Advertisment

ദോശകൊണ്ട് ലോകമാകെ രുചിലോകത്ത് വിപ്ലവം സൃഷ്ടിച്ചെങ്കിലും ദോശയേക്കാള്‍ ജീവജ്യോതിയെ മോഹിച്ചപ്പോള്‍ താളപ്പിഴകളും തുടങ്ങി. ആരോഗ്യം അതീവഗുരുതരമെന്ന് കേണപേക്ഷിച്ചിട്ടും കോടതി കനിഞ്ഞില്ല. കീഴടങ്ങാനുള്ള കോടതിയുടെ അന്ത്യശാസനം അനുസരിച്ച് ജയിലില്‍ എത്തിയപ്പോള്‍ മുതല്‍ ജീവനും അപകടത്തിലായിരുന്നു. എല്ലാം ശരവണഭവന്‍ രാജഗോപാലിന്റെ തന്ത്രമെന്ന് മറ്റുള്ളവര്‍ പരിഹസിച്ചപ്പോഴും ജീവന് വേണ്ടി പൊരുതിയ രാജഗോപാലിന്റെ മരണവും നിയമയുദ്ധത്തിനൊടുവില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ:  അസാമാന്യമായ പ്രവര്‍ത്തന മികവും കഠിനാധ്വാനവുമായിരുന്നു ശരവണഭവന്‍ രാജഗോപാല്‍ എന്ന ദോശരാജാവിന്റെ വിജയമന്ത്രം.  അന്ധവിശ്വാസങ്ങളും അഹങ്കാരവും പണത്തിനും മീതെ രാജഗോപാലിനെ വലംവച്ചപ്പോള്‍ ലോകമാകെ പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യത്തിന്റെ തലതൊട്ടപ്പന് കാലിടറി. അത് 'അനിവാര്യമായ' പതനത്തിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിക്കുകയായിരുന്നു.

Advertisment

publive-image

അദ്ദേഹം അന്ധമായി വിശ്വസിച്ചിരുന്ന ജ്യോതിഷം പോലെ ഒരു തടവറ വാസവും ജാതകത്തില്‍ ഉണ്ടായിരുന്നതിനാലാകാം അതീവ ഗുരുതരമായ ആരോഗ്യാവസ്ഥയിലും ഓക്സിജന്‍ മാസ്കും ധരിച്ച് വീല്‍ചെയറില്‍ ജയിലിലെത്തുകയും ഒടുവില്‍ അവിടെ നിന്നും വെന്റിലേറ്ററിലേക്ക് മാറി അവിടെ വച്ച് ഇന്ന് ഇഹലോകവാസം തന്നെ അവസാനിപ്പിച്ച് യാത്രയാകുകയും ചെയ്തത്. ഇവിടെ നിയമം രാജഗോപാലിനെ തോല്പിച്ചോ രാജഗോപാല്‍ നിയമത്തെ തോല്പിച്ചോ എന്നതാണ് ഉയരുന്ന ചോദ്യങ്ങള്‍.

കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം രാജഗോപാല്‍ കോടതിയില്‍ കീഴടങ്ങുന്നത്. ആരോഗ്യം തീരെ മോശമാണെന്നും ചികിത്സ പൂര്‍ത്തിയാക്കുന്നത് വരെ കീഴടങ്ങാന്‍ സാവകാശം വേണമെന്നും രാജഗോപാല്‍ കോടതിയോട് കേണപേക്ഷിച്ചതാണ്. പക്ഷെ, കോടതി വഴങ്ങിയില്ല. വീല്‍ ചെയറില്‍ ഓക്സിജന്‍ മാസ്കും ധരിച്ച് പരിക്ഷീണനായി രാജഗോപാല്‍ ജയിലിലെത്തിയപ്പോള്‍ മാധ്യമങ്ങള്‍ പോലും പരിഹസിച്ചു.  എല്ലാം ദോശരാജാവിന്റെ തന്ത്രമാണെന്നായിരുന്നു പരിഹാസം.

publive-image

അദ്ദേഹം ചങ്ക് തുറന്നുകാട്ടാന്‍ തയാറായിരുന്നെങ്കിലും കേള്‍ക്കാന്‍ ഭരണകൂടമോ കോടതിയോ തയാറായില്ല. ഒടുവില്‍ ഭയമില്ലാത്ത നിയമവ്യവസ്ഥയ്ക്ക് മുമ്പില്‍ രാജഗോപാല്‍ 'രക്തസാക്ഷിയായി' !

മതിയായ ചികിത്സയ്ക്ക് ശേഷം കീഴടങ്ങാനുള്ള സാവകാശം കോടതി അനുവദിച്ചിരുന്നെങ്കില്‍, എന്തെല്ലാം കൊള്ളരുതായ്മകള്‍ ഉണ്ടായിരുന്ന ആളായിരുന്നുവെങ്കിലും രാജ്യം കണ്ട ഒരു 'അസാമാന്യ പ്രതിഭയെ' നമുക്ക് നഷ്ടപ്പെടുമായിരുന്നില്ല.

അനാരോഗ്യത്തെക്കുറിച്ച് രാജഗോപാല്‍ ഉന്നയിച്ച വാദങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ജയിലിലെ അനുഭവം. ജയിലില്‍ വച്ച് തളര്‍ച്ച അനുഭവപ്പെട്ട രാജഗോപാലിനെ ഇവിടെ നിന്നും സ്റ്റാന്‍ലി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തെ മികച്ച ഒരു സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് അനുവദിക്കണമെന്ന മകന്‍ ശരവണന്റെ ഹര്‍ജി കോടതിയിലെത്തിയപ്പോഴേക്കും രാജഗോപാലിന്റെ അവസ്ഥ അതീവ ഗുരുതരമാകുകയും അദ്ദേഹം വെന്റിലേറ്ററിലാകുകയും ചെയ്തിരുന്നു.

publive-image

വടപളനിയിലെ വിജയ ആശുപത്രിയിലോ സിംസ് മെഡിക്കല്‍ സെന്ററിലോ ചികിത്സ ലഭ്യമാക്കാനായിരുന്നു കുടുംബത്തിന്റെ നീക്കം. കോടതി അതിന് അനുമതി നല്‍കിയപ്പോഴേക്കും രാജഗോപാലിനെ വെന്റിലെറ്ററില്‍ നിന്നും മാറ്റാനുള്ള സാവകാശമില്ലെന്നു അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ദോശകൊണ്ട് പാചകലോകത്ത് വിപ്ലവം സൃഷ്ടിച്ച അതികായന്റെ വിയോഗം.

രാജഗോപാല്‍ പടുത്തുയര്‍ത്തിയ ശരവണഭവന്റെ ചെന്നൈ ശാഖയിലെ അസിസ്റ്റന്റ്റ് മാനേജര്‍ ആയിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലായിരുന്നു രാജഗോപാലിന് ചെന്നൈ ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

publive-image

2 ഭാര്യമാര്‍ ഉള്ള രാജഗോപാല്‍ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ ആഗ്രഹിച്ചിരുന്നു. ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ രാജഗോപാലിന്റെ ജീവിതത്തില്‍ വീണ്ടും വലിയ മുന്നേറ്റവും സാമ്പത്തിക ലാഭവും ഉണ്ടാക്കാന്‍ കഴിയുമെന്ന ജ്യോതിഷിയുടെ ഉപദേശപ്രകാരമായിരുന്നു ഈ നീക്കമെന്ന് പ്രചരിപ്പിക്കപ്പെട്ടു.  എന്നാല്‍ രാജഗോപാലിന്റെ ഭാര്യയാകാന്‍ വിസമ്മതിച്ച ജീവജ്യോതി 1999 ല്‍ പ്രിന്‍സ് ശാന്തകുമാറിനെ വിവാഹം കഴിക്കുകയായിരുന്നു.

എന്നാല്‍ വിവാഹ ശേഷവും ജീവജ്യോതിയുടെ മേല്‍ രാജഗോപാലിന്റെ സമ്മര്‍ദ്ദം തുടര്‍ന്നു.  ശാന്തകുമാറുമായുള്ള ബന്ധം വേര്‍പെടുത്തണം എന്നാവശ്യപ്പെട്ട് ഇദ്ദേഹം പലതവണ ജീവജ്യോതിയെ ഭീഷണിപ്പെടുത്തി. ഭീഷണി അതിരുവിട്ടപ്പോള്‍ 2001 ല്‍ ജീവജ്യോതിയും ശാന്തകുമാറും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

publive-image

എന്നാല്‍ പരാതി കൊടുത്ത രണ്ടാം ദിവസം മുതല്‍ ശാന്തകുമാറിനെ കാണാതായി. ഒടുവില്‍ കൊടൈക്കനാലിലെ വനമേഖലയില്‍ നിന്നായിരുന്നു ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.  ഈ കേസില്‍ ചെന്നൈ വിചാരണ കോടതി പത്ത് വര്‍ഷം കഠിന തടവാണ് രാജഗോപാലിന് വിധിച്ചത്. ഇതിനെതിരെ രാജഗോപാല്‍ അപ്പീല്‍ പോയെങ്കിലും 2004 ല്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവായി ഉയര്‍ത്തുകയാണ് ചെയ്തത്.  രാജഗോപാലിനൊപ്പം കൃത്യത്തില്‍ പങ്കെടുത്ത മറ്റ്‌ അഞ്ച് പേരെയും കോടതി ശിക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു രാജഗോപാല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അതോടെ ശരവണഭവന്‍ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അടിത്തറയും ഇളകിത്തുടങ്ങി. പിന്നീട് കേസും കോടതിയും നിയമയുദ്ധങ്ങളും ആയിട്ടുള്ളതായിരുന്നു രാജഗോപാലിന്റെ ഇന്നലെ വരെയുള്ള ജീവിതം.

18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജഗോപാലിന്റെ വിധി ശരിവച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടായത്. ജീവപര്യന്തം തടവെന്ന ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതിയും ശരിവച്ചതോടെ രാജഗോപാലിന്റെ മുന്നില്‍ തടവറയല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ ഒന്നും അവശേഷിച്ചില്ല.

 

 

 

saravanabhavan
Advertisment