Advertisment

കൊയിലാണ്ടിക്ക് വണ്ടികയറാനിരുന്ന മുല്ലപ്പള്ളിക്ക് ഇപ്പോള്‍ ഗ്രൂപ്പ് പോര് പേടി ! എ, ഐ ഗ്രൂപ്പുകള്‍ കാലുവാരുമോയെന്ന് ഭയം ! സുരക്ഷിത മണ്ഡലത്തിനായി മുല്ലപ്പള്ളിയുടെ നെട്ടോട്ടം. കല്‍പ്പറ്റയിലേക്ക് പോകാനൊരുങ്ങി മുല്ലപ്പള്ളി. ലീഗ് പ്രാദേശിക നേതൃത്വത്തിനും മുല്ലപ്പള്ളിയോട് അതൃപ്തി. കല്‍പ്പറ്റയ്ക്ക് പുറത്തുള്ളവര്‍ മത്സരിക്കാന്‍ വരേണ്ടെന്നും ആവശ്യം ! സുരക്ഷിതമണ്ഡലം തേടി മുല്ലപ്പള്ളി രാമചന്ദ്രന്‍

New Update

publive-image

Advertisment

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് ഉറപ്പാതോടെ മണ്ഡലം ഏതെന്ന ചര്‍ച്ച സജീവമായി. കൊയിലാണ്ടിയിലോ കല്‍പ്പറ്റയിലോ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കൊയിലാണ്ടിയില്‍ മത്സരിച്ചാല്‍ ഗ്രൂപ്പ് പോരില്‍ പണി കിട്ടുമോയെന്ന ഭയവും മുല്ലപ്പള്ളി രാമചന്ദ്രനുണ്ട്.

നേരത്തെ ഐ ഗ്രൂപ്പിന്റെ കൈവശമിരിക്കുന്ന മണ്ഡലം ഇത്തവണയും അവര്‍ നോട്ടമിട്ടിരുന്നതാണ്. പ്രാദേശികമായി മുല്ലപ്പള്ളിക്ക് കാര്യമായ എതിര്‍പ്പും ഇവിടെയുണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെ കൊയിലാണ്ടി ഒഴിവാക്കണമോയെന്ന ചിന്തയിലാണ് മുല്ലപ്പള്ളി.

നേരത്തെ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മുല്ലപ്പള്ളി രണ്ടുവട്ടവും മത്സരിച്ചപ്പോള്‍ കൊയിലാണ്ടിയില്‍ ലീഡ് ലഭിച്ചിരുന്നു. കെ മുരളീധരന്‍ കഴിഞ്ഞ തവണ മത്സരിച്ചപ്പോഴും മണ്ഡലം യുഡിഎഫിനെ തുണച്ചിരുന്നു. ഇതിന്റെ ബലത്തിലാണ് കൊയിലാണ്ടിക്ക് വണ്ടികയറാന്‍ മുല്ലപ്പള്ളി തീരുമാനിച്ചത്.

മണ്ഡലത്തിലെ സാമുദായികമായ സമവാക്യങ്ങളും മുല്ലപ്പള്ളിക്ക് അനുകൂലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇതനുസരിച്ച് ചില പ്രാഥമിക തയ്യാറെടുപ്പുകള്‍ മുല്ലപ്പള്ളി ഇവിടെ നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഗ്രൂപ്പുപോര് തലവേദനയാകുമോയെന്ന ഭയം മുല്ലപ്പള്ളിയെ പിടികൂടിയിട്ടുള്ളത്.

കല്‍പ്പറ്റയാണ് പരിഗണനയിലുള്ള മറ്റൊരു സീറ്റ്. കല്‍പ്പറ്റ സീറ്റ് മുസ്ലീംലീഗ് ഏറ്റെടുക്കണമെന്ന് സമുദായ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സീറ്റില്‍ ലീഗും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല. ലീഗിന് വിട്ടുകൊടുക്കില്ലെങ്കില്‍ കോണ്‍ഗ്രസിലെ മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്നാണ് സമുദായ സംഘടനകളുടെ നിര്‍ദേശം. കല്‍പ്പറ്റ ഉറച്ച സീറ്റായാണ് യുഡിഎഫ് കണക്കാക്കുന്നത്.

സമുദായ സംഘടനകളെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്നുണ്ട്. എപി വിഭാഗവുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് സൂചന. ഇകെ സമസ്ത വിഭാഗത്തില്‍ നിന്നും കടുത്ത എതിര്‍പ്പ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിടുന്നുണ്ട്. ഇവരെ അനുനയിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.

വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യത്തിന് ശ്രമിച്ചത് ലീഗാണെന്ന മട്ടിലുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവനകളില്‍ അവര്‍ക്കും അതൃപ്തിയുണ്ട്. പുറത്ത് നിന്നുള്ളവര്‍ കല്‍പ്പറ്റിയില്‍ മത്സരിക്കാനായി വരേണ്ടെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

 

mullappally ramachandran
Advertisment