കിസാൻ കതോറെയെ ബിജെപി പിൻവലിച്ചു ; മഹാ വികാസ് അഘാഡി സ്ഥാനാർഥി നാനാ പഠോളെ മഹാരാഷ്ട്ര സ്പീക്കർ !

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, December 1, 2019

മുംബൈ :  കോൺഗ്രസിന്റെ നാനാ പഠോളെ (56) മഹാരാഷ്ട്ര സ്പീക്കർ. എതിർ സ്ഥാനാർഥിയായിരുന്ന ബിജെപിയിലെ കിസാൻ കതോറെയെ ബിജെപി പിൻവലിച്ചതോടെയാണ് മഹാ വികാസ് അഘാഡി സ്ഥാനാർഥിയായ പഠോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നാലു തവണ എംഎൽഎ ആയ പഠോളെ ഇത്തവണ വിദർഭയിലെ സകോളി മണ്ഡലത്തിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മുമ്പ് കോൺഗ്രസിലായിരുന്ന അദ്ദേഹം 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ‌ ചേരുകയും എംപിയാകുകയും ചെയ്തിരുന്നു. എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ അട്ടിമറിച്ചായിരുന്നു ജയം.

പിന്നീട്, പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കർഷകവിരുദ്ധ നിലപാടുകളാണെന്ന് ആരോപിച്ച് എംപി സ്ഥാനവും ബിജെപി അംഗത്വവും രാജിവച്ചു കോൺഗ്രസിൽ തിരിച്ചെത്തി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഗ്പുരിൽ നിതിൻ ഗഡ്കരിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി. ശക്തമായ മൽസരം കാഴ്ചവച്ചു.

 

×