Advertisment

പ്രിയപ്പെട്ട ഭർത്താവിന്റെ വിയോഗം തിരിച്ചറിയാനാവാത്ത വിധം തളർന്ന് അമ്മിണി; കാവല്‍ കിടന്ന നായക്ക് ഭക്ഷണം ഉണ്ട്, വൃദ്ധരായ മാതാപിതാക്കള്‍ക്ക് ഭക്ഷണം ഇല്ല

New Update

കോട്ടയം : പ്രിയപ്പെട്ട ഭർത്താവിന്റെ വിയോഗം പോലും തിരിച്ചറിയാനാവാത്ത വിധം തളർന്നു പോയിരിക്കുന്നു എഴുപത്തിയാറ്കാരിയായ അമ്മിണി. ഭർത്താവ് പൊടിയൻ മരണത്തിനു കീഴടങ്ങിയത് അറിയാതെ കോട്ടയം മെഡിക്കൽ കോളജിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഈ വൃദ്ധമാതാവ് നിശ്ശബ്ദയാണ്.

Advertisment

publive-image

അമ്മിണിക്ക് നടുവിനും കാലിനും വേദനയുണ്ടെന്നു മാത്രം ഡോക്ടറോടു പറഞ്ഞിരുന്നു. അതോടെ വിദഗ്ധ ചികിത്സയ്ക്കായി അസ്ഥിരോഗ ചികിത്സാ വിഭാഗത്തിലേക്ക് നിർദേശിച്ചിരിക്കുകയാണ്. വീട്ടിലെ മറ്റു സാഹചര്യങ്ങളെപ്പറ്റിയും ഒന്നും പറഞ്ഞിട്ടില്ല. മാനസികാരോഗ്യം മെച്ചപ്പെടുമ്പോൾ വിശദമായ കൗൺസിലിങ് നടത്താനാണ് തീരുമാനം

നാട്ടുകാരും ജനപ്രതിനിധികളും ഇന്നലെ വീട്ടിലെത്തുമ്പോൾ നായയുടെ അരികിൽ ഭക്ഷണം കൊടുക്കുന്ന വലിയ പാത്രം കണ്ടു. പക്ഷേ പൊടിയന്റെയും അമ്മിണിയുടെയും സമീപമുള്ളത് ഒരു ചെറിയ പാത്രത്തിൽ കുറച്ചു പഴകിയ ഭക്ഷണം മാത്രം.

നാട്ടുകാരെത്തുമ്പോൾ പാതിബോധത്തിലായിരുന്നു പൊടിയൻ. സമീപത്തെ കസേരയിൽ അമ്മിണി എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ നിന്നാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. ജോലി ചെയ്യാൻ ആരോഗ്യം ഇല്ലാതെ വന്നതോടെയാണ് ഇവർ അവഗണിക്കപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. പൊടിയന്റെ മരണം പട്ടിണി മൂലമെന്ന് അധികൃതർ ഉറപ്പിച്ചിട്ടില്ല.

ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുന്നു. പ്രാഥമിക നിഗമനം അനുസരിച്ച് പൊടിയന്റെ തൊണ്ടയിൽ നിന്നു ഭക്ഷണം താഴേക്കിറങ്ങിയതിന്റെ ലക്ഷണങ്ങൾ കാണുന്നില്ല. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം അമ്മിണിയെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഷെൽറ്റൽ ഹോം കണ്ടെത്താൻ സാമൂഹിക നീതി വകുപ്പ് ഓഫിസറെ ചുമതലപ്പെടുത്തിയെന്നും കലക്ടർ പറഞ്ഞു.

സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പി.പി.ചന്ദ്രബോസ് ഇന്ന് വീട്ടിലെത്തി തെളിവെടുപ്പു നടത്തും. സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരായ സി.എ.സന്തോഷ്, പുഷ്പാംഗദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദമ്പതികളെ ആശുപത്രിയിലേക്കു മാറ്റിയത്.

 

mundakkayam death
Advertisment