മുംബൈയില്‍ ആശുപത്രിയില്‍ തീപിടിത്തം; 2 മരണം; 70പേരെ രക്ഷപ്പെടുത്തി

ന്യൂസ് ബ്യൂറോ, മുംബൈ
Friday, March 26, 2021

മുംബൈ: മുംബൈ ഭാണ്ഡുവിലെ സണ്‍റൈസ്‌ ആശുപത്രിയില്‍ വ്യാഴാഴ്‌ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട്‌ പേര്‍ മരിച്ചു. ഡ്രീംസ്‌ മാളിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ എഴുപതിലധികം കോവിഡ്‌ രോഗികള്‍ അപകടം നടക്കുന്ന സമയത്ത്‌ ചികില്‍സയിലുണ്ടായിരുന്നു. എന്നാല്‍ രണ്ട്‌ പേര്‍ മരിച്ചത്‌ കോവിഡ്‌ മൂലമാണെന്ന്‌ സണ്‍റൈസ്‌ ആശുപത്രി അധികൃതര്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട്‌ മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്‌. രോഗികളെ ഉടന്‍ തന്നെ ആശുപത്രിക്ക്‌ പുറത്തേക്ക്‌ എത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കോവിഡ്‌ രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക്‌ മാറ്റിയതായി മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ പറഞ്ഞു.

കോവിഡ്‌ രോഗികളില്‍ 30ലധികം പേരെ മുലുന്ദ്‌ ജംബോ സെന്ററിലേക്കും, മറ്റുളളവരെ ഫോര്‍ട്ടിസ്‌ ആശുപത്രിയിലേക്കും മാറ്റിയതായി അധികൃതര്‍ പറഞ്ഞു. ഷോപ്പിങ്‌ മാളില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്‌ ആദ്യമായാണ്‌ കാണുതെന്നും, ഗുരുതരമായ സാഹചര്യമാണ്‌ ദൃശ്യമായതെന്നും മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

തീപിടിത്തം നടക്കുന്ന സമയം ഏഴ്‌ രോഗികള്‍ വെന്റിലേറ്ററിലായിരുന്നു. അപകടം നടക്കാനുണ്ടായ കാരണത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.

×