27 സീറ്റു കിട്ടിയാലും ആരാകും ഇക്കുറി ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥി ? മുസ്ലീം വനിതകളെ ഒഴിവാക്കാന്‍ ലീഗിലെ മുതിര്‍ന്ന നേതാവിന്റെ കളി ! യുവ നേതാവ് ഫാത്തിമ തെഹ്ലിയയെ വെട്ടാന്‍ വനിതാ ലീഗും കൂട്ടുനില്‍ക്കുന്നു. തൃശൂരിലെ സംവരണ മണ്ഡലമായ ചേലക്കര ചോദിച്ചു വാങ്ങി ലീഗ് നിര്‍ത്താന്‍ ഉദ്ദേശിക്കുന്ന വനിത സ്ഥാനാര്‍ത്ഥി ജയന്തി രാജന്‍. വയനാട്ടിലെ വനതാ ലീഗ് നേതാവായ ജയന്തിയെ മത്സരിപ്പിക്കുന്നത് വനിതകളെ മത്സരിപ്പിക്കുന്നില്ലെന്ന ലീഗിന്റെ പേരുദോഷം പേരിന് മാറ്റാനോ ?

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, March 8, 2021

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജന ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. പതിവിലും വ്യത്യസ്തമായി യുവാക്കള്‍ക്കും വനിതകള്‍ക്കും വേണ്ടത്ര പരിഗണന നല്‍കുന്നത് ഗൂണം ചെയ്യുമെന്നാണ് പൊതു വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെയും യുവാക്കളെയും പരിഗണിച്ച പാര്‍ട്ടികള്‍ക്ക് അതിന്റ ഗുണം ലഭിച്ചിരുന്നു.

ആ തീരുമാനങ്ങള്‍ നിയമസഭ തെരഞ്ഞടുപ്പിലും ആവര്‍ത്തക്കണമെന്ന് യുവജന വിഭാഗങ്ങളും വനിതകളും പാര്‍ട്ടി ഫോറങ്ങളില്‍ ശക്തമായി ആവശ്യമുന്നയിച്ചിട്ടുണ്ട്. മലബാറില്‍ തദ്ദേശ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനത്തില്‍ വിള്ളലുണ്ടാക്കിയെങ്കിലും ഘടകക്ഷിയായ മുസ്ലീംലീഗിന് സ്വാധീനമുള്ള മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നു.

കേരള കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ യുഡിഎഫ് വിട്ടതോടെ മുസ്ലീംലീഗ് അധിക സീറ്റുകള്‍ ചോദിച്ചിരുന്നു. കഴിഞ്ഞ തവണ 24 സീറ്റായിരുന്നെങ്കില്‍ ഇത്തവണ 3 സീറ്റ് അധികം നല്‍കി 27 സീറ്റില്‍ ലീഗ് മത്സരിക്കാനാണ് സാധ്യത. കൂടുതല്‍ സീറ്റ് ലഭിക്കുന്നതോടെ വനിതകള്‍ക്കും സീറ്റുണ്ടാവണമെന്ന ആവശ്യം ശക്തമായി.

എന്നാല്‍ വനിതാസ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതിനെ ചൊല്ലി വലിയ വിവാദങ്ങളാണു ലീഗില്‍ ഉണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണമില്ലാത്തതിനാല്‍ വനിതകളെ പരിഗണിക്കേണ്ടെന്ന നിലപാടാണ് ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത സ്വീകരിച്ചത്. ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ ഉപാദ്ധ്യക്ഷന്‍ കൂടിയാണ്.

1996 ലാണ് ലീഗ് ആദ്യമായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതകളെ പരിഗണിച്ചത്. കോഴിക്കോട് സൗത്തില്‍ ഖമറുന്നീസ അന്‍വര്‍ അന്ന് മത്സരിച്ചെങ്കിലും നിയമസഭ കാണാന്‍ കഴിഞ്ഞില്ല. എല്ലാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് പാര്‍ട്ടിയില്‍ വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന വാദം.

എന്നാല്‍ ഇത്തവണ ഒരാള്‍ക്കെങ്കിലും പരിഗണന നല്‍കണമെന്ന ആവശ്യം ശക്തമാണ്. എംഎസ്എഫ് ഹരിത വിഭാഗം ശക്തമായ സംവിധാനമുള്ള പോഷക ഘടകമാണ്. തദ്ദേശ തെരഞ്ഞടുപ്പില്‍ ഹരിതയുടെ നേതാക്കളില്‍ പലരും മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. വനിതാലീഗിനേക്കാള്‍ സ്വീകാര്യതയാണ് ഹരിതക്ക് ലഭിച്ചത്.

നിയസഭ തെരഞ്ഞെടുപ്പില്‍ വനിതകളെ പരിഗണിക്കുമെന്ന അഭിപ്രായമുയര്‍ന്നപ്പോള്‍ എം എസ് എഫിന്റെ വിദ്യാര്‍ഥിനി സംഘടനയായ ഹരിതയുടെ സ്ഥാപക അധ്യക്ഷയായ ഫാത്തിമ തെഹ്ലിയയെ മത്സരിപ്പിക്കണമെന്ന അഭിപ്രായത്തിനാണ് ശക്തിയുണ്ടായിരുന്നത്. പി കെ ഫിറോസും എം കെ മുനീറും തെഹ്ലിയയെ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചു.

എന്നാല്‍ സീറ്റ് കിട്ടിയാല്‍ വനിതാലീഗില്‍ നിന്ന് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിനാ റഷീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി കുല്‍സു, സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് എന്നീ പേരുകളാണ് ഉയര്‍ന്നത്. ഫാത്തിമ തെഹ്ലിയക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ സ്വീകാര്യത വര്‍ധിച്ചതോടെ, വനിതകള്‍ക്ക് സീറ്റ് പരിഗണനയിലുണ്ടെങ്കില്‍ അത് വനിതാലീഗിന് തന്നെ നല്‍കണമെന്ന നിലപാടുമായി വനിതാലീഗ് രംഗത്തെത്തി.

അതിനിടെ എസ്വൈഎസ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ വനിതാസ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്ന വിഷയത്തില്‍ പറഞ്ഞ പ്രസ്താവന കൂടുതല്‍ ചര്‍ച്ചയാവുകയും സമസ്തക്ക് ശക്തമായ എതിര്‍പ്പുണ്ടെന്ന രീതിയില്‍ ആ പ്രസ്താവന വഴി മാറുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ അബ്ദുസമദിന്റെ പ്രസ്താവന സംവരണമല്ലാത്തതിനാല്‍ ഇതൊരു നിര്‍ബന്ധിത ഘട്ടമല്ലെന്നും തീരുമാനമെടുക്കേണ്ടത് ലീഗാണെന്നുമാണ്.

ആ പ്രസ്താവന വനിതാ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള കാരണമായി. സമസ്തക്ക് മുസ്ലീം വനിതകളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് പ്രചരണം നടത്തുകയും, അതേസമയം വനിതകളെ പരിഗണിക്കുന്നുണ്ടെന്ന തീരുമാനത്തിന് മാറ്റമില്ലാതെ സംവരണ മണ്ഡലമായ തൃശൂര്‍ ചേലക്കരയില്‍ വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാമെന്ന തീരുമാനത്തിലും എത്തിച്ചേര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥിരമായി മത്സരിക്കുന്ന ചേലക്കരയാണ് ഇക്കുറി ലീഗിന് ലഭിച്ച അധിക സീറ്റുകളിലൊന്ന്. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റി സീറ്റ് മറ്റു ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കരുതെന്ന ആവശ്യവുമുന്നയിച്ചിട്ടുണ്ട്.

 

×