ബാംഗ്ലൂരിൽ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ടെക്കികളുടെ മരണകാരണം വ്യക്തമായില്ല. വിവാഹത്തെ ബന്ധുക്കൾ എതിർത്തെന്ന വാദം തെറ്റെന്ന് റിപ്പോർട്ട്

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Monday, December 2, 2019

ബാംഗ്ലൂർ:  ആനേക്കലിലെ വനത്തിനുള്ളിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയ ബന്ധുക്കൾക്ക് കൈമാറി. മരിച്ചത് പാലക്കാട് മണ്ണാർക്കാട് അഗളി മോഹന്റെ മകൻ അഭിജിത് (25), തൃശൂർ ആലമറ്റം കുണ്ടൂർ ചിറ്റേത്തുപറമ്പിൽ സുരേഷിന്റെ മകൾ ശ്രീലക്ഷ്മി (21) എന്നിവരാണെന്നു തിരിച്ചറിഞ്ഞിരുന്നു.

ഇരുവരും ഇലക്ട്രോണിക് സിറ്റിയിലെ ടി സി എസ് സോഫ്റ്റ്വെയർ കമ്പനി ജീവനക്കാരായിരുന്നു. ശ്രീലക്ഷ്മി 6 മാസം മുമ്പാണ് ടി സി എസിൽ ചേർന്നത്. ശ്രീലക്ഷ്മിയുടെ ടീ൦ ലീഡറായിരുന്നു അഭിജിത്.

ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർ എതിര് നിന്നതാണ് ഇവരുടെ മരണത്തിന് കാരണമെന്ന വാദം ശ്രീലക്ഷ്മിയുടെ കുടുംബം തള്ളിയിട്ടുണ്ട്. മാത്രമല്ല, മരണത്തിന് മുമ്പ് ശ്രീലക്ഷ്മി അവസാനമായി വിളിച്ചത് ബന്ധുവിന്റെ ഫോണിലേക്കായിരുന്നെന്ന വാദവും ബന്ധുക്കൾ തള്ളി.

40 ദിവസം മുമ്പ് ഇലക്ട്രോണിക് സിറ്റിയിലെ താമസ സ്ഥലത്ത് നിന്ന് ഇവരെ കാണാതായതിന് പിന്നാലെ ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും ഫയൽ ചെയ്തിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഇരുവരുടെയും മൃതദേഹങ്ങൾ ജീർണ്ണിച്ച നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്.

മൃതദേഹങ്ങൾക്ക് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ എന്ന് ഹെബ്ബഗോഡി പോലീസ് പറയുന്നു.

×