Advertisment

അമിത്ഷായുടെ സർവ്വേയിൽ വൻ മുന്നേറ്റം ! കെ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന പ്രസിഡന്റാകും. പ്രഖ്യാപനം ഉടൻ, കുമ്മനം ദേശീയ വൈസ് പ്രസിഡന്റായേക്കും !

author-image
ജെ സി ജോസഫ്
New Update

ഡൽഹി:  കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി ബി ജെ പി കേരള ഘടകത്തിന്റെ പുനഃസംഘടന ഉടൻ പ്രഖ്യാപിച്ചേക്കും. മുൻ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെ ദേശീയ വൈസ് പ്രെസിഡന്റാക്കാനും ധാരണയുണ്ട്.

Advertisment

മുൻ സംസ്ഥാന അധ്യക്ഷന്മാരിൽ പ്രമുഖനായ പി കെ കൃഷ്ണദാസിനെ ദേശീയ നേതൃത്വത്തിൽ കൊണ്ടുവന്ന് സംസ്ഥാന ചുമതല നൽകാൻ സാധ്യതയുണ്ട്.

publive-image

ആദ്യം സംസ്ഥാന പ്രെസിഡന്റിനെയും ഭാരവാഹികളെയും പ്രഖ്യാപിച്ചശേഷം ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനവും തൊട്ടുപിന്നാലെ ഉണ്ടാകും. ന്യൂനപക്ഷ നേതാക്കളെ പുനഃസംഘടനയിൽ പരിഗണിക്കും. കോട്ടയം ജില്ലാ പ്രെസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. നോബിൾ മാത്യുവിനെ നിയമിച്ചേക്കും.

സംസ്ഥാന പ്രെസിഡന്റിനെയും ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാനുള്ള അഭിപ്രായ സർവേ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ദേശീയ നേതൃത്വം നേരിട്ടെത്തി ജില്ലാ തലങ്ങളിൽ നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.

ഒരാളോട് രണ്ടു പേരുകൾ നിർദേശിക്കാനായിരുന്നു പറഞ്ഞിരുന്നത്. ആദ്യ പേര് ഒന്നാം വോട്ടും രണ്ടാം പേര് രണ്ടാം വോട്ടുമായി പരിഗണിക്കും. ഒന്നാം വോട്ടും രണ്ടാം വോട്ടുകളും കൂടി പരിഗണിച്ച ശേഷം ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ആളെ തെരഞ്ഞെടുക്കുന്നതാകും തീരുമാനം. ഗ്രൂപ്പ് താല്പര്യങ്ങൾ വെട്ടാനായിരുന്നു ഈ നിർദ്ദേശം.

സംസ്ഥാന പ്രെസിഡന്റ് സ്ഥാനത്തേക്ക് കെ സുരേന്ദ്രനാണ് മുൻ‌തൂക്കം. എ എൻ രാധാകൃഷ്ണന്റെ പേരും ഒരു വിഭാഗം മുന്നോട്ടുവച്ചിട്ടുണ്ട്. അവസാനം ആർ എസ് എസും രാധാകൃഷ്ണന്റെ പേരിന് അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ ദേശീയ നേതൃത്വം നടത്തിയ സർവേയിൽ വൻ ഭൂരിപക്ഷമാണ് സുരേന്ദ്രനുള്ളത്. മാത്രമല്ല, ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പിന്തുണയും സുരേന്ദ്രനാണ്. മുമ്പ് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിനായിട്ടായിരുന്നു കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി അമിത് ഷാ മാറ്റിയത്.

പക്ഷെ അന്ന് സംസ്ഥാനത്ത് നിന്ന് ശക്തമായ പടയൊരുക്കമായിരുന്നു സുരേന്ദ്രന് നേരെ ഉണ്ടായത്. അതോടെ സുരേന്ദ്രന്റെ പദവി തെറിച്ചു. പകരം പി എസ് ശ്രീധരൻപിള്ള വീണ്ടും പ്രസിഡന്റായി.

ഇപ്പോൾ ശ്രീധരൻപിള്ളയെ ഗവർണറാക്കി പ്രസിഡന്റ് പദവി ഒഴിച്ചിട്ടിരിക്കുന്നതും സുരേന്ദ്രന് വേണ്ടിയാണെന്നാണ് വിലയിരുത്തൽ. പാർട്ടിയുടെ പൊതു അഭിപായവും സുരേന്ദ്രന് അനുകൂലമാണ്.

ഈ സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്റെ പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. എ പി അബ്ദുള്ളക്കുട്ടി സംസ്ഥാന വൈസ് പ്രെസിഡന്റ് സ്ഥാനത്ത് തുടരും.

Advertisment