ഡല്‍ഹി: സോണിയാ ഗാന്ധി പുതിയ കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടെന്ന വാര്‍ത്തകള്‍ ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകര്‍ക്ക് ഏറെ ആശ്വാസമായി മാറിയിരിക്കുകയാണ്.
പകരം പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്ന പേരുകളൊന്നും മോത്തിലാല്‍ മൊറ മുതല്‍ താഴെത്തട്ടിലുള്ള നേതാക്കള്‍ വരെയുള്ളവര്‍ക്ക് സ്വീകാര്യമായി മാറാതിരുന്നതോടെയാണ് പ്രസിഡന്റ് പദവി വീണ്ടും കറങ്ങിത്തിരിഞ്ഞ് സോണിയാ ഗാന്ധിയില്‍ തന്നെയെത്തിയത്. ഇതോടെ പാര്‍ട്ടിയിലെ സീനിയര്‍, ജൂണിയര്‍ ഗ്രൂപ്പുകള്‍ മുതല്‍ എല്ലാ വിഭാഗങ്ങള്‍ക്കും ആശങ്ക ഒഴിഞ്ഞ് ആശ്വാസമായി.
ചേരിതിരിഞ്ഞ് നേതാക്കള്‍ കളംനിറഞ്ഞപ്പോള്‍ സോണിയ തന്നെ രക്ഷകയായി
ഒരു സാഹചര്യത്തിലും ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ പദവിയിലേക്കില്ലെന്ന് രാഹുല്‍ ഗാന്ധി വാശിപിടിച്ചതോടെയാണ് പകരക്കാരിലേക്ക് ചര്‍ച്ചകള്‍ നീണ്ടത്. പകരക്കാരായി നിര്‍ദ്ദേശിക്കപ്പെടുന്ന നേതാക്കളൊഴികെ ആരും അത്തരമൊരു നീക്കത്തില്‍ തൃപ്തരായിരുന്നില്ല.
പക്ഷെ, പകരക്കാര്‍ ചേരിതിരിഞ്ഞ് പദവി പിടിക്കാന്‍ ഗ്രൂപ്പ് നീക്കം ശക്തമാക്കിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. മല്ലികാര്‍ജ്ജുന ഗാര്‍ഖെ, സുശീല്‍കുമാര്‍ ഷിന്‍ഡേ, മുകുള്‍ വാസ്നിക് എന്നിവരായിരുന്നു പ്രസിഡന്റ് പദവി ലക്ഷ്യമാക്കി അണിയറ നീക്കങ്ങള്‍ ശക്തമാക്കിയത്. ഇവര്‍ക്ക് പിന്നില്‍ ഓരോരുത്തരുടെയും അടുപ്പക്കാരായ നേതാക്കളും അണിനിരന്നു.
രാഹുല്‍ ഗാന്ധിക്ക് താല്പര്യം സുശീല്‍കുമാര്‍ ഷിന്‍ഡേയോടായിരുന്നു. അതേസമയം, സോണിയാ ഗാന്ധിയുടെ 10 ജനപഥ് ഗ്രൂപ്പിന്റെ ഭാഗമായ അഹമ്മദ് പട്ടേല്‍ അടക്കമുള്ളവര്‍ മുകുള്‍ വാസ്നിക്കിനായി കരുക്കള്‍ നീക്കി. ഗാര്‍ഖെയ്ക്ക് വേണ്ടി നില്‍ക്കാന്‍ നേതാക്കള്‍ കുറവായിരുന്നു.
ഒടുവില്‍ മുകുള്‍ വാസ്നിക് ഗ്രൂപ്പ് നീക്കങ്ങളില്‍ അല്‍പ്പം മേല്‍ക്കൈ നേടിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്കും രാഹുല്‍ ടീമിന്റെ ഭാഗമായ ജൂണിയര്‍ വിഭാഗത്തിനും അതൊന്നും സ്വീകാര്യമായില്ല. ഒടുവില്‍ പ്രവര്‍ത്തക സമിതിക്ക് തൊട്ടുമുന്‍പായി അഹമ്മദ് പട്ടേല്‍, ഗുലാംനബി ആസാദ്, അശോക് ഗെലോട്ട് തുടങ്ങിയവരൊക്കെ ചേര്‍ന്നുനടത്തിയ നീക്കമാണ് രാഹുലിന്റെ എതിര്‍പ്പ് മറികടന്നും കസേര സോണിയയില്‍ എത്തിച്ചത്.
സോണിയാ ഗാന്ധി സമ്മതം മൂളിയതോടെ എല്ലാവരിലും ആശ്വാസമായി. ഒടുവില്‍ രാഹുല്‍ ഗാന്ധിയും പദവി ഏറ്റെടുക്കാന്‍ അമ്മയ്ക്ക് അനുവാദം നല്‍കി.
പഴയ താപ്പാനകള്‍ തെറിക്കും ! യുവനിര നയിക്കും !
സോണിയാ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്തതോടെ അത്യുത്സാഹത്തിലായ ഒരുപാട് നേതാക്കളുണ്ട് കോണ്‍ഗ്രസില്‍. എ കെ ആന്റണി, അഹമ്മദ് പട്ടേല്‍ മുതല്‍ കെ വി തോമസ് വരെ നീളുന്നവര്‍ ആ പട്ടികയിലുണ്ട്. പക്ഷെ, അവര്‍ ആശ്വസിക്കാന്‍ വരട്ടെ എന്ന് തന്നെയാണ് എ ഐ സി സി ആസ്ഥാനത്ത് നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍.
പദവി ഏറ്റെടുത്തെങ്കിലും സോണിയാ ഗാന്ധി ഒന്നിലും ഇടപെടാനില്ലെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. പകരം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ രാഹുല്‍ തന്നെ നിയന്ത്രിക്കും. രാഹുല്‍ ടീമിനായിരിക്കും പാര്‍ട്ടിയുടെ നിയന്ത്രണം. സംഘടനാ ചുമതല കെ സി വേണുഗോപാലില്‍ തന്നെ നിലനിര്‍ത്തി പാര്‍ട്ടിയെ അടിമുടി അഴിച്ചുപണിയാനാണ് രാഹുലിന്റെ നീക്കം.
ഇതോടെ ഇപ്പോള്‍ ആശ്വസിക്കുന്ന നേതാക്കളില്‍ പലരും തെറിക്കാന്‍ തന്നെയാണ് സാധ്യത. 2004 മുതല്‍ 2019 വരെ നിര്‍ണ്ണായക പദവികളിലിരുന്നും യു പി എ സര്‍ക്കാരില്‍ പദവികള്‍ അലങ്കാരമായി കൊണ്ടുനടന്ന് പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നും അകന്നുനിന്ന നേതാക്കളെ ഓരോരുത്തരെയായി മാറ്റിനിര്‍ത്തുക തന്നെയാണ് രാഹുലിന്റെ നീക്കം.
ഇത്തരക്കാര്‍ക്ക് ഇനി പാര്‍ട്ടിയില്‍ ഒരു റോളും ഉണ്ടാകില്ല. പകരം പ്രതിബദ്ധതയുള്ള നേതാക്കളുടെ പുതിയ ടീം സൃഷ്ടിക്കാനാകും രാഹുല്‍ ഗാന്ധി ശ്രമിക്കുക. പാര്‍ട്ടിക്ക് വേണ്ടി ഓടിനടന്ന് അധ്വാനിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള കെ സി വേണുഗോപാല്‍ മോഡല്‍ നേതൃനിരയാണ് രാഹുല്‍ ഗാന്ധി ലക്‌ഷ്യം വയ്ക്കുന്നത്. 2 വര്‍ഷത്തിനുള്ളില്‍ ഈ പുനസംഘടന യാഥാര്‍ത്ഥ്യമാക്കി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് രാഹുലിന്റെ ആലോചന. ഇതിനായി ഓപ്പറേഷന്‍ 2024 ന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് രാഹുല്‍.