ഞങ്ങൾക്ക് ധനസഹായം വേണ്ട… ധാന്യ സഹായം വേണ്ട… നാടണയാനുള്ള ഒരാഗ്രഹവുമായി ഞങ്ങൾ കാത്തിരിക്കയാണ്! ഞങ്ങളും സഹ്യന്റെ മക്കൾ.. ഇതൊരു (ഒന്നല്ല ഒരായിരം)മുബൈ മലയാളിയുടെ വേദന

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, May 17, 2020

കേരളം പ്രളയത്തിൽ മുങ്ങി പിടച്ചപ്പോൾ നെഞ്ചു പൊള്ളി നിരത്തിലിറങ്ങി തെരുവിലും റയിൽവേ സ്റ്റേഷനിലും ഇറങ്ങി പിരിവെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ സംഭാവനെ ചെയ്തവരാണ് മുംബൈ മലയാളികൾ.

പെറ്റമ്മയും കുടുംബവും ദുരിതക്കയത്തിൽ എന്നൊരു ഫീലായിരുന്നു അപ്പോഴൊക്കെ നമുക്ക്.

അന്ന് ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി പിറന്ന നാടിന് വേണ്ടി ഒറ്റക്കെട്ടായി നമ്മൾ കഴിയുന്നതെല്ലാം ചെയ്തു. കോടികൾ ദുരിതാശ്വാസ നിധിയിലേക്ക്. അതിലേറെ അവശ്യ വസ്തുക്കളും മരുന്നുകളും നാപ്കിനുളും അണ്ടർ ഗാർമന്റുകളും വരെ കപ്പൽ വഴി, ട്രയിൻ വഴി, ആകാശം വഴി നമ്മൾ കയറ്റി അയച്ചു കൊണ്ടിരുന്നു.
ഇനി വേണ്ടേ വേണ്ടെന്ന് പറയും വരെ.

എന്തൊരാവേശമായിരുന്നു നമുക്ക്? എന്തൊരു സന്തോഷവും സംതൃപ്തിയുമായിരുന്നു നമുക്ക്?

അന്നം കിട്ടുന്നതും വേരുകൾ ഉറപ്പിച്ചിരിക്കുന്നതും ഇവിടെയാണെങ്കിലും ഹൃദയം നാട്ടിലെ മാവിൻ കൊമ്പിൽ സൂക്ഷിക്കുന്ന ഒരു പ്രത്യേക ജനുസ്സിൽ പെട്ടവരാണ് നമ്മൾ. നമുക്ക് പിറന്ന നാട് കഴിഞ്ഞേയുള്ളു മറ്റെന്തും. ഏതെങ്കിലും മലയാളി സുഹൃത്തിനോട് ഇവിടുത്തെ ആരോഗ്യമന്ത്രിയുടെ പേര് ചോദിക്കു .നൂറിൽ ഒരാൾ പോലും പറയാൻ ഇടയില്ല. അതേസമയം ശൈലജ ടീച്ചറെ അറിയാത്ത ഒരു മലയാളി എങ്കിലും ഉണ്ടാകുമോ ഇവിടെ ?

പ്രവാസികൾ മൂലം നമ്മൾ കഞ്ഞി കുടിക്കുന്നു എന്ന് ബഹു: മുഖ്യമന്ത്രി പറഞ്ഞപ്പോൾ വലിയ അഭിമാനം തോന്നി.

വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികൾ നാട്ടിൽ പറന്നിറങ്ങിക്കൊണ്ടിരിക്കുന്നു. മുംബൈയിൽനിന്നും ബീഹാറിലേക്കും മറ്റും ട്രെയിനുകൾ ഓടുന്നു. കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് ട്രെയിനുകൾ ആദ്യദിവസം മുതൽ ഓടിച്ചു തുടങ്ങി. ഡൽഹിയിൽ നിന്നും ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് സ്പെഷൽ ട്രയിൻ സർവ്വീസ് തീരുമാനമായി.

പക്ഷെ, മുംബൈ മലയാളികളോട് മാത്രം എന്തേ ഈ ചിറ്റമ്മനയം?
നമ്മൾ എന്താ ആ അമ്മയുടെ മക്കൾ അല്ലേ? വിദേശ മലയാളികൾ ആദരിക്കപ്പെടേണ്ടവർ തന്നെയാണ്. അവർ കേരളത്തിന്റെ അഭിമാനം തന്നെയാണ്. അവർ ആദരവോടെ സ്വീകരിക്കപ്പടണം.. തർക്കമില്ല. പക്ഷേ, ഞങ്ങളോ?

കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളുടെതിനേക്കാൾ കൂടുതലാണ് മഹാ നഗരിയുടെയും ഉപനഗരങ്ങളുടെയും ജനസംഖ്യ. മലയാളിയുടെ കഞ്ഞികുടിയിൽ ഞങ്ങളുടെയും ചില്ലിക്കാശുണ്ട്. നാടിന്റെ ഓരോ ദുരന്തപർവത്തിലും ഞങ്ങളുടെ കരുതലും കൈത്താങ്ങും ഉണ്ടായിരുന്നു.

ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ ,
ബഹു : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,
ബഹു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,

ഞങ്ങൾ അനാഥരല്ല എന്നൊരു ബോധ്യം ഞങ്ങൾക്ക് സമ്മാനിക്കണം.
നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഒരു പത്തു മിനിറ്റ് മാറ്റിവെക്കണം. മുംബൈയിൽ നിന്നും കേരളത്തിെലേക്ക് അടിയന്തിര ട്രയിൻ സർവ്വീസുകൾ എത്രയും വേഗം ഉറപ്പാക്കണം.

സ്റ്റഡി ടൂറിന് വന്ന അസംഖ്യം കുട്ടികൾ, ഹോസ്റ്റലുകളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവർ, ഗർഭിണികൾ, ഒഴിവ് കാലത്ത് നഗരത്തിെയ വൃദ്ധ ദമ്പതിമാർ, രോഗികൾ, ചികിത്സക്കും കച്ചവടത്തിനുമായി നഗരത്തിൽ വന്നവർ, ഭീതിയുംകണ്ണീരുമായി ധാരാവിയിൽ കഴിയുന്ന 42 മലയാളി കുടുംബങ്ങൾ … അങ്ങനെ ആയിരങ്ങൾ പിറന്ന നാട്ടിലെത്താൻ സഹായം തേടുകയാണ്.

സ്പെഷൽ ട്രയിനിന് വേണ്ടി നഗരത്തിലെ മലയാളി രാഷ്ട്രീയ /സംഘടനാ നേതാക്കൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദയാവായ്പ് തേടി നെട്ടോട്ടം ഓടുകയാണ്.

കളക്ടറുെടെ പാസഞ്ചേഴ്സ് ലിസ്റ്റടങ്ങിയ കത്തും യാത്രക്കൂലിയും ലഭിച്ചാൽ രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും വണ്ടി ഓടിക്കാൻ റയിൽവെ തയ്യാർ. യാത്രികരെ സ്വീകരിച്ച് ക്വാറൻറൈൻ സൗകര്യങ്ങൾ ഒരുക്കാം എന്ന് കേരളം സമ്മതിക്കണം. ഇത്രയും ഉപാധികളേയുള്ളു.

എന്നിട്ടും…?

നമ്മുടെ നേതാക്കൾ മുഖ്യമന്ത്രിമാർക്കും മറ്റ് അധികൃതർക്കും നിരന്തരം നിവേദനങ്ങളും കത്തുകളും അയച്ചു കൊണ്ടിരിക്കുന്നു. മാധ്യമങ്ങൾ പല ദിവസങ്ങളായി ദുരന്തത്തിന്റെ നേർക്കാഴ്ചകളുമായി ഈ ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കുന്നു.

പക്ഷേ, നാളിത് വരെ കോൺക്രീറ്റായി ഒരു പ്രഖ്യാപനം അധികാരികളിൽ നിന്ന് ലഭിക്കുന്നില്ല.

പിറന്ന നാടിനോടുള്ള ഞങ്ങളുടെ കൂറും സ്നേഹവും പരിഗണിക്കണ്ട.
കേരളത്തിന് വെളിയിൽ ഏറ്റവുമധികം മലയാളികൾ ഉള്ള നഗരം എന്ന വസ്തുത എങ്കിലും വിസ്മരിക്കരുതയിരുന്നു. ഗൾഫുനാടുകളിൽ നിന്നു, അമേരിക്കൻ പണവും കേരളമണ്ണിൽ എത്തുന്നതിന് മുമ്പും, പിന്നെയുമുള്ള കാലയളവിൽ.. അവരുടെ അത്രയ്ക്ക് ഒക്കുന്നില്ലെങ്കിലും, അന്യസംസ്ഥാന-മലയാളികളും, ഈ മുമ്പയ് മലയാളികളുമാണ് കേരളത്തെ പുഷ്പ്പിണിയാക്കിയിട്ടുള്ളത് എന്നുകൂടി ഓർക്കണം!
സഹ്യന്റെ നാട് ഞങ്ങളുടെയും നാട് എന്ന അഭിമാന ബോധം ഉള്ളിൽ എന്നും ഞങ്ങളിലും അവശേഷിപ്പിക്കണം.

മുംബൈയിലും ഉപനഗരങ്ങളിലും, ഒരു മലയാളി പോലും പട്ടിണി കിടക്കാതിരിക്കാൻ, അവർക്ക് ആഹാരവും, മരുന്നുകളുമെത്തിക്കാൻ ഇവിടുത്തെ ഉദാരവും, സ്നേഹസമ്പന്നരുമായ സംഘടനാ പ്രവർത്തകർ ജാഗ്രത പുലർത്തുന്നുണ്ട്.

ഞങ്ങൾക്ക് ധനസഹായം വേണ്ട.
ധാന്യ സഹായം വേണ്ട… അല്പം, സ്നേഹത്തിനും, കനിവിനും വേണ്ടി മാത്രം പിച്ചപ്പാത്രവുമായി എന്ന് പറയില്ല..മനസ്സിൽ ഒരാഗ്രഹവുമായി ഞങ്ങൾ കാത്തിരിക്കയാണ് !

എന്തായാലും മനസ്സു നീറുമ്പോൾ പതഞ്ഞു പൊങ്ങുന്ന ഒരു വാചകമുണ്ട്.

” ഈ അവഗണന ഞങ്ങൾ മുംബൈ മലയാളികൾ അർഹിച്ചതല്ല ! “

തയ്യാറാക്കിയത്-  സുരേഷ് വർമ്മ 

×