ഹരിയാനയിൽ നടന്ന സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം !

New Update

ഹരിയാന: ഗൾഫിൽ നിന്നും 30 ലക്ഷം രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി 1984 ൽ മാവേലിക്കരയ്ക്കടുത്ത് കുന്നം എന്ന സ്ഥലത്ത് ഫിലിം റെപ്രസന്റേറ്റിവ് ആയിരുന്ന ചാക്കോയെന്ന യുവാവിനെ ചതിയിലൂടെ കാറിൽ ക്കയറ്റിക്കൊണ്ടുവന്ന് കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച കേസിലെ മുഖ്യസൂത്രധാരനായിരുന്ന സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി ഇന്നും മലയാളികൾക്ക് ഒരു അതിശയ കഥാപാത്രമാണ്. ആ സംഭവം മലയാളികളെ മാത്രമല്ല ഇന്ത്യയൊട്ടാകെ വലിയ കോളിളക്കമാണുണ്ടാക്കിയത്.

Advertisment

publive-image

ഇപ്പോൾ അതേ തരത്തിൽ ഹരിയാനയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി പരിചയക്കാരനായ യുവാവിനെ കാറിൽ ക്കയറ്റിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയശേഷം കാർ കത്തിച്ച സംഭവത്തിൽ പ്രതിയും കൂട്ടാളികളും നാലാം ദിവസം പോലീസ് വലയിലായിരിക്കുന്നു.

100 ശതമാനവും സുകുമാരക്കുറുപ്പ് ആസൂത്രണം ചെയ്ത അതേ രീതിയിലാണ് ഇൻഷുറൻസ് തുക കൈക്കലാക്കാൻ വേണ്ടി ഈ കൊലപാതകവും നടന്നിരിക്കുന്നത്.

ഹരിയാനയിലെ 'ഹാസി' എന്ന സ്ഥലത്തിനടുത്ത് ആളൊഴിഞ്ഞ 'ബർനാല' റോഡിൽ ഇക്കഴിഞ്ഞ ഒക്ടോബർ 6 നു രാത്രിയിലാണ് ഒരു പഴയ കാറും അതിൻ്റെ ഡ്രൈവറും കത്തിയെരിയുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്.

പോലീസെത്തിയപ്പോഴേക്കും കാർ നിശ്ശേഷം കത്തിയെരിയുകയും കാറിനുള്ളിലെ വ്യക്തി വെറും അസ്ഥികൂടമായി മാറിക്കഴിയുകയും ചെയ്തിരുന്നു.

കാർ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ കാറുടമ ഹാസി എന്ന സ്ഥലത്ത് ഡിസ്പോസൽ പ്ളേറ്റ്, ഗ്ലാസ്സ് എന്നിവ നിർമ്മിക്കുന്ന വ്യവസായിയായ രാം മേഹർ ആണെന്ന് മനസ്സിലായി.

രാത്രി രാം മേഹർ തൻ്റെ കാറിനെ രണ്ടു ബൈക്കുകളിലും കാറിലുമായി ഏതാനും പേർ പിന്തുടരുന്നുവെന്നും തന്നെയവർ കൊല്ലാൻ സാദ്ധ്യതയുണ്ടെന്നും ഭാര്യയെ ഫോൺ ചെയ്തറിയിച്ചിരുന്നു.

ബന്ധുക്കൾ പല സ്ഥലത്തും തിരക്കിയ ശേഷമാണ് പോലീസിനെ അറിയിച്ചത്. ഇതിന്റെയടിസ്ഥാനത്തിൽ കൊല്ലപ്പെട്ടത് രാം മേഹർ തന്നെയെന്ന് വീട്ടുകാരും നാട്ടുകാരും പോലീസും വിശ്വസിച്ചു. മാത്രവുമല്ല രാം മേഹർ കഴുത്തിലണിഞ്ഞിരുന്ന ലോക്കറ്റും കത്തിയ മൊബൈലും അവിടെനിന്നു കിട്ടിയിരുന്നു.

publive-image

എന്നാൽ കാറിന്റെ ഫോറൻസിക് പരിശോധനയിൽ ഉടലെടുത്ത സംശയങ്ങളാണ് ഇതൊരു പ്ലാൻ ചെയ്ത കൊലപാതകമെന്ന് തെളിയാൻ കാരണമായത്. കാറിന്റെ ഹാൻഡ് ബ്രേക്ക് അപ്ലൈ ചെയ്തിരുന്നതും, കാർ റോഡരുകിൽ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തതും, സമീപത്തെങ്ങും മറ്റു വാഹനങ്ങളുടെ ടയറിന്റെ അടയാളങ്ങൾ ഇല്ലാതിരുന്നതും, ഡ്രൈവർ സീറ്റ് പിറകോട്ടു ചരിഞ്ഞുകിടന്നതും, കാർ കത്തിച്ചത് അകത്തും പുറത്തും കെമിക്കൽ ഉപയോഗിച്ചാണെന്ന തെളിവും ഹരിയാന ക്രൈം യൂണിറ്റ് പോലീസ് പ്രതിയിലേക്കെത്താൻ സമർത്ഥമായി ഉപയോഗിച്ചു.

രാം മേഹറിന്റെ മൊബൈൽ കാൾ ഡീറ്റയിൽ എടുത്തതിൽ അപകടം നടന്ന സ്ഥലത്തിനടുത്തുള്ള ഒരു യുവതിയുമായി അദ്ദേഹം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ദിവസത്തിൽ നിരവധിതവണ ബന്ധപ്പെട്ടതായി അറിയാൻ കഴിഞ്ഞു.

പോലീസ് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളുകൾ ഒന്നൊന്നായി അഴിഞ്ഞത്‌. ആ കഥയിങ്ങനെ…

രാം മേഹർ ബിസിനസ്സിൽ നേരിട്ട വലിയ നഷ്ടം മൂലം പലതവണ ആത്മഹത്യചെയ്യാൻ വരെ ആലോചിച്ചിരുന്നു. അപ്പോഴെല്ലാം യുവതിയാണ് തടഞ്ഞതും സമാധാനിപ്പിച്ചതും.

ഇൻഷുറൻസ് എടുത്ത് മരിച്ചെന്നു സ്ഥാപിക്കാനായാൽ തുക ലഭിക്കുമെന്നും സ്ഥലത്തുനിന്ന് മാറിനിന്നാൽ മതിയെന്നുമുള്ള അവരുടെ ഉപദേശമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്. 1 കോടി 60 ലക്ഷം രൂപയ്ക്കാണ് രാം മേഹർ ഇൻഷുറൻസ് എടുത്തത്.

പിന്നീട് പരിചയക്കാരനായ ഒരു മൃദംഗ വാദ്യക്കാരനെ പാട്ടിലാക്കി അയാൾക്ക് മദ്യം വാങ്ങിക്കൊടുത്ത് കാറിൽക്കയറ്റി മറ്റു രണ്ടു സുഹൃത്തുക്കൾക്കുമൊപ്പമാണ് കൊല നടത്തിയതും കാർ കത്തിച്ചതും.

അതിനുശേഷം മൂവരും അവിടെ നിന്നും നടന്ന് സ്നേഹിതയുടെ കാറിൽ അവരുടെ പേരിൽ സംഘടിപ്പിച്ച സിംകാർഡും പുതിയ മൊബൈലുമായി സംസ്ഥാനം വിടുകയായിരുന്നു.

മൂവരും ഛത്തീസ്‌ ഗഢിൽ രാം മേഹറിന്റെ ബന്ധുവീട്ടിലെത്തി അവിടെ രഹസ്യമായി താമസമാക്കി. അപ്പോഴും യുവതിയുമായി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയുന്നുണ്ടായിരുന്നു.

ഹരിയാന പോലീസ് നടത്തിയ രഹസ്യനീക്കങ്ങളിൽ ഇന്നലെ ഛത്തീസ്‌ഗഡ്‌ പോലീസ് ബിലാസ്‌പൂരിൽ നിന്നും മൂന്നു പ്രതികളെയും കസ്റ്റഡിയിലെടുത്തു. മൂവരെയും ഇന്നാണ് ഹരിയാനയിലെത്തിച്ചത്. നാളെ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷ.

publive-image

കൊല്ലപ്പെട്ട ഹതഭാഗ്യൻ 28 കാരനായ 'രമലു' എന്ന ദരിദ്രനായ, തെരുവിൽ മൃദംഗം വായിച്ചു പാട്ടുപാടി കുടുംബം പുലർത്തുന്ന വ്യക്തിയായിരുന്നു.

അയാൾക്ക്‌ 6 മക്കളും ഭാര്യയുമുണ്ട്. മക്കൾ മൂന്നാണും മൂന്നു പെണ്ണും. ആ കുടുംബം പൂർണ്ണമായും അനാഥമായി. കുടുംബത്തിന്റെ സംരക്ഷണത്തിനായി കേരളത്തിലേതുപോലെയുള്ള ആശ്വസ സഹായാനടപടികൾ നൽകപ്പെടുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Haryana news
Advertisment