Advertisment

നജീബ് വെറുമൊരു പേരല്ല....!!വിധിയെ പുറകിലിരുത്തി വെറുമൊരു കാഴ്ച്ചക്കാരനാക്കിയ ചെറുപ്പക്കാരനാണത്....!!

author-image
സത്യം ഡെസ്ക്
Updated On
New Update

ഏതാണ്ട് എട്ടോ ഒമ്പതോ വർഷങ്ങൾക്കു മുമ്പ്.. നജീബിന്, 12വയസ് പ്രായമുള്ള സമയം...

അന്ന് സ്കൂള് വിട്ട് വീട്ടിലേക്ക് ഓടുന്ന എട്ടാംക്ലാസുകാരന്‍റെ കൈകള്‍ ഇരുമ്പ് ഡെസ്കില്‍ വല്ലാത്ത ശക്തിയില്‍ ഇടിക്കുന്നു...

വേദനകൊണ്ട് അവന്‍റെ മുഖവും കണ്ണും ചുരുങ്ങുന്നു...

വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ നേരെ ഹോസ്പിറ്റലില്‍...

ചെറിയൊരു ചതവുണ്ട് എല്ലിന് എന്ന് മാത്രം...

കുറച്ചധികം റെസ്റ്റ് വേണ്ടി വരും..... വീട്ടിലിരിക്കുന്നത് ശീലമില്ലാത്ത അവന് അതൊരു തോല്‍വിയായിരുന്നു....

Advertisment

publive-image

അങ്ങനെ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്കൂളില്‍ വന്നു തുടങ്ങുന്നു...

ഇടക്കൊക്കെ കഠിനമായ വേദന കൈവിരല് മുതല് ഉപ്പൂറ്റിവരെ അരിച്ചു കയറുന്നു... കൈകള്‍ക്ക് തളര്‍ച്ച ബാധിക്കുന്നു....

നോവിന്‍റെ നീറ്റല് അവനെ വരിഞ്ഞ് മുറുക്കുന്നു...

നേരെ നാട്ടിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക്...

കൈകളില്‍ സ്റ്റീല് പിടിപ്പിക്കേണ്ടിവരുന്നു....

ആറുമാസങ്ങള്‍ക്ക് ശേഷം സ്റ്റീല് ഒഴിവാക്കാന്‍ ചെല്ലുമ്പോള്‍ എക്സറേ എടുക്കുന്നു...

അപ്പോഴാണ്‌ അറിയുന്നത് എല്ലുകള്‍ വീണ്ടും വീണ്ടും വളരുകയാണ്...

മാരകമായ വേദനക്ക് എല്ലുവളര്‍ച്ച കാരണമാകുന്നു....

സാമ്പത്തികമായി അത്രയേറെ ബുദ്ധിമുട്ടുള്ള കുടുംബം അവന്‍റെ വേദനക്ക് സൊല്യൂഷന്‍ കാണാന്‍ നിറയെ ഹോസ്പിറ്റലുകളില്‍ കയറിയിറങ്ങേണ്ടി വരുന്നു....

ആ ചെറു പ്രായത്തില്‍ തന്നെ നാലോളം സര്‍ജറികള്‍ തന്‍റെ കൈകളുടെ റൂഹിന് നല്‍കേണ്ടി വരുന്നു... വേദനക്ക് പുറമേ വേദന തിന്ന്‍ അവനതിനും പ്രതീക്ഷയോടെ കരുത്ത് പകരുന്നു..

അവന്‍റെ ഉപ്പ.... ആ മനുഷ്യന്‍റെ മുഴുവന്‍ ശക്തിയും സമ്പാദ്യവും അവനുവേണ്ടി,.. അവനിലേക്കുള്ള ഓട്ടം പാച്ചിലുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു...

നിര്‍ഭാഗ്യം അവനെ വേട്ടയാടുന്നു....

ഒടുവിലാണ് ഡോക്ഡേര്‍സ് അങ്ങനെയൊരു സൊല്യൂഷന്‍ സജസ്റ്റ് ചെയ്യുന്നത്...

അവന്‍റെ വേദനക്ക് അറുതി കാണാന്‍ അതാണ്‌ വഴി....

ഇടത് കൈ മുറിച്ചു കളയുക.....!!

യാ റബ്ബ്....

publive-image

അത് വായിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഇടത് കൈകൾ ഒന്ന്‍ നോക്കുക.... വിറക്കാതെ അതവിടെയുണ്ടെന്ന് കണ്ണുകള്‍ കൊണ്ടും ഖല്‍ബുകള്‍ കൊണ്ടും അടയാളം വെക്കുക...

എന്നിട്ട് നജീബിനെ ഓര്‍ക്കുക....

കൈകളില്ലാതെ ഈ ലോകത്തെത്തിയവനല്ല അവന്‍.... ലോകത്തെത്തി കൈകളുടെ വേഗതയും കഴിവും ഫുട്ബോള്‍ കളിക്കുമ്പോള്‍ ഓടുന്ന നേരം വേഗതക്ക് കരുത്ത് നല്‍കിയും ശരീരത്തോട് ചേര്‍ന്ന്‍ കിടന്ന ഇടതുകൈകള്‍ അങ്ങനെ അവനില്‍ നിന്ന്‍ മുറിക്കപ്പെടുന്നു....!!

വലതുകൈകളിലേക്ക് സ്വപ്നങ്ങളെ,... കാഴ്ചകളെ ചുരുക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്‍....

അംഗവൈകല്യം എന്നൊരു വാക്കിലേക്ക് പോലും ചേര്‍ന്ന്‍ നില്‍ക്കാതെ,...

നന്നായി ഫുട്ബോള്‍ കളിച്ചും മനോഹരമായി വരച്ചും.... പഠിച്ചും ഒരു സാധാരണ മനുഷ്യന്‍റെ അസാധാരണമാം വിധമുള്ള എല്ലാ ക്വാളിറ്റിയും അപ്പാടെ ആര്‍ജിച്ചെടുത്ത വലിയൊരു ഊര്‍ജം പ്രവാഹിക്കുന്ന ആല്‍മരം പോലെ നജീബ് ഹൃദയങ്ങളിലേക്ക് വേരൂന്നി....!!

ഒറ്റക്കയ്യനായി അവനൊരു ദയയും അര്‍ഹിക്കാതെ ഇരട്ട കയ്യന്മാരുടെ കഴിവുകളെ പുറകിലാക്കി മുന്നിലോടി...

അവന് കുറവുകളെ ഇല്ല എന്ന് നാട് പറഞ്ഞു.... പലപ്പോഴും മറ്റുള്ള മാതാപിതാക്കളെക്കാള്‍ നജീബിന്‍റെ മാതാപിതാക്കള്‍ അവനെക്കൊണ്ട്‌ അഭിമാനം കൊണ്ടു...!!

ബികോം വരെ പഠനം നല്ലരീതിയിൽ തന്നെ പൂർത്തിയാക്കായി... ഒരൊറ്റ കൈകൊണ്ട് രണ്ട് കൈകള്‍ക്ക് അസാധ്യമായത് മുഴുവന്‍ അവന്‍ ചെയ്ത് കണ്ടു.. വിധിയെ പുറകിലിരുത്തി ബൈക്ക് ഓടിച്ചു പുന്നയൂരിലൂടെ പോകുന്ന നജീബിനെ,.. അവനെ മനോഹരമായി അറിയുന്നവര്‍ക്ക് ബഹുമാനത്തോടെയും സന്തോഷത്തോടെയുമല്ലാതെ നോക്കിക്കാണാന്‍ കഴിയില്ലതന്നെ....!!

ഇന്നവന് ഒരു ജോലിയുടെ കുറവുണ്ട്...

അവന്‍റെ സ്വപ്നങ്ങളുടെ നീണ്ട പട്ടികയിലേക്ക് അങ്ങനെയൊരു കുറവ് നികത്താനുള്ള ഓട്ടം പാച്ചിലിലാണ് ഇന്നവന്‍....

നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദയാവായ്പല്ലാതെ അവന് അനുയോജ്യമായ ജോലി നല്‍കി സഹായിക്കാന്‍ കഴിയുമെങ്കില്‍ അതൊരു വലിയ നന്മയാകും എന്നേ പറയാന്‍ ഒക്കൂ....

കഴിവ് കൊണ്ട് അവന്‍ അത്രയെങ്കിലും അര്‍ഹിക്കുന്നുമുണ്ട്....

നിങ്ങളുടെ ദൈവത്തിന് നിങ്ങള്‍ക്കൊരു നന്ദി പറയാനുള്ള മഹത്തായ ഉദാഹരണവും കാഴ്ചയുമാണ് നജീബിന്‍റെ ജീവിതം...!

ഇല്ലാത്തതിനെപറ്റി വ്യാകുലപ്പെട്ട് മനോഹരമായ ഒരു ജീവിതത്തെ ശപിക്കുന്നവര്‍ക്കുള്ള രസകരമായ പാഠപുസ്തകമാണ് നജീബ്...!!

തെക്കേ പുന്നയൂർ അഷ്റഫ്-ഫാത്തിമ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് നജീബ് ( മൂത്ത സഹോദരി നജ്മ, ഇളയ സഹോദരി ഫൗസിയ)...

അവനെ അറിയുന്ന ഞങ്ങള്‍ക്ക് അവനെന്ന വലിയ പ്രചോദനത്തേപറ്റി പറയാതെ എങ്ങനെയാണ് ലോകത്തെ മറ്റുള്ള ഇന്‍സ്പിരേഷന്‍ കഥകള്‍ പറയാനൊക്കുക..

കണ്മുന്നിലുള്ള അത്ഭുതം കാണാതെ,.. ഞങ്ങളെങ്ങനെയാണ് കാണാത്ത അത്ഭുതങ്ങളെപറ്റി പറയുക....

ഇത് പച്ചയായ ജീവിതമാണ്.... നിങ്ങളുടെ പ്രാര്‍ഥനകളില്‍ കഴിയുമെങ്കില്‍ ഒരിടം മതിയവന്.... സഹതാപമോ ദയാവായ്പോ ആഗ്രഹിക്കുന്ന ക്ലീഷേ ചെറുപ്പക്കാരനല്ല നജീബ്.... അവന്‍റെ നേട്ടങ്ങള്‍ അവന് ആരും സ്വര്‍ണ്ണത്തളികയില്‍ വിളമ്പിക്കൊടുത്തതല്ല... പൊരുതി നേടിയതാണ്... അതോണ്ട് ഇച്ചിരി പവറുണ്ട് അതിന്... അത്രയേറെ കഷ്ടപ്പാടും....!!

നജീബ് വെറുമൊരു പേരല്ല....!!

വിധിയെ പുറകിലിരുത്തി വെറുമൊരു കാഴ്ച്ചക്കാരനാക്കിയ ചെറുപ്പക്കാരനാണത്....!!

najeeb
Advertisment