എന്റെ പിതാവ് ഇന്ത്യക്കാരനാണ്. മാതാവ് ഇംഗ്ലിഷുകാരിയും. രണ്ടു വശത്തുനിന്നും പരിഹാസമുണ്ടായിരുന്നു; ക്രിക്കറ്റ് കളത്തിൽ സജീവമായിരുന്ന കാലത്തും അതിനു മുൻപും വംശീയാധിക്ഷേപത്തിന് ഇരയായ സംഭവം വിവരിച്ച് ഇംഗ്ലണ്ട് മുൻ നായകൻ നാസർ ഹുസൈൻ

സ്പോര്‍ട്സ് ഡസ്ക്
Friday, July 10, 2020

ക്രിക്കറ്റ് കളത്തിൽ സജീവമായിരുന്ന കാലത്തും അതിനു മുൻപും വംശീയാധിക്ഷേപത്തിന് ഇരയായ സംഭവം വിവരിച്ച് ഇംഗ്ലണ്ട് മുൻ നായകൻ നാസർ ഹുസൈൻ. തന്റെ പേരിന്റെ ഒരു ഭാഗം ആധാരമാക്കിയായിരുന്നു അധിക്ഷേപമെന്ന് നാസർ ഹുസൈൻ വെളിപ്പെടുത്തി. ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനുമായി ബന്ധപ്പെടുത്തിയായിരുന്നു അധിക്ഷേപം. ഇംഗ്ലണ്ട് മുൻ നായകനായ നാസർ ഹുസൈന്റെ പിതാവ് ഇന്ത്യക്കാരനാണ്. മാതാവ് ഇംഗ്ലിഷുകാരിയും.

‘പശ്ചിമ ലണ്ടിനിലെ സൗത്ത് സസക്സിൽ വളർന്ന കാലത്ത് സർ നെയിം വച്ച് ഞാൻ പലപ്പോഴും വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. എന്റെ പിതാവ് ഇന്ത്യക്കാരനാണ്. മാതാവ് ഇംഗ്ലിഷുകാരിയും. രണ്ടു വശത്തുനിന്നും പരിഹാസമുണ്ടായിരുന്നു’ – ഹുസൈൻ വെളിപ്പെടുത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ഞാൻ അധിക്ഷേപിക്കപ്പെട്ടിരുന്നു. ‘ഇവൻ സദ്ദാമാണ്, എന്തുകൊണ്ടാണ് വന്ന സ്ഥലത്തേക്കുതന്നെ മടങ്ങാത്തത്’ എന്നായിരുന്നു ആരാധകരുടെ ചോദ്യം. മൈക്കലും എബോണിയും അനുഭവിച്ചത് വച്ചു നോക്കുമ്പോൾ ഇതു കുറവാണ്’ – നാസർ ഹുസൈൻ പറഞ്ഞു.

ക്കറ്റിലെ വംശീയാധിക്ഷേപത്തിനെതിരായ ക്യാംപയിനിൽ ഭാഗഭാക്കാകുന്ന എല്ലാ കളിക്കാരെയും ബ്രോഡ്കാസ്റ്റർമാരെയും ഹുസൈൻ അഭിനന്ദിച്ചു. കോവിഡിനു പിന്നാലെ ആദ്യമായി നടക്കുന്ന ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയുടെ ആദ്യ ദിനം അംപയർമാരും ഇരു ടീമുകളിലെയും താരങ്ങളും ഉൾപ്പെടെയുള്ളവർ മുട്ടുകുത്തിനിന്ന് വംശീയാധിക്ഷേപത്തിനെതിരെ ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്നെഴുതിയ ബാഡ്ജും ധരിച്ചു. ഈ സാഹചര്യത്തിലാണ് ഹുസൈന്റെ അഭിനന്ദനം.

‘ഇനിയും ഇത്തരം അധിക്ഷേപങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആളുകൾ ജാഗ്രത പുലർത്തണം. ഫുട്ബോളിലും ഗ്രാൻപ്രിയിലുമെല്ലാം നാം ഇതു കണ്ടു മടുത്തതല്ലേ? ഇത് ക്രിക്കറ്റാണ്. നമ്മുടെ സ്വന്തം കളി. നമ്മൾ കറുത്തവംശജരായ കളിക്കാർക്കൊപ്പവും അവർക്കെതിരെയും കളിക്കാറുണ്ട്. കറുത്ത വർഗക്കാരായ കമന്റേറ്റർമാർക്കൊപ്പം നാം ജോലി ചെയ്യുന്നുണ്ട്. അവരും ക്രിക്കറ്റ് കളിക്കുകയും അതിനായി വളരെയധികം സംഭാവനകൾ നൽകുകയും ചെയ്തവരാണ്’ – ഹുസൈൻ ചൂണ്ടിക്കാട്ടി.

×