അച്ഛനും മകനും പിന്നാലെ കുടുംബത്തലില്‍ ബാക്കിയുണ്ടായിരുന്ന അമ്മയും മകനും കൂടി മരിച്ചു; ഉറങ്ങിക്കിടന്ന ഭാര്യയുടെയും മക്കളുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം ഗൃഹനാഥന്‍ സ്വയം തീകൊളുത്തിയതെന്ന് സംശയം; ഞെട്ടൽ മാറാതെ നാട്ടുകാർ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, February 26, 2021

നാദാപുരം: നാദാപുരത്ത് വീടിനകത്തു പൊള്ളലേറ്റു ഗുരുതരനിലയിൽ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തിൽ ബാക്കിയുണ്ടായിരുന്ന ഭാര്യയും മകനും കൂടി മരിച്ചു. ഗൃഹനാഥൻ രാജുവും മറ്റൊരു മകനും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.

ചെക്യാട് കായലോട്ടുതാഴെയിലെ താഴെകീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന (40), ഇളയ മകൻ സ്റ്റെഫിൻ (14) എന്നിവരാണ് ഇന്നലെ മരിച്ചത്. രാജു (45) ചൊവ്വാഴ്ചയും മൂത്ത മകൻ സ്റ്റാലിഷ് (17) ബുധനാഴ്ചയും മരിച്ചിരുന്നു. ഇരുവരുടെയും സംസ്കാരം ബുധനാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇന്നലെ രാവിലെ റീനയുടെയും വൈകിട്ട് സ്റ്റെഫിന്റെയും മരണം.

വീടിനകത്തു കിടന്നുറങ്ങുകയായിരുന്ന റീനയുടെയും മക്കളുടെയും ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീവച്ച ശേഷം രാജു സ്വയം തീ കൊളുത്തിയതാണെന്നാണു പൊലീസ് നിഗമനം. കുടുംബത്തിന്റെ അപ്രതീക്ഷിതമായ ദുരന്തത്തിന്റെ ഞെട്ടലിലാണ് നാദാപുരത്തെ നാട്ടുകാർ.

ഒമാനിലായിരുന്ന രാജു ഒരു വർഷം മുൻപാണു ജോലി ഒഴിവാക്കി മടങ്ങിയെത്തിയത്. കണ്ണൂർ ജില്ലയിലെ തുവക്കുന്നിൽ നിന്നു കായലോട്ടുതാഴെയിൽ വീടു വച്ചു താമസിക്കുകയായിരുന്നു. കണ്ണൂർ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് സ്റ്റെഫിൻ. കണ്ണൂർ കടവത്തൂർ സ്വദേശിനിയാണു റീന. റീനയുടെ സഹോദരങ്ങൾ: ഹരീഷ്, രാജീവൻ, രജനി.

×