മാപ്പുപറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ് ; സത്യം പറഞ്ഞതിന്റെ പേരിൽ ഒരു കോൺഗ്രസുകാരനും മാപ്പു പറയില്ല; ആഞ്ഞടിച്ച് രാഹുല്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, December 14, 2019

ഡൽഹി : റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. മാപ്പു പറയാൻ രാഹുൽ സവർക്കർ എന്നല്ല രാഹുല്‍ ഗാന്ധി എന്നാണ് തന്റെ പേരെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഒറ്റയ്ക്കു തകർത്തത്. മോദിയും അമിത് ഷായും രാജ്യത്തോടു മാപ്പു പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഡൽ‌ഹിയിൽ രാംലീല മൈതാനത്ത് കോൺഗ്രസിന്റെ ഭാരത് ബച്ചാവോ മഹാറാലിയിലാണ് രാഹുൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, ഞാൻ രാഹുൽ ഗാന്ധിയാണ്. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ഒരിക്കലും മാപ്പു പറയില്ല. സത്യം പറഞ്ഞതിന്റെ പേരിൽ ഒരു കോൺഗ്രസുകാരനും മാപ്പു പറയില്ല. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തതിന് ഉത്തരവാദികളായ നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സഹായി അമിത് ഷായുമാണ് രാജ്യത്തോടു മാപ്പു പറയേണ്ടത്.

മോദിജി വന്ന് 500 ന്റെയും 1000 ന്റെയും നോട്ടുകൾ നിരോധിച്ചു. കള്ളപ്പണം ഇല്ലാതാക്കാനാണ് അതെന്നു പറഞ്ഞ് നിങ്ങളെ പറ്റിച്ചു. പിന്നെന്താണു സംഭവിച്ചത്? ഇന്നുവരെ സമ്പദ് വ്യവസ്ഥ ആ തകർച്ചയിൽനിന്നു കരകയറിയിട്ടില്ല.’ – രാഹുൽ പറഞ്ഞു.

നീതിക്കായി പോരാട്ടത്തിനു തയാറാകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കോൺഗ്രസ് അവസാന ശ്വാസം വരെയും പൊരുതും. മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരുമെന്നും സോണിയ പറഞ്ഞു.

×