മുംബൈ: എന്‍സിപി നേതാക്കളുടെ വരവോടെ മഹാരാഷ്ട്രയിലെ ബിജെപിക്കുള്ളില്‍ അതിശക്തമായ അതൃപ്തിയെന്നതിന്റെ സൂചനകള്‍ നല്‍കി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ. പാര്‍ട്ടിയില്‍നിന്നു രണ്ടു മാസത്തെ അവധിയെടുക്കുകയാണെന്ന് പങ്കജ പറഞ്ഞു.
/sathyam/media/post_attachments/GYOOUPGzMqXZhROUfLgP.jpg)
സംസ്ഥാന ബിജെപിയിലെ പല എംഎല്‍എമാരും അസംതൃപ്തരാണെന്നും പ്രത്യക്ഷമായി പ്രതികരിക്കാന്‍ ഭയക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. താന്‍ സോണിയാ ഗാന്ധിയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പങ്കജ പറഞ്ഞു.
അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. 2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കജയെ പരാജയപ്പെടുത്തിയ എന്‍സിപി നേതാവും ബന്ധുവുമായ ധനഞ്ജയ് മുണ്ടെ, അജിത് പവാറിനൊപ്പം ഭരണമുന്നണിയിലെത്തി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതില്‍ പങ്കജ കടുത്ത അതൃപ്തിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
എന്‍സിപിയില്‍നിന്ന് അജിത് പവാര്‍ ഉള്‍പ്പെടെ സഖ്യത്തിലേക്കെത്തി മന്ത്രിമാരായതോടെയാണ് ബിജെപി എംഎല്‍എമാരുടെ അതൃപ്തി രൂക്ഷമായത്.