പാര്‍ട്ടി പറയുന്ന ഏത് നിര്‍ദേശവും ശിരസാവഹിച്ച് മുന്നോട്ടു പോകുന്ന ചരിത്രമാണ് തനിക്കുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല കാഴ്ചവച്ചത് മികച്ച പ്രകടനം; കഴിവും കാര്യശേഷിയുമുള്ള നേതാവാണ് ചെന്നിത്തലയെന്നും മുല്ലപ്പള്ളി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, January 19, 2021

തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി പറയുന്ന ഏത് നിര്‍ദേശവും ശിരസാവഹിച്ച് മുന്നോട്ടു പോകുന്ന ചരിത്രമാണ് തനിക്കുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി. അധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്- അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി എടുക്കുന്ന തീരുമാനം എല്ലാക്കാലത്തും ശിരസാവഹിച്ച അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താന്‍ എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അഴിമതികളെല്ലാം പുറത്തുകൊണ്ടുവന്നത് അദ്ദേഹമാണ്. കഴിവും കാര്യശേഷിയുമുള്ള നേതാവാണ് ചെന്നിത്തലയെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍, കെ.പി.സി.സി. അധ്യക്ഷപദത്തിന് പാര്‍ട്ടിക്കുള്ളില്‍നിന്ന് എന്തെങ്കിലും ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന് ഇത് യാതൊരു പ്രസക്തിയുമില്ലാത്ത ചോദ്യമാണ് ഇതെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

കല്‍പ്പറ്റയില്‍നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് അത്തരം റിപ്പോര്‍ട്ടുകളെ കുറിച്ചൊന്നും തനിക്കറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍നിന്ന് മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.

×