മൂന്നാറില്‍ റിസോര്‍ട്ടിന്‍റെ പട്ടയം റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 29, 2020

മൂന്നാര്‍ പള്ളിവാസലിലെ പഴയ പ്ലംജൂഡിയും ഇപ്പോള്‍ അംബര്‍ ഡെയിലുമായ റിസോര്‍ട്ടിന്‍റെ പട്ടയം റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം ഇടുക്കി ജില്ലാ കലക്ടറാണ് റദ്ദാക്കിയിരുന്നത്.

അതിനിടെ കലക്ടറുടെ നടപടിക്കെതിരെ സി.പി.എമ്മും രംഗത്തെത്തി. 1964ലെ ഭൂപതിവ് ചട്ടപ്രകാരം നല്‍കിയ പട്ടയങ്ങളുടെ വ്യവസ്ഥ ലംഘിച്ച്‌ വാണിജ്യാടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതിനാണ് പള്ളിവാസലിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയങ്ങള്‍ ജില്ല കലക്ടര്‍ റദ്ദാക്കിയത്.

ആംമ്പര്‍ ഡെയ്ല്‍ ഉടമ മാത്രമാണ് ഹൈക്കോടതിയെ സമീപിച്ചത്. പഴയ പ്ലംജൂഡി റിസോര്‍ട്ട് ആണ് ആംമ്പര്‍ ഡെയ‌്ല്‍ ആയി മാറിയത്. പട്ടയം റദ്ദാക്കിയ കളക്ടറുടെ നടപടി നിയമപരമല്ലെന്ന് കോടതി പറഞ്ഞു. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ നടപടി എടുത്തത്. എന്നാല്‍ വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ മാത്രം പട്ടയം റദ്ദാക്കാന്‍ സാധിക്കില്ലെന്നും റിസോര്‍ട് ഉടമ ഹൈക്കോടതിയെ അറിയിച്ചു.കേസില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ കളക്ടര്‍ തയ്യാറായില്ലെന്നും റിസോര്‍ട് ഉടമ കോടതിയില്‍ കുറ്റപ്പെടുത്തി. ഹര്‍ജി കോടതി അടുത്ത മാസം 25ലേക്ക് മാറ്റി.

×