ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ മുൻ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്തു.
ഖുഷ്ബുവിനും തമിഴ്നാട് ഗവർണർ ആർ.എസ്. രവിക്കുമെതിരായ കൃഷ്ണമൂർത്തിയുടെ പരാമർശങ്ങൾ വൻ വിവാദമായിരുന്നു. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് കൊടുംഗായൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി മറ്റ് നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
നേരത്തെ, ഖുശ്ബുവിനെതിരായ പരാമർശങ്ങളുടെ പേരിൽ കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഗവർണർക്കെതിരായ പരാമർശത്തിന് ജനുവരിയിൽ ഇയാളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
‘‘ഡിഎംകെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുന്നവരുടെ താവളമായി മാറിയെന്ന് ഖുശ്ബു പ്രതികരിച്ചു. പതിവായി അവഹേളനം നടത്തുന്നയാളാണ് ഇയാൾ. ഇത്തരത്തിലുള്ള നിരവധി ആളുകളാണ് ഡിഎംകെയിലുള്ളത്. സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നവർക്കാണ് ഡിഎംകെ അവസരങ്ങൾ നൽകുന്നത്’’– ഖുശ്ബു പ്രതികരിച്ചു.