Advertisment

മോഡി, അമിത് ഷാ, യോഗി - താരപ്രചാരകർ ! 13 മുഖ്യമന്ത്രിമാരും 50 കേന്ദ്രമന്ത്രിമാരും 250 എം പിമാരും - 70 നിയമസഭാ മണ്ഡലങ്ങളിൽ നിറഞ്ഞാടിയ ബിജെപി താരപ്രചാരകരെ മൂലയ്ക്കിരുത്തി കേജരിവാൾ അടിച്ചുമാറ്റിയത് 17 % അധിക ബി ജെ പി വോട്ടുകൾ ! ഒപ്പം മോഡിയ്ക്കും അമിത് ഷായ്ക്കും നേർക്കുനേർ നിന്ന് പൊരുതാൻ പോന്ന ഒരു ശത്രു സൃഷ്ടിക്കപ്പെട്ടിരിക്കുന്നു ? 'ഡൽഹി' ദേശീയ രാഷ്ട്രീയത്തിനും പുതിയ ഗുണപാഠം !

New Update

ഡൽഹി:  സദ്ഭരണത്തിനും വികസനത്തിനും മുമ്പിൽ വിദ്വേഷ, വിഭജന രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നതിന്റെ തെളിവാണ് ഡൽഹിയിൽ എ എ പിയുടെ രണ്ടാം വരവ്.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എന്നീ ബി ജെ പിയുടെ താരപ്രചാരകരും 13 മുഖ്യമന്ത്രിമാരും 250 എം പിമാരും അമ്പതിലേറെ കേന്ദ്രമന്ത്രിമാരും നിറഞ്ഞുനിന്ന് പ്രചാരണം നയിച്ചിട്ടും ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഒരു രോമത്തിനു പോലും പോറലേറ്റില്ല.

publive-image

രണ്ടുതവണ ഇന്ത്യ മുഴുവൻ പിടിച്ചടക്കിയ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങൾക്കും വെറും 70 നിയമസഭാ സീറ്റുകളിലേക്ക് മുന്നൂറിലേറെ കേന്ദ്ര നേതാക്കളെ ഇറക്കി നടത്തിയ മിന്നുന്ന പ്രചാരണങ്ങൾക്കുമൊന്നും ഡൽഹി ജനതയുടെ മനസിളക്കാൻ സാധിച്ചില്ല.

ഡൽഹിയിൽ തോറ്റു എന്നുമാത്രമല്ല, ഈ പ്രചാരണ കോലാഹലങ്ങൾ വഴി നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിട്ടെതിർക്കാൻ കെൽപ്പുള്ള ഒരു പുതിയ ദേശീയ നേതാവിനെ സൃഷ്ടിക്കുക കൂടി ചെയ്തിരിക്കുകയാണ് 'ഡൽഹി'.

ദേശീയ രാഷ്ട്രീയത്തിന് സമകാലിക ചരിത്രം സമ്മാനിച്ച ഏറ്റവും പുതിയ ഗുണപാഠം കൂടിയാണ് പുതിയ ഡൽഹിയും കേജരിവാളെന്ന നേതാവും !

പതിറ്റാണ്ടുകൾ രാഷ്ട്രീയം കളിച്ച മുതിർന്ന നേതാക്കളൊക്കെ കണ്ടുപഠിക്കേണ്ട തന്ത്രജ്ഞതയാണ് തെരഞ്ഞെടുപ്പ് വേളയിലും കെജ്രിവാൾ പുറത്തെടുത്തത്.

പൗരത്വ വിഷയത്തിൽ ഷാഹിൻ ബാഗിലെ സമരത്തിന്റെ പേരിൽ മുതലെടുപ്പ് നടത്താൻ ബി ജെ പി കിണഞ്ഞു ശ്രമിച്ചിട്ടും അവിടം സന്ദർശിക്കാതെ എന്നാൽ അവരെ ഒപ്പം നിർത്തി കേജരിവാൾ ഒഴിഞ്ഞുമാറി.

publive-image

കോൺഗ്രസിനേയും നരേന്ദ്ര മോഡിയെയും കടന്നാക്രമിക്കാൻ ശ്രമിച്ചില്ല. കാരണം അവരുടെ അണികളും തനിക്ക് വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണ്, അവരെ പിണക്കണ്ട എന്നദ്ദേഹം തീരുമാനിച്ചു. ഫലമോ, മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് കിട്ടിയതിൽ നിന്നും 17% വോട്ടുകൾ അദ്ദേഹം എ എ പിയുടെ പെട്ടിയിൽ വീഴ്ത്തി.

കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ 4 % വോട്ടുകളും എ എ പി നേടി. കോൺഗ്രസിന്റെ പെട്ടിയിൽ ബാക്കി അൽപ്പം ചില്ലറ ശതമാനക്കണക്കുകൾ മാത്രം.

ബി ജെ പിയെ സംബന്ധിച്ച് ഈ തോൽവി വരാനിരിക്കുന്ന വലിയ പരാജയങ്ങൾക്കുള്ള 'ആപ്പടിക്കലായി' വിലയിരുത്താം. മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവയ്ക്ക് പിന്നാലെ ഇപ്പോൾ ഡൽഹിയും തോൽവി സമ്മതിച്ചു.

ഇനി ബീഹാറിലാണ് അടുത്ത അങ്കം. മോഡി - അമിത് ഷാ കൂട്ടുകെട്ടിന്റെ തോൽവി തുടർക്കഥയായി മാറാൻ തുടങ്ങിയതോടെ അത് 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ നീളുമോ എന്ന് കാത്തിരുന്നു കാണണം.

അപ്പോഴേക്കും മോഡിയുടെ പ്രധാന ശത്രുവായി കേജരിവാൾ മാറുമോ എന്നതും മറ്റൊരു ചോദ്യമാണ്, സംഭവിക്കാൻ സാധ്യതയുള്ള ചോദ്യം !

Advertisment