ആദ്യം വിശ്വാസ്യതയും ആത്മാര്‍ഥതയും ശക്തിയും സ്വയം തെളിയിക്കുക, അതിനുശേഷം മാത്രം സ്ഥാനമാനങ്ങള്‍ - തുഷാര്‍ വെള്ളാപ്പള്ളിക്ക് ബിജെപി ദേശീയ ഘടകത്തിന്റെ താക്കീത് ഇങ്ങനെ ! ബിഡിജെഎസ് പിന്തുണ ഒരിടത്ത് എസ്എന്‍ഡിപി പിന്തുണ വേറൊരിടത്ത് എന്ന ഇരുതല രാഷ്ട്രീയംകൊണ്ട് ബിജെപിക്ക് നേട്ടമില്ലെന്ന് വിലയിരുത്തല്‍ !

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി:  കേരളത്തില്‍ ഉടന്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ സംഘടനയുടെ ശക്തി തെളിയിക്കാതെ ബി ഡി ജെ എസിന് ഒരു സര്‍ക്കാര്‍ പദവിയും അനുവദിക്കേണ്ടതില്ലെന്ന് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം കഴിഞ്ഞ ദിവസം ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലെത്തിയ തുഷാര്‍ വെള്ളാപ്പള്ളിയെ നേതൃത്വം അറിയിച്ചു കഴിഞ്ഞു.

Advertisment

ബി ഡി ജെ എസ് ആദ്യം തങ്ങളുടെ വിശ്വാസ്യതയും കൂറും ആത്മാര്‍ഥതയും ശക്തിയും തെളിയിക്കുക, അതിനുശേഷം മാത്രം സര്‍ക്കാര്‍ പദവികള്‍ എന്ന തീരുമാനമാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി തുഷാറിനെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്താനാണ് തുഷാര്‍ എത്തിയതെങ്കിലും ഇരുവരും ബി ഡി ജെ എസ് അധ്യക്ഷന് കൂടിക്കാഴ്ച അനുവദിച്ചില്ല.

publive-image

ബി ഡി ജെ എസ് ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമായ ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്, പിന്നീട് നടന്ന ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകള്‍, ഒടുവില്‍ നടന്ന പാലാ ഉപതെരഞ്ഞെടുപ്പ് എന്നിവയിലെ ബി ജെ പി - ബി ഡി ജെ എസ് വോട്ടിംഗ് നിലവാരം വിശദമായി വിലയിരുത്തിയ ശേഷമായിരുന്നു സംഘടനാ ചുമതലയുള്ള സെക്രട്ടറി ബി എല്‍ സന്തോഷ്‌ തുഷാറുമായി ചര്‍ച്ച നടത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ പാലാ ഉപതെരഞ്ഞെടുപ്പ് വരെയുള്ള വോട്ടിംഗ് നിലവാരം പരിശോധിച്ചത് മുതല്‍ ബി ഡി ജെ എസിന്റെ ശക്തിക്കനുസരിച്ചുള്ള വോട്ടുകള്‍ എന്‍ ഡി എയ്ക്ക് ലഭിച്ചിട്ടില്ലെന്ന വിലയിരുത്തല്‍ ബി ജെ പി നേതാക്കള്‍ ബി ഡി ജെ എസിനെ അറിയിച്ചിട്ടുണ്ട്.

ബി ഡി ജെ എസിന്റെ വോട്ട് വിഹിതം സംബന്ധിച്ച് ബി ജെ പി സംസ്ഥാന ഘടകവും വിശദമായ റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ബി ഡി ജെ എസിന്റെയും എസ് എന്‍ ഡി പിയുടെയും അണികള്‍ ഒന്നുതന്നെയാണെന്നും തെരഞ്ഞെടുപ്പുകളില്‍ ബി ഡി ജെ എസും എസ് എന്‍ ഡി പിയും വ്യത്യസ്തങ്ങളായ നിലപാടുകള്‍ സ്വീകരിക്കുന്നതുകൊണ്ട് ഈഴവ വോട്ടുകളില്‍ ബഹുഭൂരിപക്ഷവും എസ് എന്‍ ഡി പി എന്ന പേരില്‍ എന്‍ ഡി എയിലേക്ക് പുറത്തേക്കാണ് പോകുന്നതെന്നും സംസ്ഥാന നേതൃത്വം ദേശീയ ഘടകത്തെ അറിയിച്ചിട്ടുണ്ട്. അത് ശരിതന്നെയെന്ന വിലയിരുത്തലാണ് ദേശീയ നേതൃത്വത്തിനും.

അതിനാല്‍ തന്നെ മുന്നണി പ്രവേശന സമയത്തെ ധാരണ പ്രകാരമുള്ള വോട്ട് വിഹിതം ബി ഡി ജെ എസില്‍ നിന്നും എന്‍ ഡി എയുടെ പെട്ടിയില്‍ വീഴാതെ ഇനി ഇവര്‍ക്ക് സര്‍ക്കാര്‍ സ്ഥാനമാനങ്ങള്‍ നല്‍കാന്‍ ബി ജെ പി ഒരുക്കമല്ലെന്നാണ് സൂചന. അതായത് അച്ഛന്‍ എസ് എന്‍ ഡി പിയുമായി ഇടത് ചേരിയിലും മകന്‍ ബി ഡി ജെ എസ് എന്ന നിലയില്‍ ഒരു നിഴല്‍ സംഘടനയായി ബി ജെ പിയിലും ചേര്‍ന്ന് നിന്നുകൊണ്ടുള്ള ഇരുതല രാഷ്ട്രീയം ഇനി വകവച്ചുകൊടുക്കേണ്ടതില്ലെന്നാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ കര്‍ശന നിലപാട്.

ഈ സാഹചര്യത്തില്‍ എന്‍ ഡി എയില്‍ തുടരണമെങ്കില്‍ ആസന്നമായ ഉപതെരഞ്ഞെടുപ്പുകളില്‍ ബി ഡി ജെ എസിന്റെ ശക്തി തെളിയിച്ചുകൊടുക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി നിര്‍ബന്ധിതനാകുകയാണ്. എറണാകുളം ഒഴികെ വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം, അരൂര്‍ എന്നീ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ബി ജെ പിയും ബി ഡി ജെ എസും തുല്യ ശക്തികളാണ്.

ഈ 4 മണ്ഡലങ്ങളിലും ഈഴവ വോട്ടുവിഹിതം ശക്തിക്കനുസരിച്ച് വര്‍ദ്ധിപ്പിക്കാന്‍ ബി ഡി ജെ എസ് നിര്‍ബന്ധിതരാകുകയാണ്. അതല്ല, എന്‍ ഡി എ വിടുകയാണെങ്കില്‍ അതിനു മറ്റ്‌ ചില പ്രതിബന്ധങ്ങള്‍ വെള്ളാപ്പള്ളി കുടുംബത്തിനുണ്ട്.

Advertisment