ഒന്നര വയസുകാരിയായ മകളെ ഷാളിൽ കെട്ടിത്തൂക്കി കൊന്ന ശേഷം അമ്മ തൂങ്ങിമരിച്ചു, ദാരുണ സംഭവം തൃശൂര്‍ ചാവക്കാട്‌

ന്യൂസ് ബ്യൂറോ, തൃശൂര്‍
Tuesday, March 2, 2021

തൃശ്ശൂർ : ചാവക്കാട് അമ്മയും ഒന്നര വയസുകാരിയായ മകളും തൂങ്ങി മരിച്ച നിലയിൽ. ബ്ലാങ്ങാട് സ്വദേശി ജിഷയും മകൾ ദേവാംഗനയുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജിഷയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാളുകളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

കഴിഞ്ഞയാഴ്ചയാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്. ഭർത്താവ് പേരകം സ്വദേശി അരുൺലാൽ ഒന്നര മാസം മുൻപാണ് ഗൾഫിലേക്ക് തിരിച്ചുപോയത്. രണ്ടു വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ദിവസം ഭർതൃ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ജിഷ. മകളെ ഷാളിൽ കെട്ടിത്തൂക്കിയ ശേഷം ജിഷ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്.

ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് മൃതദേഹം പോസ്റ്റ് മോ‍ർട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

×