ഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ടീസ്ത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിയാണ് ടീസ്തയ്ക്ക് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
രാത്രി 9.15നു പ്രത്യേക സിറ്റിങ് നടത്തിയാണ് പരമോന്നത കോടതി ടീസ്തയ്ക്ക് ജാമ്യം നൽകിയത്. ജസ്റ്റിസുമാരായ ബിആർ ഗവായ്, എഎസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അടിയന്തര വാദം കേട്ടത്. ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്താണ് സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയിരിക്കുന്നത്.
നേരത്തെ ഹർജി പരിഗണിച്ചപ്പോൾ സുപ്രീം കോടതിയുടെ രണ്ട് അംഗ ബെഞ്ചില്‍ ഭിന്നതയുണ്ടായിരുന്നു. ടീസ്തയ്ക്ക് ജാമ്യം നല്‍കണമെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അഭയ് എസ് ഓക നിലപാട് സ്വീകരിച്ചു. എന്നാല്‍ ബെഞ്ചിലെ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര ഇതിനോട് വിയോജിച്ചു. ഇതോടെ ജാമ്യം തേടിയുള്ള ടീസ്തയുടെ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.
ഹൈക്കോടതിയുടെ സമീപനത്തെ രൂക്ഷമായാണ് സുപ്രീം കോടതി വിമർശിച്ചത്. ഹൈക്കോടതി നടപടി അത്ഭുതപ്പെടുത്തുന്നതാണെന്നു കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ജാമ്യം അനുവദിച്ച വിഷയത്തിൽ ഒരു ഹൈക്കോടതി കയറി ഇടപെടുന്നത് വളരെ തെറ്റായ നീക്കമാണെന്ന് ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീം കോടതി ടീസ്തയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. പൂർണമായ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായാണ് ടീസ്ത പിന്നീട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യം നൽകാതെ ഉടൻ കീഴടങ്ങനായിരുന്നു കോടതി നിർദ്ദേശം. ഈ നടപടിയെയാണ് കോടതി വിമർശിച്ചത്.
ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത വാദങ്ങളാണ് സുപ്രീം കോടതിയിൽ അരങ്ങേറിയത്. ഗുജറത്തു സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.