Advertisment

നിങ്ങളുടെ ജീവന്‍ സ്വയം രക്ഷിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും താല്‍ക്കാലമെങ്കിലും നിങ്ങള്‍ക്കില്ല, സുരക്ഷിതരായിരിക്കുക...മുരളി തുമ്മാരുകുടി

author-image
admin
New Update

'ഡ്രൈവര്‍ ഉറക്കം തൂങ്ങിയതാണ് അപകട കാരണം, അന്വേഷണ റിപ്പോര്‍ട്ട് നാളെ ഗതാഗത മന്ത്രിക്ക് സമര്‍പ്പിക്കും'

Advertisment

രാവിലത്തെ പത്ര വാര്‍ത്തയാണ്. സത്യമാണോ എന്നറിയില്ല.

publive-image

ഈ വാര്‍ത്ത സത്യമാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിലുള്ള ഇന്‍സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ആകും ഇത്. നമ്മളെക്കാളൊക്കെ ഏറെ സാമ്ബത്തിക ശേഷിയുള്ള അമേരിക്കയില്‍ പോലും ഒരു അപകടമുണ്ടായാല്‍ അതിന്റെ പ്രാഥമിക ഇന്‍സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് വരാന്‍ രണ്ടുമാസം എടുക്കും. വിശദമായിട്ടുള്ള റിപ്പോര്‍ട്ട് വരാന്‍ ഒരു വര്‍ഷം പോലും എടുത്തേക്കാം,

കാരണമുണ്ട്. ഓരോ അപകടത്തില്‍ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കുക, അത് റോഡിന്റെ നിര്‍മ്മാണം മുതല്‍ വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ വരെ, ലോഡിങ്ങിന്റെ രീതി മുതല്‍ ഡ്രൈവറുടെ സേവന വേതന വ്യവസ്ഥകള്‍ വരെ അനവധി കാര്യങ്ങള്‍ ഉണ്ട്. നേരിട്ടുള്ള കാര്യങ്ങള്‍ ആദ്യം മനസിലാക്കുന്നു, അതിന് ശേഷം അതിന്റെ അടിസ്ഥാന കാരണങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു (Root Cause Analyses). ഏതൊക്കെ സുരക്ഷാ സംവിധാനങ്ങള്‍ ആണ് ഉണ്ടായിരുന്നത്, അതില്‍ ഏതൊക്കെയാണ് പാളിയത്, ഇനി എന്തൊക്കെ പുതിയ സുരക്ഷാ സംവിധാനം വേണം ഇതൊക്കെ നിര്‍ദ്ദേശിക്കുകയാണ് ഇന്‍സിഡന്റ് ഇന്‍വെസ്റ്റിഗേഷന്റെ ഉദ്ദേശം. ഈ വിഷയത്തെ പറ്റി അറിവുള്ളവര്‍ ആണ് അന്വേഷണം നടത്തുന്നത്.

പക്ഷെ നമ്മുടെ കാര്യത്തില്‍ അത്ര നിര്‍ബന്ധബുദ്ധി ഒന്നും നമുക്കില്ല. ഒരപകടം ഉണ്ടായാല്‍ ഉടന്‍ തന്നെ ആരെങ്കിലും ഒരാളെ ഉത്തരവാദിയായി കണ്ടെത്തുക എന്നതാണ് സമൂഹത്തിന്റെ പ്രധാന ലക്‌ഷ്യം. പറ്റിയാല്‍ ഉടന്‍ തന്നെ അയാളെ പിടിച്ചു രണ്ടു കൊടുക്കുക (കൂടിയ കേസാണെങ്കില്‍ വെടിവച്ചു കൊല്ലാം). നാട്ടുകാരുടെ ഈ മനസ്ഥിതിക്ക് വളം വച്ചുകൊടുക്കുന്ന രീതിയിലാണ് നമ്മുടെ അന്വേഷണങ്ങള്‍. ആരെങ്കിലും ഒരാളെ ഉത്തരവാദിയാക്കി അറസ്റ്റ് ചെയ്താല്‍ പിന്നെ സമൂഹത്തിന് സുഖമായി ഉറങ്ങാം, അടുത്ത അപകടം ഉണ്ടാകുന്നത് വരെ.

കേരളത്തില്‍ റോഡപകടങ്ങള്‍ ഓരോ വര്‍ഷവും കൂടി വരികയാണ്. രണ്ടായിരത്തി പത്തൊമ്ബതില്‍ മരണം നാലായിരത്തി മുന്നൂറായി, അതായത് ഒരു ദിവസം പന്ത്രണ്ട് പേര്‍. എന്താണ് കേരളത്തില്‍ അപകടമുണ്ടാകാനുള്ള കാരണം എന്ന് കേരളം പോലീസിന്റെ വെബ്‌സൈറ്റില്‍ ഉണ്ട്. പൂര്‍ണ്ണമായ ഡേറ്റ ലഭ്യമായത് രണ്ടായിരത്തി പതിനെട്ടിലെ ആണ്, അവിടുത്തെ കാരണം പറയാം.

മൊത്തം അപകടങ്ങള്‍ 40181

ഓവര്‍സ്പീഡിങ് 29775

മദ്യപിച്ച്‌ വണ്ടി ഓടിച്ചുണ്ടാക്കിയ അപകടങ്ങള്‍ 157

ഒരു അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ എങ്ങനെയാണ് നമ്മള്‍ ഓവര്‍സ്പീഡിങ്ങ് ആണെന്ന് ശാസ്ത്രീയമായി കണ്ടുപിടിക്കുന്നതെന്നുള്ളത് അവിടെ നില്‍ക്കട്ടെ. ലോകത്തില്‍ മദ്യപിച്ച്‌ വണ്ടി ഓടിക്കുന്നതിനെതിരെ കര്‍ശനമായ നിയമങ്ങള്‍ ഉള്ള രാജ്യങ്ങള്‍ അനവധി ഉണ്ട്, അവിടെ പോലും ഏതാണ്ട് മൂന്നിലൊന്ന് അപകടങ്ങള്‍ ഉണ്ടാകുന്നത് മദ്യപിച്ച്‌ വണ്ടി ഓടിക്കുമ്ബോള്‍ ആണ്. പക്ഷെ മദ്യപിച്ച്‌ വണ്ടി ഓടിക്കുന്നത് സര്‍വ്വ സാധാരണമായ കേരളത്തില്‍ ഒരപകടം ഉണ്ടായാല്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ ശരിയായ നിയമമോ രീതിയോ സംവിധാനമോ ഇല്ലാത്ത കേരളത്തില്‍ മദ്യപിച്ചുള്ള അപകടങ്ങള്‍ അഞ്ചു ശതമാനം പോലുമില്ല !

ഇത് നമ്മള്‍ ഡീസന്റ് ആയതുകൊണ്ടൊന്നുമല്ല. മുന്‍പ് പറഞ്ഞത് പോലെ ഒരപകടം ഉണ്ടായാല്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് ഉറപ്പിക്കാനുള്ള ശരിയായ സംവിധാനങ്ങള്‍ നമുക്ക് ഇല്ല. അപകടത്തില്‍ മരണം നടന്നിട്ടുണ്ടെങ്കില്‍, അപകടത്തില്‍ ഡ്രൈവര്‍ മരിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും നമ്മള്‍ ആ കാര്യം അധികം അന്വേഷിക്കില്ല, കാരണം മദ്യപിച്ചിരുന്നെങ്കില്‍ ഇന്‍ഷുറന്‍സ് ഒന്നും കിട്ടിയില്ലെന്ന് വരും, കുടുംബങ്ങള്‍ വഴിയാധാരമാകും. ഇങ്ങനെ കണ്ണടക്കാന്‍ പോലീസിനും ഡോക്ടര്‍മാര്‍ക്കും സമ്മര്‍ദ്ദമുണ്ടാകും, കുറ്റവാളികള്‍ രക്ഷപെടും, റോഡില്‍ കൂട്ടക്കുരുതി തുടരും.

റോഡപകടങ്ങളുടെ കാര്യത്തില്‍ നമുക്ക് ഒരു കണക്കെങ്കിലും ഉണ്ട്. പക്ഷെ വെള്ളത്തില്‍ മുങ്ങി മരിക്കുന്നവരുടെ എണ്ണം, റെയില്‍ പാളങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം, കെട്ടിടം പണിക്കിടക്കോ മറ്റുള്ള സാഹചര്യത്തിലോ ഉയരങ്ങളില്‍ നിന്നും വീണു മരിക്കുന്നവരുടെ എണ്ണം ഇതൊക്കെ കൂട്ടിയാല്‍ വീണ്ടും ഒരു നാലായിരം വരും. പക്ഷെ ഇക്കാര്യത്തിലുള്ള ഒരു രേഖയും നമ്മുടെ പോലീസിന്റെയോ സര്‍ക്കാര്‍ സംവിധാനത്തിലെ മറ്റൊരു ഡിപ്പാര്‍ട്മെന്റിലോ ഇല്ല. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ നോക്കിയാണ് പണ്ട് ഞാന്‍ ഈ വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നത്. പക്ഷെ രണ്ടായിരത്തി പതിനേഴ് മുതല്‍ അവരും ഈ വിവരം പ്രസിദ്ധീകരിക്കുന്നില്ല. പനി ചികില്‍സിക്കാന്‍ അറിയാത്ത ഡോക്ടര്‍മാര്‍ രോഗിയുടെ ചൂട് നോക്കാന്‍ പോകരുത് എന്നൊരു ചൊല്ല് ഇംഗ്ളീഷില്‍ ഉണ്ട്. എത്ര അപകടം ഉണ്ട് എന്നറിയില്ലെങ്കില്‍ പിന്നെ അതിനെ പറ്റി ഒന്നും ചെയ്യേണ്ട കാര്യമില്ലല്ലോ.

ഒരു വര്‍ഷം പതിനായിരത്തോളം അപകടമരണങ്ങള്‍ ആണ് കേരളത്തില്‍ നടക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ഒഴിവാക്കാവുന്നതാണ്. പക്ഷെ അതിന് ഉറങ്ങുന്ന ഡ്രൈവറെ ഓടിച്ചിട്ട് പിടിക്കുന്ന തരത്തിലുള്ള അന്വേഷണങ്ങള്‍ പോരാ, ജനങ്ങളുടെ ജീവന്‍ കാത്തുരക്ഷിക്കാന്‍ ഉറങ്ങാതിരിക്കുന്ന സംവിധാനങ്ങള്‍ വേണം. താല്‍ക്കാലമെങ്കിലും അത്തരം സംവിധാനങ്ങള്‍ നമുക്കില്ല.

കേരളത്തിലെ കൂട്ടക്കുരുതികള്‍ തുടരും, റോഡിലും, വെള്ളത്തിലും, റെയില്‍ പാളത്തിലും, ഇലക്‌ട്രിക്ക് പോസ്റ്റിലും, കെട്ടിടം പണിയിലും ഒക്കെ. നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പുകളില്‍ ഉള്ളവര്‍ക്ക് പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്ന് അറിവില്ല. കേരളത്തിലെ എഞ്ചിനീയറിങ്ങ് ഉള്‍പ്പടെ ഉള്ള വിഷയങ്ങളില്‍ സുരക്ഷ ഇപ്പോഴും ഒരു പാഠ്യവിഷയമല്ല, പ്രൊഫഷണല്‍ ആയി ഇന്‍സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ പരിചയമുള്ള ആളുകള്‍ ഇല്ല, ഇതിനൊക്കെയിടയില്‍ എന്തെങ്കിലും ഒക്കെ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടത്ര ഉപകരണങ്ങള്‍ ഇല്ല, പരിശീലനം ഇല്ല, പിന്തുണയില്ല.

ഇതൊന്നും വേഗത്തില്‍ മാറാന്‍ പോകുന്നില്ല, നിങ്ങളുടെ ജീവന്‍ സ്വയം രക്ഷിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും താല്‍ക്കാലമെങ്കിലും നിങ്ങള്‍ക്കില്ല.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

Advertisment