കേരളം

മദ്യലഹരിയിൽ അച്ഛന്റെ മർദനമേറ്റ് മൂന്നു വയസുകാരിക്ക് പരിക്ക്; പ്ലാസ്റ്റിക് കസേര കൊണ്ട് കുഞ്ഞിന്റെ തലയ്ക്ക് അടിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, July 1, 2021

പാറശ്ശാല; മദ്യലഹരിയിൽ അച്ഛന്റെ മർദനമേറ്റ് മൂന്നു വയസുകാരിക്ക് പരിക്ക്. പ്ലാസ്റ്റിക് കസേരകൊണ്ട് കുഞ്ഞിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് ഭർത്താവിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി.

പണം ആവശ്യപ്പെട്ട് ഭർത്താവ് വിജുകുമാർ മകളെയും തന്നെയും നിരന്തരം മർദിക്കാറുണ്ടെന്നാണ് കാരോട് അയിര സ്കൂളിനു സമീപം ഒറ്റവീട്ട് വിളാകം ഷിജിൻഭവനിൽ ചിഞ്ചു (28) പരാതിയിൽ പറഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് മദ്യലഹരിയിലെത്തിയ വിജുകുമാർ ചിഞ്ചുവിനെ മർദിക്കുകയും തല പിടിച്ച് ചുവരിൽ തുടർച്ചയായി ഇടിക്കുകയും ചെയ്തു.

തുടർന്ന് കസേരയെടുത്ത് മൂന്ന് വയസ്സുള്ള മകൾ ആൻമരിയയുടെ തലയിൽ അടിക്കുകയും ചെയ്തതായി പറയുന്നു. പ്ലാസ്റ്റിക് കസേര കൊണ്ടുള്ള അടിയിൽ ആൻമരിയയുടെ തലയിൽനിന്നു രക്തം വരുന്നതു കണ്ട് വിജുകുമാർ പുറത്തേക്കു പോയി. ചിഞ്ചു കുട്ടിയുമായി പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി.

രണ്ടുവർഷമായി ഭർത്താവ്‌ തന്നെ മർദിക്കുമായിരുന്നെന്ന പരാതി കുളച്ചൽ വനിതാ പോലീസ് സ്റ്റേഷനിൽ ചിഞ്ചു നൽകിയത്. വിവാഹത്തിനു വീട്ടിൽനിന്ന് നൽകിയ സ്വർണം വിറ്റ് മദ്യപിച്ചശേഷം കൂടുതൽ പണം ആവശ്യപ്പെട്ടാണ് മർദനം തുടർന്നിരുന്നത്.

×