New Update
പീരുമേട് : കുടുംബ വഴക്കിനിടെ ഭാര്യ വെട്ടേറ്റു മരിച്ചു. ഭർത്താവിനായി പൊലീസ് തിരച്ചിലാരംഭിച്ചു. ഗവി സ്വദേശിനി രാജലക്ഷ്മി (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഭർത്താവ് രാജ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു.
Advertisment
വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ചന്ദ്രവനം പ്രിയദർശിനി കോളനിയിൽ ഇന്നലെ രാത്രി 9.30നാണ് സംഭവം. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുകൂടുന്നതായി രാജയുടെ മാതാവ് അയൽവീട്ടിൽ എത്തി പറഞ്ഞു. അയൽവാസികളുടെ സഹായം തേടുകയും ചെയ്തു.
എന്നാൽ, ദിവസങ്ങളായി ഇവരുടെ വീട്ടിൽ കലഹം പതിവായിരുന്നതിനാൽ സമീപവാസികൾ ഇടപെടാൻ താൽപര്യം കാട്ടിയില്ല. മാതാവ് തിരികെ വീട്ടിൽ എത്തിയപ്പോഴേക്കും കൊലപാതകം നടന്നിരുന്നു.
ഇവർ ബഹളം കൂട്ടിയതോടെ ആളുകൾ എത്തി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ആറു വയസ്സുള്ള കുട്ടി, സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നു.