Advertisment

മുല്ലപ്പള്ളി പുറത്തേക്ക് ! കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മുല്ലപ്പള്ളിയെ നീക്കാനൊരുങ്ങി ഹൈക്കമാന്‍ഡ്. മുല്ലപ്പള്ളി പ്രസിഡന്റ് സ്ഥാനത്തു തുടരുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലില്‍ ഹൈക്കമാന്‍ഡും. കെപിസിസി പ്രസിന്റായിരിക്കെ വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാതെ മാറിനിന്നപ്പോള്‍ പറഞ്ഞ ന്യായം മുല്ലപ്പള്ളിക്ക് ഇപ്പോള്‍ തിരിച്ചടി. കൊയിലാണ്ടിയില്‍ മത്സരിക്കണമെങ്കില്‍ പിസിസി അധ്യക്ഷ പദവി ഒഴിയേണ്ടി വരുമെന്നും പാര്‍ട്ടി. തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ അന്തിമ തീരുമാനം !

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസിയില്‍ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇതിന്റെ ഭാഗമായാണ് മുല്ലപ്പള്ളിയെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റുന്നത്.

മുല്ലപ്പള്ളി ഇത്തവണ തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളെ സ്ഥിരീകരിക്കുന്നതാണ് ഹൈക്കമാന്‍ഡ് നീക്കങ്ങള്‍. ചര്‍ച്ചയില്‍ എ, ഐ ഗ്രൂപ്പുകള്‍ ഇക്കാര്യം ഉന്നയിക്കും. മുല്ലപ്പള്ളിയെ മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡ് ഉടന്‍ എടുക്കുമെന്നാണ് സൂചന.

നേരത്തെ കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യത്തോട് ഹൈക്കമാന്‍ഡ് പിന്‍തിരിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് ഗുണമാകില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡിന്റെ തിരുത്തെന്നാണ് സൂചന. അതിനിടെ നിയമസഭയിലേക്ക് മത്സരിക്കാന്‍ മുല്ലപ്പള്ളി തന്നെ ഹൈക്കമാന്‍ഡിനോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

നേരത്തെ കെപിസിസി പ്രസിഡന്റായതിന്റെ പേരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുല്ലപ്പള്ളി മാറി നിന്നിരുന്നു. അന്നു അദ്ദേഹം അതിനു പറഞ്ഞ ന്യായം പ്രസിഡന്റ് പദവിയില്‍ ഇരുന്നുകൊണ്ട് മത്സരിക്കാന്‍ കഴിയില്ല എന്നായിരുന്നു. പ്രസിഡന്റിന്റെ ഉത്തരവാദിത്വം ചൂണ്ടിക്കാണിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പിന്മാറ്റം.

അതുകൊണ്ടുതന്നെ മുല്ലപ്പള്ളിയെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും നീക്കാനാണ് സാധ്യത. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നും മുല്ലപ്പള്ളി മത്സരിക്കാനാണ് സാധ്യത. 2009, 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച മികച്ച ലീഡ് ചൂണ്ടികാട്ടിയാണ് ചര്‍ച്ചകളില്‍ മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്നത്.

ഒപ്പം കെ മുരളീധരന് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച ഭൂരിപക്ഷവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. കൊയിലാണ്ടിക്ക് പുറമേ പേരാമ്പ്ര, കല്‍പ്പറ്റ മണ്ഡലങ്ങളിലും മുല്ലപ്പള്ളിയുടെ പേര് പരിഗണനയിലുണ്ട്.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്തുണ്ടായ ജനപ്രീതി മുല്ലപ്പള്ളിക്ക് ഇന്നുണ്ടെന്നും ഉറപ്പിച്ച് പറയാന്‍ കഴിയില്ല. സ്വന്തം ബ്ലോക്ക് ഡിവിനായ കല്ലാമലയില്‍ പോലും അദ്ദേഹത്തിനെതിരെ വിമത ശബ്ദം ഉയരുന്നുണ്ട്. വടകരയില്‍ മുല്ലപ്പള്ളിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച ആര്‍എംപിയും തദ്ദേശ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു.

mullappally ramachandran
Advertisment