അനാശാസ്യം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിനിടെ 2 സ്ത്രീകള്‍ 3 നില കെട്ടിടത്തില്‍നിന്നു വീണു മരിച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, April 11, 2018

മുംബൈ: അനാശാസ്യം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ഒരു കെട്ടിടത്തില്‍ പോലീസ് നടത്തിയ റെയ്ഡിനിടെ രണ്ട് സ്ത്രീകള്‍ മൂന്നുനില കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. ലൈംഗിക തൊഴിലാളികളായ സ്ത്രീകളാണ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചതെന്ന് പോലീസ് പറയുന്നു.

ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. വേശ്യാവൃത്തിക്ക് കുപ്രസിദ്ധമായ ഡി.ബി മാര്‍ഗിലുള്ള കെട്ടിടത്തില്‍ പരിശോധന നടത്താന്‍ എത്തിയതായിരുന്നു പോലീസ് സംഘം.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പരിശോധന ആരംഭിച്ചപ്പോള്‍ത്തന്നെ പോലീസ് എത്തിയതായുള്ള വിവരം മറ്റു നിലകളിലുള്ളവരെ ചിലര്‍ അറിയിച്ചു. ഇതോടെ മറ്റു മുറികളിലുള്ളവര്‍ മുകള്‍ നിലയിലേക്ക് തിക്കിത്തിരക്കി ഓടി.

ഇതില്‍ രണ്ടു സ്ത്രീകള്‍ മൂന്നാമത്തെ നിലയിലെ മുറിയില്‍നിന്ന് ജനാലയിലൂടെ കയര്‍ ഇട്ട് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഇവര്‍ കാല്‍തെറ്റി കെട്ടിടത്തില്‍നിന്ന് താഴേക്കു വീഴുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇവര്‍ മരിക്കുകയായിരുന്നു.

മരിച്ചവരില്‍ ഒരാള്‍ക്ക് 50ഉം മറ്റെയാള്‍ക്ക് 30 വയസ്സുമാണ് പ്രായം. ഇരുവരും പശ്ചിമബംഗാള്‍ സ്വദേശികളാണ്. അപകട മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

×