അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം ഉരുളക്കിഴങ്ങ് ഇട്ട് കറി വച്ച് ബന്ധുക്കള്‍ക്ക് നല്‍കി; തുടര്‍ന്ന് ബന്ധുക്കളെയും കൊലപ്പെടുത്തി; യുവാവ് പിടിയില്‍

ന്യൂസ് ബ്യൂറോ, യു എസ്
Friday, February 26, 2021

ഒക്കലഹോമ: അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം ഉരുളക്കിഴങ്ങ് ഇട്ട് കറിവച്ച് ബന്ധുക്കള്‍ക്ക് നല്‍കുകയും തുടര്‍ന്ന് അവരെയും കൊലപ്പെടുത്തുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. അമേരിക്കയിലെ ഒക്കലഹോമയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണ്‍ എന്നയാളാണ് അറസ്റ്റിലായത്.

അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം ഇയാളുടെ ഹൃദയം തുരന്നെടുത്ത് ഇയാള്‍ ബന്ധുവീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇത് പാകം ചെയ്ത് ബന്ധുവിനും ഭാര്യയ്ക്കും നല്‍കി.

ഇതിന് ശേഷം ബന്ധുവിനെയും നാല് വയസ് മാത്രമുള്ള ബന്ധുവിന്റെ പേരക്കുട്ടിയേയും ലോറന്‍സ് കൊലപ്പെടുത്തുകയായിരുന്നു. ലോറന്‍സിന്റെ അക്രമണത്തില്‍ പരിക്കേറ്റ ബന്ധുവിന്റെ ഭാര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അന്ധവിശ്വാസമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളെ 2017ല്‍ ലഹരിമരുന്ന് കേസില്‍ പിടികൂടിയിരുന്നു. 20 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചെങ്കിലും പിന്നീട് അത് ലഘൂകരിക്കുകയും ഇയാള്‍ പുറത്തിറങ്ങുകയുമായിരുന്നു.

×