കോഴിക്കോട് : സുഹൃത്തിനെ വെട്ടിപ്പരുക്കേല്‍പ്പിക്കാനുള്ള കാരണം സാമ്പത്തിക തര്‍ക്കമെന്ന് കോഴിക്കോട് കൊടിയത്തൂര്‍ ആക്രമണക്കേസ് പ്രതി ശിഹാബുദ്ദീന്‍. തെളിവെടുപ്പിനിടെയാണ് ആക്രമണ കാരണത്തെക്കുറിച്ച് ശിഹാബുദ്ദീന്‍ മുക്കം പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. വെട്ടേറ്റ കൊടിയത്തൂര്‍ സ്വദേശി സിയാഉള്‍ ഹഖ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
/sathyam/media/post_attachments/sTdCowBEAakNBqgLolhi.jpg)
കുളങ്ങരയില്‍ സിയാഉള്‍ ഹഖിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് മുന്നില്‍ കഴിഞ്ഞദിവസം രാവിലെയായിരുന്നു ആക്രമണം. സാമ്പത്തിക ഇടപാടിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ശിഹാബുദ്ദീന്‍ കുത്തുകയായിരുന്നു. സാരമായി പരുക്കേറ്റ സിയാഉള്‍ ഹഖിനെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.
ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ശിഹാബുദ്ദീനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആക്രമണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും സംസാരത്തിനിടെയുണ്ടായ പ്രകോപനമാണ് കാരണമെന്നും ശിഹാബുദ്ദീന്‍ മൊഴി നല്‍കി. ആക്രമണത്തിനിടെ ശിഹാബുദ്ദീന്റെ കൈയ്ക്കും പരുക്കേറ്റിരുന്നു.
ഓടത്തെരുവിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികില്‍സ തേടിയതായി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ശിഹാബുദ്ദീനെ ആക്രമണമുണ്ടായ സ്ഥലത്തും ആശുപത്രിയിലുമെത്തിച്ച് തെളിവെടുത്തു.