മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണ്; ദുരൂഹതയില്ലെന്ന് ഡല്‍ഹി പൊലീസ്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, March 7, 2021

ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് മരിച്ചത് നാലാം നിലയിൽ നിന്ന് വീണിട്ടെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ വസതിയിൽ വച്ച് നാലാം നിലയിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‍മോർട്ടം നടത്തിയെന്നും മരണത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നുമാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ചയാണ് മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് അന്തരിച്ചത്. 71 വയസ്സായിരുന്നു. മൃതദേഹം ഇന്ന് ഡല്‍ഹിയിൽ പൊതുദർശനം നടത്തിയിരുന്നു. നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഞായറാഴ്ച പനമ്പിള്ളി നഗറിൽ പൊതുദർശനത്തിനു വയ്ക്കും.

ഡൽഹിയിൽനിന്നു രാവിലെ എത്തിക്കുന്ന മൃതദേഹം എസ്ബിടി അവന്യുവിലെ മുത്തൂറ്റ് ഓറം റസിഡന്‍സസിൽ രാവിലെ ഏഴര മുതൽ എട്ടര വരെയാണ് പൊതുദർശനത്തിനു വയ്ക്കുക. തുടർന്ന് പത്തനംതിട്ട കോഴഞ്ചേരിയിലേയ്ക്കു കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കോഴ‍ഞ്ചേരി സെന്റ് മാത്യൂസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.

1949 നവംബര്‍ രണ്ടിന് പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് ജനിച്ചത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. 1979 ൽ കുടുംബ ബിസിനസായ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റു. 1993 ൽ ഗ്രൂപ്പിന്റെ ചെയർമാനായി.

ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 5,500 ലേറെ ബ്രാഞ്ചുകളിലായി ഇരുപതിലേറെ വൈവിധ്യമാർന്ന ബിസിനസ് വിഭാഗങ്ങൾ മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്. ന്യൂഡൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ.

മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം. ജോർജ്, ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ. കഴിഞ്ഞ വര്‍ഷം ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടി ആറ് മലയാളികളില്‍ ജോര്‍ജ് മുത്തൂറ്റും ഇടംപിടിച്ചിരുന്നു.

×