മുംബൈയിലെ നഴ്സുമാരുടെ പ്രശ്നത്തില്‍ കെസി വേണുഗോപാലിന്‍റെ ഇടപെടല്‍ ഫലം കണ്ടു. 48 മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കര്‍ശന നിര്‍ദേശം

മനോജ്‌ നായര്‍
Thursday, April 9, 2020

മുംബൈ : നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തിരമായി മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നടപടി സ്വീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. മതിയായ സുരക്ഷയില്ലാതെ കൊവിഡ് രോഗികളെ പരിചരിക്കേണ്ടിവരുന്ന മുംബൈയിലെ നഴ്സുമാരുടെ പ്രശ്നത്തില്‍ ഇടപെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ഇടപെടല്‍.

വിഷയത്തില്‍ ഇടപെടാന്‍ മുംബൈ സിറ്റി റവന്യൂ ജില്ലയുടെ ചുമതലയുള്ള മന്ത്രി അസ്‌ലം ഷെയ്ഖിന് കഴിഞ്ഞ ദിവസം വേണുഗോപാല്‍ നിർദേശം നല്‍കിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മന്ത്രി കെ.സി വേണുഗോപാലിന് ഉറപ്പ് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് നടപടി.

കൊവിഡ് വ്യാപിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ മലയാളി നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകളോ ഭൗതിക സാഹചര്യങ്ങളോ മാനുഷിക പരിഗണനയോ പോലും ലഭിക്കാത്ത സാഹചര്യം യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് കെ.സി വേണുഗോപാലിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാത്തതിനാല്‍ നിരവധി ആരോഗ്യപ്രവര്‍ത്തകർക്ക് കൊവിഡ് പടർന്നിരുന്നു. രോഗബാധിതരായ നഴ്സുമാര്‍ക്കുപോലും യാതൊരു സുരക്ഷയും പരിഗണനയും ലഭിച്ചിരുന്നില്ല. അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നതിനെ കുറിച്ച് നഴ്സുമാരുടെ സംഘടനാ പ്രവർത്തകർ നിരവധി തവണ അധികൃതരെ പരാതി അറിയിച്ചിരുന്നു. എന്നിട്ടും നടപടി ഉണ്ടായിരുന്നില്ല.

തുടര്‍ന്നാണ്‌ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് റിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ വേണുഗോപാലിനെ വിവരം ധരിപ്പിച്ചത്. ഉടന്‍ തന്നെ ഇടപെടല്‍ നടത്തിയ വേണുഗോപാല്‍ എന്തൊക്കെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ എന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ നേതൃത്വവുമായി സംസാരിച്ച് പരിഹാരം കാണണമെന്നും മന്ത്രിയ്ക്ക് നിര്‍ദേശം നല്‍കി . ഇതേതുടര്‍ന്നാണ് ഇടപെടല്‍ ശക്തമായത് .

×