കണ്ണൂര്‍: കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ തുടരുന്ന സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യ നിലയില്‍ പുരോഗതി.
/sathyam/media/post_attachments/l2LTCxowod94omQZGsi9.jpg)
ജയരാജന്റെ ആരോഗ്യസ്ഥിതിയില്‍ ക്രമമായ പുരോഗതി കൈവരുന്നുണ്ടെന്ന് ഇന്ന് നടന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മരുന്നിലൂടെ നിലവില്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവിലും പുരോഗതി ദൃശ്യമായതിനാല്‍ മിനിമം വെന്റിലേറ്റര്‍ സപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കി വരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പുരോഗതി തുടരുന്ന സാഹചര്യത്തില്‍, വെന്റിലേറ്ററില്‍ നിന്നും വിമുക്തമാക്കി സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കും. ഇതിന്റെ ആദ്യഘട്ടമെന്നോണം ഇടവേളകളില്‍ ഓക്സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിക്കുന്നത് തുടരുകയാണ്. സ്വന്തമായി ആഹാരം കഴിച്ചുതുടങ്ങിയതോടെ ആ ഘട്ടങ്ങളിലും സി-പാപ്പ് വെന്റിലേറ്റര്‍ ഒഴിവാക്കുന്നതിന് സാധിക്കുന്നുണ്ട്. കൊവിഡ് തീവ്രത വ്യക്തമാക്കുന്ന രക്തത്തിലെ സൂചകങ്ങള്‍ മാറിവരുന്നതായി പരിശോധനയില്‍ വ്യക്തമായതും മെഡിക്കല്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തു.
കൊവിഡ് ന്യുമോണിയയെത്തുടര്‍ന്നുണ്ടായ ശ്വാസകോശത്തിലെ കടുത്ത അണുബാധ കുറഞ്ഞുവരുന്നുണ്ട്. ഇത്തരം അസുഖം ബാധിച്ച നല്ലൊരു ശതമാനംപേരില്‍ പിന്നീട് മറ്റ് അണുബാധയുണ്ടായത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ എംവി ജയരാജന്റെ കാര്യത്തില്‍ കടുത്ത ജാഗ്രത തുടരേണ്ടതുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം അറിയിച്ചു. ജയരാജന്റെ ആരോഗ്യ സ്ഥിതിയില്‍ ആശാവഹമായ പുരോഗതി ക്രമേണയുണ്ടെങ്കിലും കൊവിഡ് ന്യുമോണിയ വിട്ടുമാറിയിട്ടില്ല. അതുകൊണ്ട് നില ഗുരുതരമായി കണക്കാക്കി തന്നെ ചികിത്സ തുടരേണ്ടതുണ്ടെന്നതും മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.