ഇ.പി.ജയരാജന് എതിരെ അന്വേഷണമില്ല; മാധ്യമ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി വശംവദനാകില്ല; കരുതിയുള്ള പ്രതികരണവുമായി എം.വി.ഗോവിന്ദന്‍

New Update

publive-image

കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ കരുതിയുള്ള പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. റിസോര്‍ട്ട് പ്രശ്നത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍  ഇ.പി.ജയരാജന് എതിരെ പാർട്ടി   അന്വേഷണമില്ലെന്നാണ്  സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. റിസോര്‍ട്ട് വിവാദത്തിന്റെ ആദ്യഘട്ടത്തില്‍ ഇ.പി.യ്ക്ക് എതിരെ നിലപാട് എടുത്ത് കടുത്ത പ്രതികരണങ്ങള്‍ നടത്തിയ ഗോവിന്ദന്‍ പ്രശ്നം വീണ്ടും മൂര്‍ച്ചിച്ചതോടെ കരുതലോടെയുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും എം.വി. ഗോവിന്ദൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞത്.

Advertisment

മാധ്യമങ്ങൾ നടത്തുന്ന ചർച്ചകൾക്കൊന്നും വശംവദമാകാൻ പാർട്ടിയില്ല. വിഷയത്തിൽ പാർട്ടി തലത്തിൽ ഒരു അന്വേഷണവും ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി. റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയിരുന്നു. തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിന് പിന്നിൽ ആരാണെന്ന് പരിശോധിക്കണമെന്നു അദ്ദേഹം പാര്‍ട്ടി സംസ്ഥാന  സെക്രട്ടേറിയറ്റിൽ ആവശ്യപ്പെട്ടിരുന്നു.

പാർട്ടി അറിയാതെ സ്വത്തുക്കൾ സമ്പാദിച്ചുകൂട്ടുന്ന ഒരാളല്ല താനെന്നായിരുന്നു യോഗത്തിൽ ജയരാജൻ പറഞ്ഞത്. തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നല്ലബോധ്യം ജനങ്ങൾക്കുമുണ്ട്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിൽ ഭാര്യക്കും മകനും നിക്ഷേപമുണ്ട്. അത് ആരോപണമല്ല, വസ്തുതയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഭാര്യ ജോലിയിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണമാണ് കമ്പനിക്ക് നൽകിയത്. മകൻ അവന്റെ വരുമാനത്തിൽനിന്ന്‌ നൽകി. ഇതിൽ എവിടെയാണ് തന്റെ അനധികൃതസമ്പാദ്യമായി പറയാനുള്ള വിഹിതമുള്ളത്. തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിനുപിന്നിൽ ആരാണെന്നാണ് പരിശോധിക്കേണ്ടത്. ഇതെല്ലാം പാർട്ടി പരിശോധിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. വിഷയത്തിൽ തുടർനടപടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റാണ് സ്വീകരിക്കുക.

Advertisment