Advertisment

ആരെയും ശബരിമലയിലേക്ക് കൊണ്ടു വരാനോ തടയാനോ ദേവസ്വം ബോർഡില്ല ;  വരുന്ന യുവതികൾ അവിടത്തെ സാഹചര്യം മനസിലാക്കണം ;  എന്തെങ്കിലും വിവാദമുണ്ടായാൽ അതിനെ നേരിടാനുളള ധൈര്യവും അനുഭവ സമ്പത്തും എനിക്കുണ്ട് , ദേവസ്വം ബോർഡ് പ്രസിഡന്റ് കസേരയിലിരുന്ന് രാഷ്ട്രീയം സംസാരിക്കില്ല : എൻ.വാസു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം :  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുളള ക്ഷേത്രങ്ങളുടെ വരുമാന വർദ്ധനവിനെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ എൻ.വാസു പറഞ്ഞു. ശബരിമലയിൽ മണ്ഡലകാലത്തിന്റെ സുഗമമായ നടത്തിപ്പാണ് ലക്ഷ്യം. ദേവസ്വം ബോർഡ് മുൻകൈയെടുത്ത് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ല.

Advertisment

publive-image

കഴിഞ്ഞ മണ്ഡലകാലത്ത് വലിയ തോതിൽ വരുമാന ചോർച്ച ഉണ്ടായിട്ടുണ്ട്. മണ്ഡലകാലം അവസാനിച്ച സമയത്ത് നൂറ് കോടിയോളം രൂപയായിരുന്നു ദേവസ്വംബോർഡിന് നഷ്ടം. അതിനു മുമ്പുള്ള മണ്ഡലകാലത്തെക്കാൾ 99.25 കോടി രൂപയാണ് വരുമാനം കുറഞ്ഞത്. കേരളത്തിലെ പ്രളയവും അയൽ സംസ്ഥാനങ്ങളിൽ രൂപപ്പെട്ട ചുഴലിക്കാറ്റുമെല്ലാം കാരണം വരുമാനം കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ, യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം വലിയ തോതിൽ വരുമാനം കുറച്ചു. കാണിയ്ക്ക നിഷേധം ഉൾപ്പെടയുള്ള പ്രതിഷേധങ്ങൾ തിരിച്ചടിയായി. എന്നാൽ, സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ തോതിലുളള സഹായം ഈ സമയത്ത് ലഭിച്ചുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ദേവസ്വം ബോർഡിന്റെ കീഴിൽ സാമ്പത്തിക പരാധീനതകൾ നേരിടുന്ന ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ധാരാളം ജീവനക്കാരും പെൻഷൻകാരുമുണ്ട്.

അതുകൊണ്ട് ഈ ക്ഷേത്രങ്ങളുടെയെല്ലാം വരുമാന വർദ്ധനവ് ദേവസ്വം ബോർഡിന്റെ ലക്ഷ്യമാണ്. ഇതിനുവേണ്ടി വിശദമായ ഒരു പഠനം തന്നെ നടക്കേണ്ടതുണ്ട്. ഇതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചാൽ മാത്രമേ പരിഹാരം കണ്ടെത്താൻ സാധിക്കൂ. അതിനുള്ള നടപടി സ്വീകരിക്കും.സാഹചര്യം മനസിലാക്കണംദേവസ്വം ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ബോർഡിന്റെ സാമ്പത്തിക കാര്യങ്ങളിലും ഭരണകാര്യങ്ങളിലും മുൻവർഷത്തെക്കാൾ മെച്ചപ്പെട്ട പ്രവർത്തനം ആവശ്യമാണ്.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ച നിയമോപദേശം ബോർഡിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ദേവസ്വം ബോർഡിന് സ്വന്തമായി അഭിഭാഷകർ ഡൽഹിയിലുണ്ട്. അവരുടെ അഭിപ്രായം ബോർഡ് ആരായും. വിധിയുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

അതിനാൽ, ബോർഡിന്റെ അഭിഭാഷകരുടെ കൂടി നിയമോപദേശം കിട്ടിയ ശേഷമായിരിക്കും ബാക്കി നടപടികൾ. ദേവസ്വം ബോർഡ് മുൻകൈയെടുത്ത് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ല. വരുന്ന യുവതികൾ അവിടത്തെ സാഹചര്യം മനസിലാക്കണം. അതേസമയം, വരുന്ന യുവതികളെ തടയാൻ നിയമം അനുവദിക്കുന്നില്ല. ആരെയും ശബരിമലയിലേക്ക് കൊണ്ടു വരാനോ തടയാനോ ദേവസ്വം ബോർഡില്ല.

അനാവശ്യമായ എന്തെങ്കിലും വിവാദമുണ്ടായാൽ അതിനെ നേരിടാനുളള ധൈര്യവും അനുഭവസമ്പത്തും എനിക്കുണ്ട്. ദേവസ്വം കമ്മിഷണർ എന്ന നിലയിലുണ്ടായിരുന്ന എന്റെ അനുഭവവും പരിചയവും നന്മക്കായി പ്രയോജനപ്പെടുത്താനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കസേരയിലിരുന്ന് രാഷ്ട്രീയം സംസാരിക്കില്ല.- എൻ.വാസു പറഞ്ഞു .

Advertisment