Advertisment

ഇന്ത്യയുടെ വിദേശനയം മോദി തകര്‍ത്തു: മുല്ലപ്പള്ളി രാമചന്ദ്രന്‍

New Update

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ മഹത്തായ വിദേശനയം പൂര്‍ണ്ണമായും തകര്‍ത്തെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗാല്‍വന്‍ താഴ്‌വരയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന്റെ ഭാഗമായി എ.ഐ.സി.സി നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ച സ്പീക്കപ്പ് ക്യാമ്പയിനില്‍ സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി.

Advertisment

publive-image

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചു കൊണ്ട് മറ്റുരാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്ന വിദേശനയമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെകാലം മുതല്‍ പിന്തുടര്‍ന്ന് വന്നത്.പ്രധാനമന്ത്രി ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയിട്ടും അന്താരാഷ്ട്രരംഗത്ത് ഇന്ത്യ ഒറ്റപ്പെട്ടു.

നമ്മുടെ നയതന്ത്രജ്ഞത അമ്പേ പാളി.വീരസൈനികരുടെ ജീവത്യാഗത്തിലേക്ക് നയിച്ച ഗാല്‍വന്‍ സംഭവത്തിന്റെ യഥാര്‍ത്ഥചിത്രം പുറത്തുവിടാന്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ഇതുവരെ തയ്യാറായിട്ടില്ല.

സമാധാനമാണ് എന്നും ഇന്ത്യ ആഗ്രഹിച്ചത്. എന്നാല്‍ ഇന്ത്യയുടെ ദേശീയതാല്‍പ്പര്യങ്ങള്‍ ബലികഴിക്കാന്‍ നാം തയ്യാറുമല്ല.അയല്‍ രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധമാണ് നാം തുടര്‍ന്ന് പോന്നത്.ചേരിചേരാനയം, സാര്‍ക് മൂവ്‌മെന്റ് എന്നിവ ഫലവത്തായും അര്‍ത്ഥവത്തായും കൊണ്ടുപോകാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.

അതുകൊണ്ട് തന്നെ ഒരു ചേരിയുടെയും ഭാഗമാകാതെ ലോകസമാധാനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് നമ്മുടെ മഹിമമായ സംസ്‌കാരമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മോദി പ്രധാനമന്ത്രി ആയശേഷം ശ്രീലങ്ക,ബംഗ്ലാദേശ്,മ്യാന്‍മാര്‍,നേപ്പാള്‍,മാലിദീപ്,ഭൂട്ടാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹവര്‍ത്തിത്വം തകര്‍ന്നു. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ മാത്രമുള്ള ചൈനയെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല.

ചൈനയുടെ വ്യാപാരതാല്‍പ്പര്യങ്ങള്‍ വലുതാണ്.കൂടുതല്‍ പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം.ഗാല്‍വന്‍ ഒരു തരത്തിലും സംഘര്‍ഷ പ്രദേശമായിരുന്നില്ല.അതുകൊണ്ടാണ് പ്രതിരോധമന്ത്രിയായിരുന്ന എ.കെ.ആന്റണി 2010 ല്‍ അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണവുമായി മുന്‍പോട്ട് പോയത്.

കര,നാവിക,വ്യോമ സൈനിക ശക്തിയില്‍ മികച്ച സേനയാണ് ഇന്ത്യയ്ക്കുള്ളത്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ സന്നദ്ധരാണ് നമ്മുടെ ധീരസൈനികര്‍. അവരുടെ അര്‍പ്പണബോധം വലുതാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികമായ പ്രതിസന്ധിയിലാണ് ലോകരാഷ്ട്രങ്ങള്‍.അതിന്റെ കെടുതില്‍ നിന്നും ഇന്ത്യയും ചൈനയും മുക്തരല്ല. ഒരു യുദ്ധം ആസന്നമായാല്‍ അതിന്റെ കെടുതി അനുഭവിക്കുന്നത് ജനങ്ങളാണ്. അതിനാല്‍ യുദ്ധം പാടില്ലായെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും മുല്ലപ്പള്ളി പറഞ്ഞു.

സൈനികരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും വീരമ്യത്യുവരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനുമായി എ.ഐ.സി.സി നിര്‍ദ്ദേശപ്രകാരം ഡി.സി.സികളുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി 'ഷഹീദന്‍ കോ സലാം ദിവസ്'(മാതൃരാജ്യ വീരമൃത്യുദിനം)ആചരിച്ചു.

തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നേതാക്കള്‍ പുഷ്പചക്രം അര്‍പ്പിച്ചു. വൈകുന്നേരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ട് നേതാക്കള്‍ മെഴുകുതിരി തെളിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി,മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍,ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍രവി, കെ.പി.അനില്‍കുമാര്‍,എം.എല്‍.എമാരായ കെ.സി.ജോസഫ്,വി.എസ്.ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

mullapally response
Advertisment