തമിഴ്നാട്ടിൽ പൊതുസ്ഥലത്ത് തമ്മിൽതല്ലി എംപിയും മന്ത്രിയും. എംപി എത്തുന്നതിന് മുമ്പ് മന്ത്രി അവാർഡ് ദാനം നടത്തി. പിന്നാലെ ഇരുവരും ഏറ്റുമുട്ടി. വാക്കേറ്റം തണുപ്പിക്കാനെത്തിയ മലയാളി കളക്ടറെ തള്ളി താഴെയിട്ടു. ഒടുവിൽ എംപിയുടെ പി.എ അറസ്റ്റിൽ!

New Update

publive-image

ചെന്നൈ: തമിഴ്നാട്ടിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടി മന്ത്രിയും എം പിയും. ഇരുവരും പങ്കെടുത്ത ചടങ്ങിനിടെ മലയാളിയായ ജില്ലാ കളക്ടറേയും കയ്യേറ്റം ചെയ്തു.

Advertisment

തമിഴ്നാട് പിന്നോക്കക്ഷേമ മന്ത്രി ആർ എസ് രാജകണ്ണപ്പനും മുസ്‌ലിം ലീഗ് എം പി നവാസ് കനിയും പങ്കെടുത്ത ചടങ്ങിനിടെയാണ് രാമനാഥപുരം കളക്ടർ ‌ബി വിഷ്ണുചന്ദ്രനെ തള്ളി താഴെയിട്ടത്. സംഭവത്തിൽ എം പിയുടെ പി എ വിജയ് രാമുവിനെ അറസ്റ്റ് ചെയ്തു. നിശ്ചയിച്ചതിലും 15 മിനിറ്റ് നേരത്തേ പരിപാടി തുടങ്ങിയത് സംബന്ധിച്ച തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.

ചീഫ് മിനിസ്റ്റേഴ്സ് കായികമേളയിലെ വിജയികൾക്ക് രാമനാഥപുരം ജില്ലാ ഭരണകൂടം സമ്മാനം നൽകുന്നതായിരുന്നു പരിപാടി. ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി മന്ത്രി എത്തിയതോടെ 2.45ന് ആരംഭിച്ചു.

3 മണിയോടെ എത്തിയ എംപി ഇക്കാര്യത്തിലുള്ള പരിഭവം അധികൃതരെ അറിയിച്ചു. എം പിയോട് ശാന്തനാകാൻ മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇരുവിഭാഗം പ്രവർത്തകർ‌ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് കളക്ടറെ പിടിച്ചു തള്ളുകയും അദ്ദേഹം താഴെ വീഴുകയും ചെയ്തത്.

തിരുവനന്തപുരം സ്വദേശിയായ വിഷ്ണു ചന്ദ്രൻ കഴിഞ്ഞ മാസമാണ് രാമനാഥപുരം കളക്ടറായി ചുമതലയേറ്റത്. ജില്ലാ കളക്ടറെ തള്ളിയിട്ടതിനെ തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ അപലപിച്ചു. എല്ലാത്തരത്തിലും ഡിഎംകെ ഭരണം ജനാധിപത്യവിരുദ്ധമാണെന്നും അണ്ണാമലൈ ട്വീറ്റ് ചെയ്തു.

Advertisment