നാഗ്പുർ: ബ്രിട്ടനില്‍ നിന്ന് തിരികെയെത്തിയ നാഗ്പുർ സ്വദേശിയായ ഇരുപത്തിയെട്ടുകാരന് കൊറോണ വൈറസിന്റെ പുതിയ വകഭേദം ബാധിച്ചതായി സംശയം.
/sathyam/media/post_attachments/CjvpJwwRvqoPdLCGcjYZ.jpg)
നവംബർ 29നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഡിസംബർ 14ന് കോവിഡ് സ്ഥിരീകരിച്ചു.
വിമാനത്താവളത്തിൽ വച്ച് നടത്തിയ പരിശോധനയിൽ യുവാവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവായിരുന്നു. ഏഴ് ദിവസങ്ങൾക്കു ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്.
ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചതായി നാഗ്പുർ മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഇവരിൽനിന്നു ശേഖരിച്ച സ്രവ സാംപിളിലെ വൈറസിന്റെ ജനിതക ശ്രേണീകരണത്തിനുള്ള നടപടികളിലേക്കും കടന്നിട്ടുണ്ട്. യുകെയിൽ കണ്ടെത്തിയ വൈറസ് വകഭേദമാണോ ഇതെന്നു സ്ഥിരീകരിക്കാനാണിത്.
യുകെയിൽ സ്ഥിരീകരിച്ച അതിവ്യാപന ശേഷിയുള്ള വൈറസിനെ ഇതുവരെ ഇന്ത്യയിൽ എവിടെയും കണ്ടെത്താനായിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ബ്രിട്ടനിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇവരുടെയും സാംപിളിന്റെ ജനിതക ശ്രേണീകരണം നടക്കുകയാണ്.
യുകെയിൽ നിന്നോ യുകെ വഴിയോ ഡൽഹിയിലെത്തിയ 11 പേർ, അമൃത്‌സറിലെത്തിയ 8 പേർ, കൊൽക്കത്തയിലെത്തിയ 2 പേർ, ചെന്നൈയിലെത്തിയ ഒരാൾ എന്നിവർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. യുകെയിലേക്കു പോകുന്നതിനും വരുന്നതിനും ഇന്ത്യ നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. യൂറോപ്പിൽനിന്നും യുകെയിൽനിന്നും സമീപകാലത്ത് തിരികെയെത്തിയവരോട് പരിശോധനയ്ക്കു ഹാജരാകാൻ നാഗ്‌പുർ മുനിസിപ്പൽ കോർപറേഷൻ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ചിലർ പരിശോധനയ്ക്കു ഹാജരാവുകയും 15 ദിവസം മുൻപ് യുകെയിൽനിന്നു വന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സ്രവ സാംപിളും പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തെ മെഡിക്കൽ കോളജിലെ പ്രത്യേക വാർഡിൽ പാർപ്പിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങൾ ക്വാറന്റീനിലാണ്.