/sathyam/media/post_attachments/3dteWplxy4oBzwRlSkLr.jpg)
കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ മത്സരിക്കാനൊരുങ്ങി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേരത്തെ പേരാമ്പ്രയില്‍ നിന്നും മത്സരിക്കാന്‍ മുല്ലപ്പള്ളി ചില നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. പേരാമ്പ്രയില്‍ മത്സരിക്കാന്‍ ടി സിദ്ദീഖ്, കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് എന്നിവര്‍ ആഗ്രഹം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി പുതിയ സീറ്റിലേക്ക് മാറുന്നത്.
നിലവില്‍ ഐ ഗ്രൂപ്പിനാണ് കൊയിലാണ്ടി സീറ്റ്. കെപിസിസി പ്രസിഡന്റ് മത്സരിക്കാന്‍ ആഗ്രഹിച്ചാല്‍ സീറ്റു വിട്ടുനല്‍കാന്‍ ഐ ഗ്രൂപ്പ് തയ്യാറാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ എന്‍ സുബ്രമണ്യനാണ് ഇവിടെ മത്സരിച്ചത്.
2001ല്‍ പി ശങ്കരന്‍ വിജയിച്ചതിനു ശേഷം ഒരു കോണ്‍ഗ്രസ് പ്രതിനിധിയും ഇവിടെ നിന്നു മത്സരിച്ച് വിജയിച്ചിട്ടില്ല. 2011ല്‍ പി അനില്‍കുമാര്‍ 4139 വോട്ടിനും 2016ല്‍ എന്‍ സുബ്രമണ്യന്‍ 13369 വോട്ടിനുമാണ് ഇവിടെ പരാജയപ്പെട്ടത്. സിപിഎമ്മിലെ കെ ദാസനാണ് ഇവിടെ വിജയിച്ചത്.
വടകര ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴൊക്കെ അദ്ദേഹത്തെ തുണച്ചിരുന്നു. ഈ ആത്മവിശ്വാസമാണ് അദ്ദേഹത്തെ കൊയിലാണ്ടി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. എന്‍ സുബ്രമണ്യനു പകരം മികച്ചൊരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ കോണ്‍ഗ്രസിന് വിജയിക്കാവുന്ന മണ്ഡലമാണ് കൊയിലാണ്ടിയെന്നാണ് പ്രാദേശിക നേതാക്കളും പറഞ്ഞിരുന്നത്.
നിലവില്‍ ഐ ഗ്രൂപ്പിന് ഈ സീറ്റ് മുല്ലപ്പള്ളിയ്ക്കായി വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് വിവരം. അതേസമയം നേരത്തെ മുല്ലപ്പള്ളി മത്സരിക്കാന്‍ ആഗ്രഹിച്ചത് പേരാമ്പ്രയിലായിരുന്നു. എന്നാല്‍ ഈ സീറ്റ് വേണമെന്ന പിടിവാശിയിലാണ് എ ഗ്രൂപ്പ്.
ടി സിദ്ദീഖിനെ പേരാമ്പ്രയില്‍ മത്സരിപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ ആഗ്രഹം. അതിനിടെ കെപിസിസി പ്രസിഡന്റ് മത്സരിക്കരുത്, തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുകയാണ് ചെയ്യേണ്ടതെന്ന ആവശ്യവുമായി പലരും രംഗത്തുണ്ട്. മത്സരിക്കാനാണ് മുല്ലപ്പള്ളി ആഗ്രഹിക്കുന്നതെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും ആവശ്യമുയരുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പ്രസിഡന്റിനെ കൊണ്ടുവരണമെന്നു ആഗ്രഹിക്കുന്നവരും കുറവല്ല. അതുകൊണ്ടുതന്നെ പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് മത്സരിക്കുക എന്നത് മുല്ലപ്പള്ളിക്ക് വെല്ലുവിളിയാകുമെന്നു ഉറപ്പാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us