/sathyam/media/post_attachments/NB5E28gEwdeUCFErOXWz.jpg)
തിരുവനന്തപുരം/ കോട്ടയം:തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് തിരുവനന്തപുരത്തെ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം. വിവാദത്തിന് പിന്നില്‍ ഐ ഗ്രൂപ്പിന്റെയും കെപിസിസി പ്രസിഡന്റിന്റെയും ഗൂഢാലോചനയാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. വിഷയത്തില്‍ ഹൈക്കമാന്‍ഡും ഇടപെട്ടിട്ടുണ്ട്.
പെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അനവസരത്തിലുള്ള പല പ്രതികരണങ്ങളുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലടക്കം കോണ്‍ഗ്രസിന് വിനയായത്. ഇതുതന്നെ അദ്ദേഹം ആവര്‍ത്തിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടിയുടെ നേമത്തെ സ്ഥാനാര്‍ത്ഥിത്വം.
ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടുന്നു എന്ന തോന്നല്‍ ഉണ്ടാക്കാനും അദ്ദേഹത്തെ സമ്മര്‍ദ്ദം ചെലുത്താനും ഐ വിഭാഗം മനപ്പൂര്‍വം സൃഷ്ടിച്ച വിവാദമാണിതെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടി കേരളത്തിലെ ഏതു സീറ്റില്‍ മത്സരിച്ചാലും വിജയിക്കുമെങ്കിലും തല്‍ക്കാലം പുതുപ്പള്ളിയില്‍ നിന്നും മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്നും എ ഗ്രൂപ്പ് നിലപാടെടുക്കുന്നു.
ഉമ്മന്‍ചാണ്ടി നേമത്തു മത്സരിച്ചാല്‍ അതു തെക്കന്‍ ജില്ലകളില്‍ നേട്ടമാകുമെന്ന മുല്ലപ്പള്ളിയുടെ വിലയിരുത്തല്‍ അദ്ദേഹം ഒറ്റയ്‌ക്കെടുത്തതാണെന്ന ചിന്ത എ ഗ്രൂപ്പിനില്ല. ഇതിനുപിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നു എന്നു തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്.
ഐ ഗ്രൂപ്പിലെ ചില ഉന്നതരുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണെന്നും ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധിയിലാക്കുകയായിരുന്നു ഇതിനു പിന്നിലെന്നും ഇവര്‍ ചിന്തിക്കുന്നു. എന്നാല്‍ മുല്ലപ്പള്ളിയടക്കമുള്ളവരുടെ വായടപ്പിക്കുന്ന മറുപടിയാണ് ഉമ്മന്‍ചാണ്ടി ഈ വിഷയത്തില്‍ നല്‍കിയത്.
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നാണ് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ ഈ ചടുലമായ മറുപടി ഉണ്ടാകുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ രീതിയിലുള്ള ഉമ്മന്‍ചാണ്ടിയുടെ ഒഴുക്കന്‍മട്ടോടെയുള്ള പ്രതികരണം മാത്രം പ്രതീക്ഷിച്ചിരുന്ന നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് ഇതു സൃഷ്ടിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us