Advertisment

ജനകീയ ഹോട്ടലിനെ ഇകഴ്ത്തി കാട്ടുന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടു! ആ സംരംഭത്തിന് പിറകിലുള്ള സഹോദരിമാരുടെ പ്രയത്‌നത്തെ ഇകഴ്ത്തി കാട്ടുന്ന വാര്‍ത്ത, തീര്‍ത്തും തെറ്റിദ്ധാരണാജനകമായ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അത്ഭുതപ്പെടുത്തുന്നു-മന്ത്രി എം.വി. ഗോവിന്ദന്‍

New Update

തിരുവനന്തപുരം: ജനകീയ ഹോട്ടലിനെതിരായ മാധ്യമ വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ആ സംരംഭത്തിന് പിറകിലുള്ള സഹോദരിമാരുടെ പ്രയത്‌നത്തെ ഇകഴ്ത്തി കാട്ടുന്ന വാര്‍ത്ത, തീര്‍ത്തും തെറ്റിദ്ധാരണാജനകമായ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അത്ഭുതപ്പെടുത്തുന്നതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ജീവന്‍ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളാണ്. അവരെ ശാക്തീകരിക്കാനും ദാരിദ്ര്യാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനും അവരുടെ പദവി ഉയര്‍ത്താനും കുടുംബശ്രീയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഗുണപ്പെടുന്നുണ്ട്.

പൊതുവില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ കുടുംബശ്രീ പ്രസ്ഥാനത്തെ ഏവരും അംഗീകരിക്കുന്നുണ്ട്. കേരളത്തിലെ ഈ വനിതാ മുന്നേറ്റത്തെ പകര്‍ത്താന്‍ മറ്റ് രാജ്യങ്ങളും സംസ്ഥാനങ്ങളും ഇവിടേക്ക് വരാറുമുണ്ട്. മികവുകളുടെ സ്ത്രീപര്‍വ്വം എന്നുതന്നെയാണ് കുടുംബശ്രീയെ വിശേഷിപ്പിക്കേണ്ടത്.

മനോരമ ന്യൂസ് ചാനല്‍, കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഒരു സംരംഭമായ ജനകീയ ഹോട്ടലിനെ ഇകഴ്ത്തി കാട്ടുന്ന ഒരു വാര്‍ത്ത പ്രക്ഷേപണം ചെയ്തത് ഇന്നലെ എന്റെ ശ്രദ്ധയില്‍ വന്നിരുന്നു. മനോരമ ന്യൂസിലെ ഒരു മാധ്യമ പ്രവര്‍ത്തകയാണ് വസ്തുതകള്‍ മനസിലാക്കാതെ, ആ സംരംഭത്തിന് പിറകിലുള്ള സഹോദരിമാരുടെ പ്രയത്‌നത്തെ ഇകഴ്ത്തി കാട്ടുന്ന വാര്‍ത്ത, തീര്‍ത്തും തെറ്റിദ്ധാരണാജനകമായ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നത് അത്ഭുതമുണര്‍ത്തുന്ന കാര്യമാണ്. ഐക്യദാര്‍ഡ്യപ്പെടേണ്ടവര്‍ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ലല്ലോ.

മനോരമ വാര്‍ത്തയില്‍ കുറ്റപ്പെടുത്തുന്ന 'രുചിക്കൂട്ട്' എന്ന ജനകീയ ഹോട്ടല്‍ 2018 മുതല്‍ കോഴിക്കോട്ടെ ജില്ലാ വെറ്റിനറി ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്നതാണ്. നാല് സംരംഭകര്‍ ഉള്‍പ്പെടെ പന്ത്രണ്ട് വനിതകളുടെ ജീവിത മാര്‍ഗം കൂടിയാണ് ആ ഹോട്ടല്‍. കോഴിക്കോട് കോര്‍പ്പറേഷന്റെ സെന്‍ട്രല്‍ സി ഡി എസില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭമാണത്. 2020 മുതലാണ് ജനകീയ ഹോട്ടലായത്. തെരുവില്‍ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന ഉദയം പദ്ധതിയുടെ താല്‍ക്കാലിക ഷെല്‍ട്ടറിലും കോവിഡ് പ്രതിരോധത്തിനായി സജ്ജമാക്കിയ സി എഫ് എല്‍ സി ടികളിലും ഈ ഹോട്ടലില്‍ നിന്ന് മുടങ്ങാതെ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.

ഒരു ദിസവം 900- 1000 ഊണാണ് ഈ ഹോട്ടലില്‍ നിന്നും വിശപ്പടക്കാനായി നല്‍കുന്നത്. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലിലെ വാര്‍ത്താസംഘം ഉച്ചതിരിഞ്ഞ് 3.30നാണ് ഈ ജനകീയ ഹോട്ടലില്‍ എത്തിയത്. ഊണുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഊണ് കഴിഞ്ഞെന്നും തങ്ങള്‍ക്ക് കഴിക്കാനായി മാറ്റിവെച്ചതേ ഉള്ളൂ എന്നുമാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മറുപടി പറഞ്ഞത്. ഉള്ളത് മതിയെന്ന് പറഞ്ഞ് ഊണും വാങ്ങിപ്പോയ മനോരമക്കാര്‍ തങ്ങള്‍ പറയാത്ത കാര്യങ്ങളൊക്കെ പറഞ്ഞെന്ന് വരുത്തി നുണവാര്‍ത്ത ചമയ്ക്കുമെന്ന് അവര്‍ കരുതിയതേയില്ല. വിശന്നുവന്നവരുടെ വിശപ്പാറ്റാന്‍ അന്നം നല്‍കിയതിന് ഇത്തരമൊരു '്‌നന്ദി പ്രകാശനം' കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചില്ല. ജനകീയ ഹോട്ടലില്‍ നിന്നും സ്ഥിരമായി ഊണുകഴിക്കുന്നവര്‍ക്ക് ഇല്ലാത്ത പരാതി, മനോരമ ന്യൂസ് ചാനലിന് ഉണ്ടായതിന്റെ പിറകിലുള്ള ചേതോവികാരം മറ്റെന്തോ ആണ്.

മനോരമ ന്യൂസില്‍ അപമാനകരമായ വാര്‍ത്ത വന്നതിന് ശേഷം ആ ഹോട്ടലുകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചാനലിന്റെ ഓഫീസിലേക്ക് പോയിരുന്നു. ചാനല്‍ അധികൃതരുമായി സംസാരിച്ചപ്പോള്‍, 'ഞങ്ങള്‍ നിങ്ങളെ കുറ്റപ്പെടുത്താനല്ല അങ്ങനെ വാര്‍ത്ത ചെയ്തത്, ജനകീയ ഹോട്ടലുകള്‍ നഷ്ടത്തിലാണ് നടക്കുന്നതെന്ന് പറഞ്ഞാല്‍, സര്‍ക്കാരില്‍ നിന്നും 10 രൂപ കൂടുതല്‍ കിട്ടിക്കോട്ടെ എന്ന് കരുതിയാണ്..'' എന്ന മറുപടിയാണ് ലഭിച്ചത്.

ഞങ്ങള്‍ക്ക് ഒരു നഷ്ടവുമില്ലെന്നും അവിടെ ഭക്ഷണം കഴിക്കാന്‍ എപ്പോഴും വരാറുള്ളവരോ, സംരംഭകരോ പറയാത്ത കാര്യം വാര്‍ത്തയാക്കി, കുടുബശ്രീയുടെ ജനകീയ ഹോട്ടല്‍ എന്ന പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്, അത് നല്ലതിനല്ല എന്ന് ചാനല്‍ അധികൃതരോട് വ്യക്തമാക്കിയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരികെ വന്നത്. കോഴിക്കോട് ജില്ലയില്‍ 104 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗ്രാമങ്ങളില്‍ 75 എണ്ണവും നഗരപ്രദേശത്ത് 29 എണ്ണവും. കോര്‍പ്പറേഷന്‍ പ്രദേശത്ത് 14 ജനകീയ ഹോട്ടലുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 25000 മുതല്‍ 27000 വരെ ഊണുകളാണ് ഇവിടങ്ങളിലൂടെ നല്‍കുന്നത്. സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ക്ക് വൃത്തിയുടെയും പ്രവര്‍ത്തന മികവിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് സ്റ്റാറ്റസ് നല്‍കി കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമം കുടുംബശ്രീ നടത്തുന്നുണ്ട്.

മറ്റൊരു ഹോട്ടല്‍ ശൃംഘലയും ഈ വിധത്തില്‍ സ്വയംവിമര്‍ശനാത്മകമായി പരിശോധിക്കുകയോ, കൂടുതല്‍ മെച്ചപ്പെടാന്‍ പരിശ്രമിക്കുകയോ ചെയ്യുന്നില്ല. ഈ ജനകീയ ഹോട്ടല്‍ പ്രസ്ഥാനത്തിലൂടെ ഒരുപാട് കുടുംബങ്ങള്‍ പുലരുന്നുണ്ട്. മായം ചേര്‍ക്കാത്ത വൃത്തിയുള്ള ഭക്ഷണം നാട്ടുകാര്‍ക്ക് കുറഞ്ഞ ചിലവില്‍ കഴിക്കാന്‍ സാധിക്കുന്നുണ്ട്. വിശപ്പ് രഹിത കേരളമെന്ന മുദ്രാവാക്യത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കാന്‍ നമുക്ക് ജനകീയ ഹോട്ടല്‍ സംരംഭത്തെ കൂടുതല്‍ മികവുറ്റതാക്കി മാറ്റാന്‍ കൈകള്‍ കോര്‍ക്കാം. അതാണ് കാലം ആവശ്യപ്പെടുന്ന കടമ.

mv govindan master mv govindan
Advertisment