്യമായ ഭാഷയിൽ രാഷ്ട്രീയവും അല്ലാത്തതുമായ വിഷയങ്ങളിൽ അഭിപ്രായം പറയുക എന്നതിനപ്പുറം പ്രകോപനപരമായതോ ആരെയെങ്കിലും വ്രണപ്പെടുത്തുന്നതോ ആയ ഒന്നും അതിൽ ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല. രാഷ്ട്രീയ വിമർശനങ്ങൾക്ക് പോലും ഒരു മിതത്വം പാലിച്ച് തന്നെയാണ് പോസ്റ്റുകൾ ഇടുന്നത്. പേജിൻ്റെ സാങ്കേതിക കാര്യങ്ങളും കൈകാര്യം ചെയ്യുന്നവർക്ക് നേരിട്ട് തന്നെയാണ് പോസ്റ്റിടേണ്ട കാര്യങ്ങൾ പറഞ്ഞോ എഴുതിയോ നൽകാറുള്ളത്.

പേജ് കൈകാര്യം ചെയ്യുന്നവർ എന്തെങ്കിലും മാറ്റം വരുത്തിയാൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് വീണ്ടും, വായിച്ച് കേട്ട് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ പോസ്റ്റ് ചെയ്യാറുള്ളൂ. ഇപ്പോൾ ഇക്കാര്യങ്ങൾ പറയാനുണ്ടായ സാഹചര്യം, ഈ മാസം ആദ്യം മുതൽ എൻ്റെ പേരിലുള്ള വെരിഫൈഡ് ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും ഫെയ്സ്ബുക്ക് എന്നെ വിലക്കിയിരിക്കുന്നു എന്നതാണ്. അവരുടെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് ഞാൻ ലംഘിച്ചു എന്നാണ് പറയുന്നത്. അത്തരത്തിൽ കമ്യൂണിറ്റി സ്റ്റാന്ഡേർഡ് ലംഘിച്ചാൽ ഫെയ്സ്ബുക്ക് പേജിൻ്റെ പേജ് ക്വാളിറ്റി എന്ന വിഭാഗത്തിൽ അത് കാണേണ്ടതാണ്.

എന്നാൽ എൻ്റെ പേജിൻ്റെ പേജ് ക്വാളിറ്റി വിഭാഗത്തിൽ അത്തരത്തിൽ ഒരു കുഴപ്പവുമില്ല (Your Page has no restrictions or violations) എന്നാണ് പറഞ്ഞിരിക്കുന്നത്. മന്ത്രി, നിയമസഭാ സാമാജികൻ എന്നിങ്ങനെ സർക്കാരിൻ്റെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇതിൻ്റെ വിശദീകരണം ഫെയ്സ്ബുക്കിനോട് മെയിൽ വഴി ആവശ്യപ്പെട്ടപ്പോൾ അവർക്കും ഈ “ബാൻ“ എന്തിനാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.

നിരവധി മെയിലുകൾക്ക് ശേഷവും ഈ ബാൻ നീക്കാൻ സാധിക്കില്ല എന്ന നിഷേധാത്മകമായ മറുപടിയാണ് അവർ നൽകിയത്. പേജ് കൈകാര്യം ചെയ്യുന്ന അഡ്മിൻ അക്കൗണ്ടുകൾക്കൊന്നും ഇത്തരത്തിൽ നിയന്ത്രണമില്ല. പിന്നെന്താണ് അവർ പറയുന്ന “ലംഘനം“ എന്ന് അവർക്കൊട്ട് വിശദീകരിക്കാൻ സാധിക്കുന്നുമില്ല.

ഈ പേജ് വഴി അടുത്തകാലത്ത് വിമർശനപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പോസ്റ്റ് ഇട്ടിട്ടുള്ളത് കേന്ദ്രസർക്കാരിൻ്റെ കോവിഡ് നിയന്ത്രണത്തിലെ പാളിച്ചകളെക്കുറിച്ചാണ്. അതിൽ ആരുടെ “കമ്യൂണിറ്റി സ്റ്റാൻഡേർഡ്“ ആണ് ലംഘിക്കപ്പെട്ടതെന്നറിയില്ല. കേന്ദ്രസർക്കാരിനെതിരായും അവരുടെ കോവിഡ് വിഷയത്തിലെ പാളിച്ചകൾക്കെതിരായും പോസ്റ്റിടുന്നവരുടെ ശബ്ദങ്ങളെ ഫെയ്സ്ബുക്ക് അടിച്ചമർത്തുന്നതായി വാർത്തകൾ വന്നിരുന്നു.

പ്രശസ്ത കവി സച്ചിദാനന്ദൻ്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതും #Modiresign എന്ന ഹാഷ്ടാഗിന് ഫെയ്സ്ബുക്ക് വിലക്കേർപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. ഇത്തരത്തിൽ ഉള്ള നയങ്ങളുടെ ഭാഗമായാണൊ ഈ വിലക്കെന്ന ചോദ്യത്തിന് “നിങ്ങളുടെ ഫ്രസ്ട്രേഷൻ ഒക്കെ ഞങ്ങൾക്ക് മനസിലാകും. പക്ഷേ ഈ വിലക്ക് നീക്കാൻ സാധിക്കില്ല“ എന്നതരത്തിലായിരുന്നു മെയിലിലൂടെ ഫെയ്സ്ബുക്കിൻ്റെ മറുപടി.
ഇന്നാട്ടിലെ സാധാരണക്കാരൻ്റെ അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ ഗതി എന്തായിരിക്കും എന്ന് കണ്ടുതന്നെ അറിയണം.

×