തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം കരുതലോടെയെന്നു സൂചന. ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യം വച്ച് സിപിഎം പ്രചാരണം ശക്തമാക്കിയതോടെയാണിത്.
തല്‍ക്കാലം നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പാര്‍ട്ടിയില്‍ ഒരു നേതൃമാറ്റം വേണ്ടെന്നാണ് നേതാക്കളുടെ പക്ഷം. അതിനായി നേതാക്കള്‍ പറയുന്ന ന്യായം ഇതാണ്. മുല്ലപ്പള്ളിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയാല്‍ അതു ലീഗിന്റെ സമ്മര്‍ദ്ദംകൊണ്ടാണെന്ന് പ്രചാരണം വരും.
അതുകൊണ്ടുതന്നെ അത് ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസത്തെ നഷ്ടപ്പെടുത്താന്‍ കാരണമാകും. തന്നെയുമല്ല നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മാത്രം ബാക്കിയുള്ളപ്പോള്‍ നേതൃമാറ്റം താഴെത്തട്ടില്‍ ആശയക്കുഴപ്പമുണ്ടാക്കും.
മുല്ലപ്പള്ളിയെ മാറ്റിയാലും ഈഴവ സമുദായത്തിന്റ പ്രതിനിധി എന്ന നിലയില്‍ കെ സുധാകരനെ അധ്യക്ഷനാക്കേണ്ടി വരും. പക്ഷെ ഗ്രൂപ്പ് ഭേദമന്യേ നേതാക്കള്‍ക്ക് ആര്‍ക്കും സുധാകരനോട് താല്‍പര്യമില്ല. ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതും സൂക്ഷ്മതയോടെ മതിയെന്നാണ് തീരുമാനം.
കാരണം പ്രതിപക്ഷത്തെ നയിക്കുന്ന രമേശ് ചെന്നിത്തലയുടെ പ്രധാന്യം കുറയ്ക്കുവെന്ന തോന്നലുണ്ടായാല്‍ അത് ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കും. മുസ്ലീംലീഗടക്കമുള്ള ഘടകകക്ഷികള്‍ തോല്‍വിയുടെ പേരില്‍ മുല്ലപ്പള്ളിയേയും എം.എം ഹസനേയും വിമര്‍ശിച്ചപ്പോഴും ചെന്നിത്തലയെ ഒഴിവാക്കിയതിന്റ പിന്നിലെ കാരണവും ഇതായിരുന്നു.
അതേസമയം ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാന്‍ ഉമ്മന്‍ചാണ്ടിയെ സജീവമായി രംഗത്തിറക്കുകയും വേണം. ന്യൂനപക്ഷ സമുദായങ്ങളുമായി ചര്‍ച്ച നടത്തുന്നതിന്റ ആദ്യപടിയെന്ന നിലയിലാണ് കെ. മുരളീധരന്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചത്. രണ്ടാംഘട്ടമായി ഉമ്മന്‍ചാണ്ടിയും പി.ജെ ജോസഫും രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങും.
ഉമ്മന്‍ചാണ്ടിയെ നിയമസഭ പ്രചാരണ സമിതി അധ്യക്ഷനാക്കി മുന്നോട്ടുപോകണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. അതിനിടെ ഇത്തവണ പ്രചാരണ ജാഥ കൂട്ടായി നയിക്കണെമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കെപിസിസിയുടെ യാത്ര മൂന്നു നേതാക്കളും ഒരുമിച്ച് നടത്തണമെന്നാണ് ആവശ്യം ഉയര്‍ന്നത്.