/sathyam/media/post_attachments/kXVAwyBfJkWkv6MdEWpQ.jpg)
ഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ ഏക സിവിൽകോഡ് നടപ്പാക്കാൻ കേന്ദ്രം നീക്കം തുടങ്ങി. ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ ഏകസിവിൽ കോഡ് നടപ്പാക്കാനുറച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതിനുള്ല ബിൽ അടുത്ത സഭാ സമ്മേളനത്തിൽ കൊണ്ടുവന്നേക്കും.
രണ്ടുതരം വ്യവസ്ഥകളുമായി രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്നും ഏക സിവിൽ കോഡ് നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും മധ്യപ്രദേശിലെ ഭോപ്പാലിൽ ബൂത്ത്തല പ്രവർത്തരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഏക സിവിൽ കോഡിനെ എതിർക്കുന്ന മുസ്ളീം സമുദായത്തിന് സർക്കാർ നടപ്പാക്കിയ മുത്തലാക്ക് നിരോധനം ഗുണം ചെയ്‌തെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഒരു വീട്ടിൽ ഒരു കുടുംബാംഗത്തിനായി ഒരു നിയമവും മറ്റൊരാൾക്കായി മറ്റൊരു നിയമവും എങ്ങനെ സാദ്ധ്യമാകും. ഒന്നിലധികം നിയമങ്ങളുമായി വീട് പുലരില്ല. അതുപോലെ രണ്ടു തരം വ്യവസ്ഥകളുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാനാകും? ഇന്ത്യയിലെ ഭരണഘടന എല്ലാവർക്കും തുല്ല്യ അവകാശം ഉറപ്പാക്കുന്നുണ്ട്. ഏകസിവിൽ കോഡ് കൊണ്ടുവരാൻ സുപ്രീംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരിലാണ് ചിലർ ഏകസിവിൽകോഡിനെ എതിർക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
തങ്ങൾക്ക് മേൽ മുസ്ളീം വിരോധം ആരോപിക്കുന്നവർ അവർക്കായി എന്തു ചെയ്‌തു. അവരോട് സ്നേഹമുണ്ടായിരുന്നെങ്കിൽ മുസ്ളീം സഹോദരങ്ങൾ വിദ്യാഭ്യാസത്തിലും തൊഴിലിലും പിന്നാക്കമാകില്ലായിരുന്നു. ദുരന്ത ജീവിതം നയിക്കില്ലായിരുന്നു. വോട്ട്ബാങ്ക് ലക്ഷ്യമിടുന്നവർ മുസ്ളീം വിഭാഗത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കുന്നില്ല.
സ്വന്തം ആളുകളാണ് അവരെ ഈ ഗതിയിലാക്കിയത്. എന്നാൽ എല്ലാവർക്കും വികസനം ഉറപ്പാക്കുകയാണ് ബി.ജെ.പി. വോട്ടുബാങ്കിനായി മുത്തലാക്കിനെ അനുകൂലിച്ചവർ മുസ്ളീം പെൺകുട്ടികളോട് അനീതി കാട്ടി. മുത്തലാക്ക് പെൺകുട്ടികൾക്ക് മാത്രമല്ല, അവരുടെ കുടുംബത്തിനും ദുരിതാനുഭങ്ങൾ നൽകി. മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളും മുത്തലാഖ് റദ്ദാക്കി.
താൻ കഴിഞ്ഞ ദിവസം സന്ദർശിച്ച 90 ശതമാനം മുസ്ളീം സുന്നികളുള്ള ഈജിപ്‌തിൽ 80 വർഷം മുൻപേ മുത്തലാക്ക് നിർത്തലാക്കി. മുത്തലാക്ക് ഇസ്ളാമിൽ അനിവാര്യമാണെങ്കിൽ എന്തുകൊണ്ട് പാകിസ്ഥാൻ ,ഇന്തോനേഷ്യ, ഖത്തർ, ജോർദാൻ, സിറിയ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഇല്ലെന്നും മോദി ചോദിച്ചു. മുത്തലാക്ക് ദുരിതം അവസാനിപ്പിച്ച സന്തോഷത്തിൽ അനേകം മുസ്ളീം സഹോദരിമാർ ബി.ജെ.പിക്കൊപ്പം അണിചേർന്നിട്ടുണ്ട്. മുത്തലാക്കിനെ ചില രാഷ്‌ട്രീയ കക്ഷികൾ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗപ്പെടുത്തുന്നത് ഇന്ത്യയിലെ മുസ്ളീം സഹോദരങ്ങളും മനസിലാക്കണം.
മത, ലിംഗ, ജാതി വ്യത്യാസമില്ലാതെ വ്യക്തി നിയമം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാക്കുന്നതാണ് ഏക സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തി വിഷയങ്ങൾക്ക് കോഡ് നിർണായകമാകും. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ദേശീയ ലോ കമ്മിഷൻ പൊതുജനങ്ങളിൽ നിന്നും, മതസംഘടനകളിൽ നിന്നും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, ആശയങ്ങളും തേടിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us