Advertisment

മൂന്നാർ യാത്രയിലെ അനുഭവങ്ങൾ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

വളരെ നാളായുള്ള ആഗ്രഹമായിരുന്നു മൂന്നാർ പോകണം, കുറഞ്ഞത് രണ്ടു ദിവസം അവിടെ തങ്ങണം. ആ നാടിന്റെ പ്രകൃതി ഭംഗിയും അവിടുത്തെ തണുപ്പുള്ള കാലാവസ്ഥയും ആസ്വദി ക്കണം.. പലപ്പോഴും ശ്രമിച്ചെങ്കിലും സമയം ഒത്തുവന്നത് ഇപ്പോഴാണ്.

എൻ്റെ വീട്ടിൽനിന്ന് 241 കിലോമീറ്ററുണ്ട് മൂന്നാറിന്. ഇത്ര ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തിട്ടില്ല. എറണാകുളം വരെ 145 കി.മീറ്റർ ഡ്രൈവ് ചെയ്തു പോയിട്ടുണ്ട്, പലതവണ.ആ ഒരു ധൈര്യമാണ് ആതമവിശ്വാസം പകർന്നത്. മൂന്നാറിലെ സ്ഥിരം സന്ദർശകനായ സ്നേഹിതൻ വിനോദ്, മൂന്നാറിലേക്കുള്ള റൂട്ടും മറ്റു കാര്യങ്ങളുമൊക്കെ വിവരിച്ചുതന്നിരുന്നു.

publive-image

14/04/2023 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് കാറിൽ വൈഫ്, ചിറ്റപ്പന്റെ മകൻ, കക്ഷിയുടെ ഭാര്യയുമൊപ്പം ഞങ്ങൾ 4 പേർ മൂന്നാറിന് തിരിച്ചു.. മുണ്ടക്കയം കഴിഞ്ഞ ഹൈറേഞ്ചിലെ നല്ല വൃത്തിയുള്ള ഒരു ഹോട്ടലിൽ നിന്നാണ് രാവിലെ 9 മണിക്ക് പ്രഭാതഭക്ഷണം കഴിച്ചത്. അതുകഴിഞ്ഞു കട്ടപ്പന, നെടുംകണ്ടം, ഉടുമ്പൻചോല, ശാന്തൻപാറ വഴി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൂന്നാറിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്തുള്ള എസ്എംഎം കോട്ടേജിലെത്തിയത്.

ഇടയ്ക്ക് ഭാര്യയ്ക്ക് പതിവില്ലാത്ത ഛർദ്ദിയും അസ്വസ്ഥയുമുണ്ടായത്‌ യാത്രയിൽ അൽപ്പം പ്രയാസമായി. ഞങ്ങളുടെ വിശ്വസ്തനായ ഡോക്ടർ ഫിറോസുമായി ( തെറ്റിക്കുഴി ഹോസ്‌പിറ്റൽ - കുന്നിക്കോട് ) ഫോണിൽ ബന്ധപ്പെട്ടു. മരുന്ന് വാട്ട്സാപ്പിൽ കുറിച്ചയച്ചുതന്നു , ഒപ്പം ചില നിർദ്ദേശങ്ങളും. ശാന്തൻപാറയി ലെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നുവാങ്ങി ഒരു ഡോസ് കഴിച്ചു മൂന്നാറിലെത്തിയപ്പോഴേക്കും ആള് നോർമലായി. ശാന്തൻപാറക്കടുത്ത കുഞ്ചിത്തണ്ണിയിലാണ് നമ്മുടെ എം എം മണിയാശാന്റെ വീട്. ഉടുമ്പൻചോല അദ്ദേഹത്തിൻ്റെ മണ്ഡലവും.

publive-image

മൂന്നാറിന്റെ പ്രകൃതിഭംഗി വളരെ ആകർഷകമാണ്. കൃത്യമായ അകലത്തിലും ഉയരത്തിലും പച്ചപ്പുനിറഞ്ഞ അടുക്കിപാകി വച്ചിരിക്കുന്നതുപോലുള്ള തേയിലത്തോട്ടങ്ങളുടെ മനോഹാരിത കാണേണ്ടതു തന്നെയാണ്. വളഞ്ഞും ചരിഞ്ഞും കുത്തനെയു മുള്ള വിശാലമായ നല്ല റോഡുകൾ.അകലെ ആകാശത്തോളം തലയുയർത്തിനിൽക്കുന്ന സഹ്യസാനുക്കളെ തഴുകിയെത്തുന്ന ഈർപ്പമുള്ള കാറ്റ്.. മൂന്നാർ തീർച്ചയായും പ്രകൃതിനൽകിയ വരദാനമാണ്.

മൂന്നാറിലെ പതിനായിരക്കണക്കിന് ഏക്കറുകളിൽ വ്യാപിച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങൾ ടാറ്റയുടെയും ഹാരിസൺ പ്ലാന്റേഷന്റെയും വകയാണ്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ടാറ്റായുടെ കണ്ണൻദേവൻ തേയില വിശ്വപ്രസിദ്ധമാണ്.മൂന്നാറിൽ ടാറ്റയ്ക്ക് 8 തേയില ഫാക്ടറികളും 8 റീട്ടെയിൽ വിൽപ്പന ഔട്ട്ലെറ്റുകളുമുണ്ട്. 25000 ത്തിൽ അധികം ജോലിക്കാരാണ് ടാറ്റായുടെ കീഴിൽ അവിടെ ജോലിചെയ്യുന്നത്.

ഈ ഭൂമിയെല്ലാം സർക്കാരിൽ നിന്ന് ടാറ്റയും,ഹാരിസണും പാട്ടത്തിനെടുത്തതാണ്. ഒരിക്കലും ഈ ഭൂമി നമുക്ക് തിരിച്ചുകിട്ടാൻ സാദ്ധ്യതയില്ല.അങ്ങനെയാണ് അവരുടെ സെറ്റപ്പ്. ഉദാഹരണം, ടാറ്റ പാട്ടത്തിനെടുത്ത ചെറുവള്ളി എസ്റ്റേറ്റ് കൃതൃമരേഖകളുണ്ടാക്കി അവർ ബിലീവേഴ്‌സ് ചർച്ചിന് അനധികൃതമായി വിൽക്കുകയും കേരളസർക്കാർ ആ ഭൂമിയുടെ വില കോടതിയിൽ കെട്ടിവച്ച് ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ പോകുകയുമാണ്. കുത്തകകൾക്കെതിരെയുള്ള നിയമപോരാട്ടത്തിൽ സർക്കാരുകൾ കോടതിയിൽ തോൽക്കുകയോ തോറ്റുകൊടുക്കുകയോ പതിവാണ്. ഇതിലെല്ലാം വലിയ ദുരൂഹതയുണ്ട്.

publive-image

പൊതുസ്വത്തായ , കേവലം പാട്ടത്തിനു നൽകപ്പെട്ട ഈ സ്ഥലങ്ങളിലെ തോട്ടങ്ങളിൽ നിന്ന് പഴങ്ങൾ, തേയില എന്നിവ പറിച്ചാൽ 5000 രൂപ പിഴയാണ് അവർ ആളുകളിൽനിന്നും ഈടാക്കുന്നത്. തേയിലച്ചെടികളുടെ ഇടയിൽ നിന്ന് ഫോട്ടോ എടുക്കാൻ 40 രൂപയാണ് അവർ ചാർജ് ചെയ്യുന്നത്.

അന്ന് വൈകിട്ട് മൂന്നാറിലെ കെഎസ്ഇബി വക പാർക്കിൽ പോയി. നിറയെ പൂക്കളുള്ള നല്ലൊരു ചെറിയ പാർക്ക്. ആളുകൾ ധാരാളമുണ്ടായി രുന്നു. വിദേശികളും സ്വദേശികളുമുൾപ്പെടെ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് മൂന്നാറിൽ ഇപ്പോഴും.

സമ്മർ സീസണുകളിൽ മഞ്ഞുവരാറില്ലെങ്കിലും അന്തരീക്ഷ ത്തിലും കാറ്റിലും നല്ല ഈർപ്പമുള്ളതിനാൽ ചൂടനുഭവപ്പെടില്ല. വിയർക്കില്ല. രാത്രി നല്ല തണുപ്പാണ്. ഫാൻ പോലും ആവശ്യമില്ല. കമ്പിളി പുതയ്ക്കാതെ ഉറങ്ങാനാകില്ല. കുളിക്കാൻ ചൂടുവെള്ളം അനിവാര്യമാണ്. രാവിലെ നല്ല കുളിരുള്ള തണുപ്പ് ഒരു സുഖദമായ അനുഭൂതിയാണ്.

publive-image

പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന പുനലൂരിനടുത്തുനിന്നുള്ള ഞങ്ങൾക്ക് മൂന്നാറിലെ വേനലിലും അനുഭവപ്പെട്ട തണുപ്പ് വലിയ വിസ്മയമായിരുന്നു.

മറ്റൊരു കാര്യം, മൂന്നാറിലെത്തിയപ്പോൾ തമിഴ്‌നാട്ടിൽ ചെന്ന ഒരു പ്രതീതിയാണ് ഉണ്ടായത് .ഹോട്ടലുകൾ, കടകൾ,സ്ഥാപനങ്ങൾ, ഓട്ടോറിക്ഷകൾ, കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് എന്നുവേണ്ട എല്ലായിടത്തും അവരാണ് നിറഞ്ഞുനിൽക്കുന്നത്. സൈൻ ബോർഡുകൾ, തമിഴ് സ്‌കൂളുകൾ, തമിഴ്നാട് രജിസ്‌ട്രേഷൻ വാഹനങ്ങൾ, തമിഴ് നാട് മോഡൽ അമ്പലങ്ങൾ, അവിടെ മുഴങ്ങുന്ന തമിഴ് കീർത്തനങ്ങൾ, മുടിയിൽ മുല്ലപ്പൂ ചൂടി മൂക്കിൽ വലിയ മുക്കുത്തിയണിഞ്ഞു മുറുക്കിച്ചുവന്ന ചുണ്ടുകളും ഒക്കത്ത് കുട്ടയിൽ മാങ്ങയും മുല്ലപ്പൂവുമായി നടന്നുപോകുന്ന തമിഴ് മങ്കമാർ, പലവർണ്ണങ്ങളിലുള്ള പ്ലാസ്റ്റിക് കുടങ്ങളുമായി വെള്ളം പിടിക്കാൻ പൈപ്പിനടുത്തു തമിഴിൽ കലപില കൂടുന്ന ആബാലവൃദ്ധം ഒക്കെ തമിഴ് നാടിൻറെ പകർത്തെഴുത്തുപോലെ അനു ഭവപ്പെട്ടു. ദേവികുളം, പീരുമേട് താലൂക്കുകൾ തങ്ങൾക്കവകാശപ്പെട്ടതാണെന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. എം കരുണാനിധിയുടെ വാക്കുകൾ ഓർമ്മവരുന്നു.

പണ്ട് സായിപ്പന്മാർ തേയിലനുള്ളാൻ തമിഴ്‌നാട്ടിൽ നിന്നും കൂട്ടിക്കൊണ്ടുവന്നവരുടെ പിൻതലമുറയാണ് തങ്ങളെന്ന് അവിടുത്തെ തമിഴർ അവകാശപ്പെടുമ്പോഴും ഇപ്പോഴും പലർക്കും മലയാളം നന്നായി വഴങ്ങുന്നില്ല. തമിഴർ ഇപ്പോഴും ധാരാളമായി അവിടെ വരുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം മറ്റൊരു സ്റ്റേറ്റ് എന്ന അന്യതാബോധം അവർക്ക് ലവലേശവുമില്ല. മൂന്നാർ അവർക്ക് തമിഴ്‌നാടുപോലെയാണ്.

publive-image

പിറ്റേന്ന് ശനിയാഴ്ച കെഎസ്ആര്‍ടിസി ബസ്സിൽ സയിറ്റ് സീയറിംഗിന് പുറപ്പെട്ടു. വളരെ ബോറിംഗ് ആയ അനുഭവമായിരു ന്നു അത്. തേയില ത്തോട്ടങ്ങളും അരിക്കൊമ്പന്റെ വിഹാരകേന്ദ്രമായ ആനയിറങ്ക ൽ ഡാമും തമിഴ് നാട്ടിലെ ഉയരം കൂടിയ ചതുരംഗപ്പാറയിലെ കാഴ്ചകളുമൊഴിച്ചാൽ ആ യാത്ര വിരസമായിരുന്നു. വഴിയിൽ എംജിആര്‍ നായകനായി അഭിനയിച്ച 'മലൈകള്ളൻ' ഷൂട്ടിംഗ് നടന്ന റോഡരുകിലെ ഗുഹയിൽ മൂത്രദുർഗന്ധം മൂലം കയറാൻ തോന്നിയില്ല.

അരിക്കൊമ്പനെ കാണാൻ അര മണിക്കൂർ കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. അരിക്കൊമ്പനൊപ്പം മറ്റു മൂന്നാനകളും അവിടെ ഉണ്ടത്രേ. ആന ആളുകളെ കൊലപ്പെടുത്തി യതും, റേഷൻ കട തകർത്തതും, വീടുകളുടെ ഭിത്തി ഇടിച്ചിട്ടതുമായ അരിക്കമ്പന്റെ വീരകഥകളും നാട്ടുകാരുടെ ആവലാതികളും ആളുകളിൽനിന്നും കേട്ടറിഞ്ഞു..കെഎസ്ആര്‍ടിസി ബസ്സിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെ യുള്ള ബോറൻ യാത്രയ്ക്ക് ചാർജ് ഒരാൾക്ക് 300 രൂപയാണ്. കെഎസ്ആര്‍ടിസി ബസ്സിലെ മൂന്നാർ സയിറ്റ് സീയറിംഗ് യാത്ര ക്ക് ആരെയും പ്രോത്സാഹിപ്പിക്കാൻ എനിക്ക് കഴിയില്ല.

കെഎസ്ആര്‍ടിസിയിലെ യാത്രകഴിഞ്ഞു പിറ്റേദിവസം ഞായാറാഴ്ച മറയൂരിന് കാറിൽ പുറപ്പെട്ടു. നോക്കത്താ ദൂരത്തു നീണ്ടുകിടക്കുന്ന തേയിലത്തോട്ടങ്ങളും മലനിരകളെ ചുറ്റിവളഞ്ഞുള്ള റോഡും താണ്ടി ഒന്നരമണി ക്കൂർ ഡ്രൈവിനുശേഷം മറയൂരിലെത്തി. ചന്ദനക്കാടുകൾക്കിടയിലൂടെ നേരെ കാന്തല്ലൂർ മലനിരകളിലേക്കായി യാത്ര.

publive-image

മറയൂർ ശർക്കര നിർമ്മിക്കുന്ന രണ്ടു സ്ഥലങ്ങളിൽ അത് കാണാനും ശർക്കര വാങ്ങാനുമായി വണ്ടി നിർത്തി. മറയൂർ ശർക്കരക്കുമാത്രമുള്ള ഒരു പ്രത്യേക സുഗന്ധം ആ പരിസരമാകെ നിറഞ്ഞുനിന്നിരുന്നു. കരിമ്പൻ ചണ്ടിയും ഇലകളും കത്തിച്ച് കരിമ്പുനീർ തിളപ്പിച്ച് വറ്റിച്ചു ശർക്കരയാക്കുന്ന രീതി മുഴുവൻ കണ്ടു ശർക്കരയും വാങ്ങി. തെങ്ങു പോലെതന്നെ കരിമ്പിന്റെ ഒരു ഭാഗവും വേസ്റ്റ് ആകുന്നില്ല.

കാന്തല്ലൂർ മലനിരകളിലേക്കുള്ള സാഹിസിക ഡ്രൈവിംഗ് നല്ലൊരു ത്രില്ലായിരുന്നു. അവിടെ സ്വകാര്യവ്യ ക്തികൾ നടത്തുന്ന ആപ്പിൾ ഉൾപ്പെടെയുള്ള പഴത്തോട്ടവും, സ്ട്രോബെറി തോട്ടവുമെല്ലാം കാണാൻ പോയി. തുറന്നുപറയട്ടെ ശുദ്ധ ഉഡായിപ്പാണത്. ഒരാളോട് 15 രൂപവീതം ഫീസ് വാങ്ങിയാണ് അകത്തുകടത്തുന്നത്. അവിടെ പഴങ്ങളും ജാമുമൊക്കെ അവർ വിൽക്കുന്നുമുണ്ട്. കാണാൻ പ്രത്യേകിച്ചൊന്നുമില്ല. കുറെ ചെടികളും മരങ്ങളും മാത്രം. സഞ്ചാരികളോട് അനധികൃതമായി 15 രൂപവീതം പിടുങ്ങുന്നത് കാന്തല്ലൂർ പഞ്ചായ ത്തും പോലീസും ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ ഒന്നുണ്ട് കാന്തല്ലൂർ മരനിരകളിൽ നിന്നുള്ള ദൂരദൃശ്യങ്ങൾ വളരെ മനോഹരമാണ്..

മടക്കയാത്രയിൽ ഇരവികുളം ദേശീയ ഉദ്യാനത്തിലും സന്ദർശനം നടത്തി. അപൂർവ്വയിനം വരയാടുകളുടെ കൂട്ടത്തെ നേരിൽക്കാണാൻ ഭാഗ്യമുണ്ടായി. കുത്തനെയുള്ള പാറക്കെട്ടുകളിൽ നേരെ കയറിപ്പോകുന്ന അവയുടെ വൈദഗ്ധ്യം അതിശയകരമാണ്. പുലി, കടുവ ,സിംഹം തുടങ്ങിയ വന്യമൃഗങ്ങളിൽ നിന്നും അവയെ രക്ഷിക്കുന്ന ഘടകവും ഇതുതന്നെയാണ്. വരയാടുകൾ അന്യം നിന്നുപോകാതിരിക്കാനുള്ള മുൻകരുതലുകൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചുവരുന്നുണ്ട്.

വരയാടുകളെ കാണുന്നതിനായി മലമുകളിലേക്ക് ടൂറിസം വകുപ്പിന്റെ ബസ്സിൽ നമ്മെ കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്ന തിനും ആളൊന്നുക്ക് 200 രൂപയാണ് നിരക്ക്. ഏകദേശം 8 കിലോമീറ്റർ മലമുകളിലേക്കുള്ള ആ അതിസാ ഹസിക ബസ്സ്‌ യാത്ര മനസ്സിൽതട്ടുന്നതാണ്.ഒരു ദിവസം ഏകദേശം 3000 ആളുകൾ ഈ ദേശീയോദ്യാനം സന്ദർശിക്കുന്നുണ്ട്. എന്തായാലും രണ്ടാം ദിവസത്തെ യാത്ര ബോറായില്ല.

പിറ്റേന്ന് തിങ്കളാഴ്ച രാവിലെ 7 മണിക്ക് മൂന്നാറിൽ നിന്നും തിരിച്ച് 2 മണിയോടെ വീട്ടിലെത്തി. മൂന്നാറിലെ തണുപ്പേറിയ കാലാവ സ്ഥയിൽ നിന്നും ഇവിടുത്തെ കടുത്ത ചൂടിലെത്തിയതോടെ ഒരു വല്ലായ്മ സ്വാഭാ വികമായും മനസ്സിനെ ബാധിച്ചിരിക്കുന്നു. തീർച്ച യായും മൂന്നാർ യാത്ര അവിസ്മരണീയമായിരുന്നു.

Advertisment